മരംമുറി; ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ പിൻവലിച്ചു; Chief Wildlife Warden സ്ഥാനത്ത് തുടരാൻ നിർദേശം

മുല്ലപ്പെരിയാർ ബേബി ഡാമിനോട് ചേർന്നുള്ള 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയത് വിവാദമായതിനെ തുടർന്നായിരുന്നു ബെന്നിച്ചൻ തോമസിനെ സസ്‌പെൻഡ് ചെയ്തത്

Dec 10, 2021 - 15:07
 0

മുല്ലപ്പെരിയാർ (Mullaperiyar) ബേബി ഡാമിന് (Baby Dam) സമീപമുള്ള 15 മരങ്ങൾ മുറിക്കാൻ ഉത്തരവിട്ട ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ (Chief Wildlife Warden) ബെന്നിച്ചൻ തോമസിന്റെ (Bennichan Thomas) സസ്പെൻഷൻ (suspension) പിൻവലിച്ചു. ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ സ്ഥാനത്ത് തന്നെ തുടരാമെന്ന് നിർദേശിച്ചുകൊണ്ട് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്. സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് നടപടി. ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സസ്‌പെൻഷൻ പിൻവലിച്ചതെന്നും സൂചനയുണ്ട്.

മരംമുറിക്ക് അനുമതി നൽകിയത് വിവാദമായതിനെ തുടർന്ന് നവംബർ 11 ന് ആയിരുന്നു ബെന്നിച്ചൻ തോമസിനെ സസ്‌പെൻഡ് ചെയ്തത്. മരംമുറിക്കാനുള്ള ഉത്തരവ് വിവാദമായതിനെ പിന്നാലെ ഈ തീരുമാനം മന്ത്രിസഭ റദ്ദാക്കിയിരുന്നു. മരങ്ങൾ മുറിക്കാത്ത സാഹചര്യത്തിലും അച്ചടക്കനടപടി എടുത്തതിനാലും സസ്പെൻഷൻ തുടരേണ്ടതില്ലെന്ന് സസ്പെൻഷൻ റിവ്യൂ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

മേലിൽ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വനംവകുപ്പ് മേധാവിയെയും സർക്കാരിനെയും അറിയിച്ച ശേഷമായിരിക്കണം എന്ന ഉപാധിയുടെ അടിസ്ഥാനത്തിലായിരുന്നു കമ്മിറ്റി സസ്‌പെൻഷൻ പിൻവലിക്കാനുള്ള ശുപാർശ നൽകിയത്.

നേരത്തെ ബെന്നിച്ചന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎഫ്എസ് അസോസിയേഷനും വനംവകുപ്പിലെ ഉദ്യോഗസ്ഥ സംഘനകളും സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. സിവില്‍ സര്‍വീസസ് അസോസിയേഷനും സമാന ആവശ്യം ഉന്നയിച്ചിരുന്നു.

സർക്കാർ അറിയാതെയാണ് മുല്ലപ്പെരിയാർ ബേബി ഡാമിനോട് ചേർന്നുള്ള 15 മരങ്ങൾ മുറിക്കാൻ ബെന്നിച്ചൻ തോമസ് അനുമതി നൽകിയതെന്നായിരുന്നു വിമർശനം ഉയർന്നത്. എന്നാൽ, സെക്രട്ടറിതല നിർദേശം ലഭിച്ചതിനെത്തുടർന്നായിരുന്നു അനുമതി നൽകിയതെന്നാണ് ബെന്നിച്ചൻ സർക്കാരിനോട് വിശദീകരിച്ചത്. ചീഫ് സെക്രട്ടറിയോട് ഉദ്യോഗസ്ഥ തലത്തിൽ അന്വേഷണം നടത്താൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചീഫ് സെക്രെട്ടറി നൽകിയ റിപ്പോർട്ടിൽ കാര്യമായ കണ്ടെത്തലുകളോ കുറ്റപ്പെടുത്തലുകളോ ഇല്ലെന്നാണ് സൂചന.

മരംമുറി ഉത്തരവ് വിവാദമായ സാഹചര്യത്തിൽ സർക്കാരിന്റെ മുഖം രക്ഷിക്കാനാണ് ബെന്നിച്ചൻ തോമസിനെ സസ്‌പെൻഡ് ചെയ്തതെന്നത് സാധൂകരിക്കുന്നതാണ് അതിവേഗമുള്ള ഈ തിരിച്ചെടുക്കൽ.

What's Your Reaction?

like

dislike

love

funny

angry

sad

wow