പാലക്കാട് സമാന്തര ടെലഫോൺ എക്സ്ചേഞ്ച്: മുഖ്യപ്രതി കോഴിക്കോട് സ്വദേശി മൊയ്തീൻകോയ അറസ്റ്റിൽ

Sep 20, 2021 - 16:16
 0

സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച്  കേസിലെ മുഖ്യപ്രതി കോഴിക്കോട് മൊയ്തീന്‍ കോയ അറസ്റ്റില്‍.കോഴിക്കോട് നല്ലളത്ത് വെച്ചാണ് പ്രതിയെ പാലക്കാട് നോര്‍ത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.സെപ്റ്റംബര്‍ 14 ന് രാത്രിയാണ് പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ ഷോപ്പിംഗ് കോംപ്ലക്‌സിലെ കടമുറിയില്‍ പ്രവര്‍ത്തിച്ചിരുന്ന സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിവന്നത് പോലീസ് കണ്ടെത്തുന്നത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട് സ്വദേശി മൊയ്തീന്‍കോയയുടെ സ്ഥാപനമാണെന്ന് കണ്ടെത്തിയത്‌. മൊയ്തീന്‍ കോയ കഴിഞ്ഞ എട്ട് വര്‍ഷമായി മേട്ടുപ്പാളയം സ്ട്രീറ്റില്‍ ' കീര്‍ത്തി ആയുര്‍വേദിക് ' എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. സ്ഥാപനത്തിന്റെ പേരില്‍ 200 ഓളം സിം കാര്‍ഡുകളാണ് ഇയാള്‍ എടുത്തിട്ടുള്ളത്. ഇന്റര്‍ നാഷ്ണല്‍ ഫോണ്‍കോളുകള്‍ STD കോളുകളാക്കി മാറ്റം വരുത്തി തട്ടിപ്പ് നടത്തുന്ന ഇയാള്‍ക്ക് ബിഎസ്എൻഎൽ കോയ എന്ന ഇരട്ടപ്പേരുണ്ട്.

 

മൊയ്തീന്‍ കോയയുടെ മകന്‍ ഷറഫുദ്ദീന് ചേവായൂര്‍ പോലീസ് സ്റ്റേഷനിലും, സഹോദരന്‍ ഷബീറിന് കോഴിക്കോട് പോലീസ് സ്റ്റേഷനിലും സമാന രീതിയിലുള്ള കുറ്റകൃത്യം ചെയ്തതിന് കേസ്സുകള്‍ നിലവിലുണ്ട്. മൊയ്തീന്‍ കോയക്കെതിരെ രണ്ടു മാസം മുമ്പ് മലപ്പുറം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വണ്ടൂരിലുള്ള തനിമ ബയോവേദിക് എന്ന സ്ഥാപനത്തിന്റെ മറവില്‍ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിവന്നത് പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞു വരവെയാണ് പാലക്കാട് പോലീസിന്റെ പിടിയിലായത്. പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണ്. പാലക്കാട് ഡി വൈ എസ് പി ഹരിദാസിന്റെ നേതൃത്വത്തില്‍ വാളയാര്‍ ഇന്‍സ്‌പെക്ടര്‍ മുരളീധരന്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow