ലോകസഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വിധിയെഴുത്ത്;57 സീറ്റുകളില്‍ അതിശക്തമായ മത്സരം

Jun 1, 2024 - 09:18
 0
ലോകസഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വിധിയെഴുത്ത്;57 സീറ്റുകളില്‍ അതിശക്തമായ മത്സരം

ലോകസഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വിധിയെഴുത്ത് ആരംഭിച്ചു. ഏഴു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ ചണ്ഡിഗഡിലെയും 57 സീറ്റുകളിലാണ് ഇന്നു വോട്ടെടുപ്പ് ആരംഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹാട്രിക് വിജയം ലക്ഷ്യമിടുന്ന വാരാണസിയിലും വോട്ടെടുപ്പ് തുടങ്ങി.

പഞ്ചാബ് (13), യുപി (13), ബംഗാള്‍ (9), ബിഹാര്‍ (എട്ട്), ഒഡീഷ (ആറ്), ഹിമാചല്‍പ്രദേശ് (നാല്), ജാര്‍ഖണ്ഡ് (മൂന്ന്), ചണ്ഡിഗഡ് (ഒന്ന്) എന്നിങ്ങനെയാണ് ഏഴാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണം.

യുപിയിലും ബിഹാറിലും ബിജെപി സഖ്യത്തിന്റെ ശക്തികേന്ദ്രങ്ങളിലും ബംഗാളില്‍ തൃണമൂല്‍ കോട്ടകളിലുമാണ് വോട്ടെടുപ്പ്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗൊരഖ്പുരിലും ഇന്നാണ് വിധിയെഴുത്ത്. തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുന്ന ഇന്നു വൈകിട്ട് ആറിന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്‌സിറ്റ് പോള്‍ ചര്‍ച്ചകള്‍ ബഹിഷ്‌ക്കരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ദൃശ്യമാധ്യമങ്ങളില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ പങ്കെടുക്കില്ലെന്നാണ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന സൂചന. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. ടെലിവിഷനുകളുടെ റേറ്റിംഗ് കൂട്ടാനുള്ള പണിക്കില്ലെന്നും ജനവിധിയോട് പ്രതികരിക്കാമെന്നും പാര്‍ട്ടി വക്താവ് പവന്‍ ഖേര വ്യക്തമാക്കി.

പ്രതിപക്ഷത്തെ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച ഇന്ത്യ സഖ്യത്തെ നയിക്കുന്ന കോണ്‍ഗ്രസിന് അധികാരത്തിലെത്താനാവുമെന്ന പ്രതീക്ഷയുണ്ട്. അതേസമയം 400 സീറ്റോടെ അധികാരം പിടിക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. മൂന്നാം തവണയും എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് കര്‍ത്തവ്യ പഥില്‍ നടത്താന്‍ ആലോചനയുണ്ട്. സത്യപ്രതിജ്ഞ ചടങ്ങ് കര്‍ത്തവ്യ പഥില്‍ നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി താല്‍പര്യമറിയിച്ചിട്ടുണ്ട്. ജൂണ്‍ നാലിനാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരിക.

What's Your Reaction?

like

dislike

love

funny

angry

sad

wow