Covid-19 4th Wave: മഹാമാരി അവസാനിച്ചിട്ടില്ല, ജാഗ്രത അനിവാര്യം; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന മേധാവി
ലോകത്താകമാനം കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്.
കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ല എന്നും 50 ലധികം രാജ്യങ്ങളില്‍ കാണുന്ന വൈറസ് ബാധിതരുടെ വര്‍ദ്ധന ഈ വൈറസിന്‍റെ അസ്ഥിരത എടുത്തുകാണിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡ്-19 നിലവിലെ സാഹചര്യം വിശദീകരിയ്ക്കുന്നതിനായി ലോകാരോഗ്യ സംഘടന നടത്തിയ പത്രസമ്മേളനത്തിലായിരുന്നു അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.
ഒമിക്രോണ്‍, പ്രത്യേകിച്ച് BA.4, BA.5 എന്നിവ ദക്ഷിണാഫ്രിക്കയിലെ വൈറസ് ബാധയ്ക്ക് കാരണമാകുന്നു, അതേസമയം BA.2 ലോകമെമ്പാടും ഇപ്പോഴും പ്രബലമാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി.
'മുൻ തരംഗങ്ങളില്‍ കണ്ടതുപോലെ രോഗം തീവ്രമാകുന്ന അവസ്ഥയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യവും മരണങ്ങളും വേഗത്തിൽ കൂടുന്നില്ല. വാക്സിനേഷനും ജനങ്ങള്‍ ജാഗ്രത പാലിക്കുന്നതുമാണ് ഇതിന് കാരണം. എന്നാല്‍, വാക്സിനേഷൻ കവറേജ് കുറവുള്ള സ്ഥലങ്ങളിൽ ഇത് സംഭവിക്കുന്നില്ല', അദ്ദേഹം പറഞ്ഞു.
ഈ മഹാമാരി അവസാനിച്ചിട്ടില്ല, ജനങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് എല്ലാ ലോകനേതാക്കളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും പരിശോധനകൾ, ചികിത്സകൾ, വാക്സിനുകൾ എന്നിവ ലഭിക്കുന്നതിന് കൂട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മനുഷ്യജീവൻ രക്ഷിക്കാനും സമൂഹങ്ങളെയും ആരോഗ്യ സംവിധാനങ്ങളെയും സംരക്ഷിക്കാനും വൈറസിനെ പ്രതിരോധിക്കാനുമുള്ള ഏറ്റവും നല്ല മാർഗമാണ് വാക്സിനേഷനെന്ന് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു.
കൂടാതെ, രോഗം സുഖമായവര്‍ക്ക് ക്ഷീണം, ശ്വാസതടസ്സം എന്നിവ കൂടാതെ, ആശയക്കുഴപ്പം, മറവി എന്നിങ്ങനെ പലതരം മധ്യ-ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നു. കോവിഡ്-19-ന് ശേഷമുള്ള അവസ്ഥയുടെ ഭാഗമായി ചില ആളുകൾക്ക് മാനസിക പ്രത്യാഘാതങ്ങളും അനുഭവപ്പെടുന്നു. സർക്കാരുകൾ ഇത് ഗൗരവമായി കാണേണ്ടതും ഇത്തരം പ്രശ്നങ്ങള്‍ അഭിമുഖീകരിയ്ക്കുന്നവര്‍ക്ക് സംയോജിത പരിചരണവും മാനസിക സാമൂഹിക പിന്തുണയും രോഗബാധിതരായ രോഗികൾക്ക് അസുഖ അവധിയും നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു
What's Your Reaction?