ചെന്നൈയ്ക്കെതിരെ രാജസ്ഥാന് നാലു വിക്കറ്റ് ജയം; പ്ലേഓഫ് സാധ്യത നിലനിർത്തി

ജയ്പുർ∙ ഭാഗ്യവേദി, പിങ്ക് ജഴ്സി, ജോസ് ബട്‌ലറുടെ തകർപ്പൻ ഇന്നിങ്സ്– ഈ മൂന്നു ചേരുവകളും അനുകൂലമായപ്പോൾ ഐപിഎല്ലിലെ നിർണായക മൽസരത്തിൽ ചെന്നൈയ്ക്കെതിരെ രാജസ്ഥാന് നാലു വിക്കറ്റ് ജയം. സ്കോർ ചെന്നൈ 20 ഓവറിൽ 176–4, രാജസ്ഥാൻ 19.5 ഓവറിൽ 177–6. മറ്റു ബാറ്റ്സ്മാൻമാരിൽനിന്നു കാര്യമായ പിന്തുണ ഉണ്ടായില്ലെങ്കിലും

May 12, 2018 - 19:59
 0
ചെന്നൈയ്ക്കെതിരെ രാജസ്ഥാന് നാലു വിക്കറ്റ് ജയം; പ്ലേഓഫ് സാധ്യത നിലനിർത്തി

ജയ്പുർ∙ ഭാഗ്യവേദി, പിങ്ക് ജഴ്സി, ജോസ് ബട്‌ലറുടെ തകർപ്പൻ ഇന്നിങ്സ്– ഈ മൂന്നു ചേരുവകളും അനുകൂലമായപ്പോൾ ഐപിഎല്ലിലെ നിർണായക മൽസരത്തിൽ ചെന്നൈയ്ക്കെതിരെ രാജസ്ഥാന് നാലു വിക്കറ്റ് ജയം. സ്കോർ ചെന്നൈ 20 ഓവറിൽ 176–4, രാജസ്ഥാൻ 19.5 ഓവറിൽ 177–6. മറ്റു ബാറ്റ്സ്മാൻമാരിൽനിന്നു കാര്യമായ പിന്തുണ ഉണ്ടായില്ലെങ്കിലും 95 റൺസോടെ പുറത്താകാതെനിന്ന ബട്‌ലറുടെ മനഃസ്സാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ് രാജസ്ഥാനു മൽസരം ജയിക്കാനായത്. ജയത്തോടെ രാജസ്ഥാൻ പ്ലേഓഫ് പ്രതീക്ഷ നിലനിർത്തി.


ഡ്വെയ്ൻ ബ്രാവോ എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ 12 റൺസാണ് രാജസ്ഥാനു വേണ്ടിയിരുന്നത്. സ്ട്രൈക്ക് എടുത്ത ബട്‌ലർക്ക് ആദ്യ പന്തിൽ റണ്ണൊന്നും നേടാനായില്ല. രണ്ടാം പന്തിൽ രണ്ടു റൺസ്, ബട്‌ലർ എഡ്ജ് ചെയ്ത മൂന്നാം പന്ത് വായുവിൽ ഏറെനേരം ഉയർന്നുപൊങ്ങി.ക്യാച്ചെന്ന് കാണികൾ ഉറപ്പിച്ച നിമിഷം! എന്നാൽ ബോളിങ് ഫോളോത്രൂവിൽ ബാലൻസ് നഷ്ടമായി ബ്രാവോ നിലത്തുവീണതിനാൽ ക്യാച്ചിനു ശ്രമിക്കാൻ പോലുമായില്ല.


പന്ത് സുരക്ഷിതമായി ഗ്രൗണ്ടിലേക്ക്; ഇതിനിടെ ബട്‌ലർ രണ്ടുറൺസ് കൂടി പൂർത്തിയാക്കി. നാലാം പന്തിൽ സിക്സടിച്ച ‌ബട്‌ലർ അഞ്ചാം പന്തിൽ സിംഗിൾ നേടി. റണ്ണൗട്ട് ശ്രമം ഓവർത്രോയിൽ കലാശിച്ചതോടെ രണ്ടാം റൺസും മൽസരവും രാജസ്ഥാൻ സ്വന്തമാക്കി.


ടോസ് നേടി ബാറ്റിങിനിറങ്ങിയ ചെന്നൈക്ക് മികച്ച ടച്ചിലായിരുന്ന അമ്പാട്ടി റായിഡുവിനെ മൂന്നാം ഓവറിൽ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ഷെയ്ൻ വാട്സണും റെയ്നയും ഒന്നിച്ചതോടെ ചെന്നൈ സ്കോർ ബോർഡിൽ റണ്ണൊഴുക്കു തുടങ്ങി. മികച്ച സ്ട്രോക് പ്ലേയിലൂടെ റെയ്ന രാജസ്ഥാൻ ബോളർമാരെ വശം കെടുത്തിയപ്പോൾ പതിയെ തുടങ്ങിയ വാട്സണും ഇന്നിങ്സിൽ താളം കണ്ടെത്തി. 12–ാം ഓവറിൽ വാട്സണെ മടക്കിയത് ജോഫ്ര ആർച്ചറാണ് (സ്കോർ 105–2). 52 റണ്ണെടുത്ത റെയ്നയെ 13–ാം ഓവറിൽ ഇഷ് സോധിയും വീഴ്ത്തിയതോടെ ഇന്നിങ്സ് ഫിനിഷ് ചെയ്യേണ്ട ഉത്തരവാദിത്തം ഒരിക്കൽക്കൂടി ധോണിയുടെ തോളിലായി. എന്നാൽ പിന്നീടുള്ള ഓവറുകളിൽ രാജസ്ഥാൻ ബോളർമാർ കണിശതയോടെ പന്തെറിഞ്ഞതോടെ വമ്പൻ സ്കോർ പ്രതീക്ഷിച്ച ചെന്നൈയുടെ ഇന്നിങ്സ് 176ൽ ഒതുങ്ങി.

What's Your Reaction?

like

dislike

love

funny

angry

sad

wow