പീഡന പരാതി വ്യാജം, സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകും; കുറ്റക്കാരെ വെളിച്ചത്ത് കൊണ്ടുവരും; ഉടന്‍ മാധ്യമങ്ങളെ കാണുമെന്ന് നിവിന്‍ പോളി

Sep 3, 2024 - 21:19
 0
പീഡന പരാതി വ്യാജം, സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകും; കുറ്റക്കാരെ വെളിച്ചത്ത് കൊണ്ടുവരും; ഉടന്‍ മാധ്യമങ്ങളെ കാണുമെന്ന് നിവിന്‍ പോളി

അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന യുവതിയുടെ ആരോപണം തള്ളി നടന്‍ നിവിന്‍ പോളി. തനിക്കെതിരെ യുവതി നല്‍കിയ പരാതി വ്യാജമാണ്. സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകും. കുറ്റക്കാരെ വെളിച്ചത്ത് കൊണ്ടുവരുമെന്നും അദേഹം പറഞ്ഞു. ഇത്തരം ആരോപണത്തിനെതിരെ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും അദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ഒന്‍പത് മണിക്ക് മാധ്യമങ്ങളെ കാണുമെന്നും നിവിന്‍ പോളി അറിയിച്ചു.

അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് നിവിന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

വിദേശത്ത് വെച്ച് പീഡിപ്പിച്ചുവെന്നാണ് നേര്യമംഗലം ഊന്നുകല്‍ സ്വദേശിയായ യുവതിയുടെ പരാതി. നിവിന്‍ പോളിക്കൊപ്പം മറ്റു ചിലരും പീഡിപ്പിച്ചുവെന്ന് പരാതിയിലുണ്ട്. കഴിഞ്ഞ ദിവസമാണ് യുവതി പരാതി നല്‍കിയത്. നിവിന്‍ പോളിയടക്കം ആറ് പേരാണ് പ്രതികള്‍. യുവതിയുടെ പരാതി സിനിമാ രംഗത്തെ ലൈംഗികാതിക്രമ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറും.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രമുഖ താരങ്ങള്‍ക്കെതിരെ നിരവധി വെളിപ്പെടുത്തലുകളുണ്ടായി. സിദ്ദിഖ്, ജയസൂര്യ, ഇടവേള ബാബു, രഞ്ജിത്, മുകേഷ് തുടങ്ങിയ താരങ്ങള്‍ക്കെതിരെ പുറത്തുവന്ന വെളിപ്പെടുത്തലുകല്‍ പൊലീസ് കേസെടുത്തിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മുതല്‍ പ്രമുഖ താരങ്ങള്‍ വരെ വെളിപ്പെടുത്തലുമായി രംഗത്തുവന്നുകൊണ്ടിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow