'ബിജെപിക്ക് 400 സീറ്റുകൾ ലഭിച്ചാൽ ഗ്യാൻവാപി മസ്ജിദിന്റെ സ്ഥാനത്തും മഥുരയിലും ക്ഷേത്രം പണിയും'; അസം മുഖ്യമന്ത്രി

May 15, 2024 - 13:59
May 15, 2024 - 14:22
 0
'ബിജെപിക്ക് 400 സീറ്റുകൾ ലഭിച്ചാൽ ഗ്യാൻവാപി മസ്ജിദിന്റെ സ്ഥാനത്തും മഥുരയിലും ക്ഷേത്രം പണിയും'; അസം മുഖ്യമന്ത്രി

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 400 സീറ്റുകൾ ലഭിച്ചാൽ വാരാണാസിയിലും മഥുരയിലും ക്ഷേത്രം പണിയുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. 300 സീറ്റുകൾ ലഭിച്ചപ്പോൾ ഞങ്ങൾ രാമക്ഷേത്രം നിർമ്മിച്ചു. ഇനി 400 സീറ്റുകൾ ലഭിച്ചാല്‍ ഗ്യാൻവാപി മസ്ജിദിന്റെ സ്ഥാനത്തും മഥുരയിലും ക്ഷേത്രം പണിയും എന്നായിരുന്നു ഹിമന്ത ബിശ്വ ശർമയുടെ വാക്കുകൾ.

‘ബിജെപി സർക്കാർ രാമക്ഷേത്രം വാഗ്ദാനം ചെയ്തിരുന്നു, ആ വാഗ്ദാനം സർക്കാർ പാലിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റി’- എന്നും ഡല്‍ഹി ലക്ഷ്മി നഗറിലെ ബിജെപി സ്ഥാനാർത്ഥി ഹർഷ് മൽഹോത്രയുടെ തെരഞ്ഞടുപ്പ് റാലിയില്‍ സംസാരിക്കുകവേ അസം മുഖ്യമന്ത്രി പറഞ്ഞു.

യുപിഎയുടെ ഭരണകാലത്ത് പാക് അധീന കശ്മീർ (പിഒകെ) വിഷയത്തിൽ പാർലമെന്റില്‍ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും മോദിയുടെ നേതൃത്വത്തിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകുമെന്നും ശർമ്മ പറഞ്ഞു. ‘കഴിഞ്ഞ ഏഴ് ദിവസമായി, പാക് അധീന കശ്മീരില്‍ എല്ലാ ദിവസവും പ്രക്ഷോഭം നടക്കുന്നു, ആളുകൾ കൈകളിൽ ഇന്ത്യൻ പതാകയുമായി പാകിസ്ഥാനെതിരെ പ്രതിഷേധിക്കുന്നു. ഇതൊക്കെ കാണുമ്പോൾ വലിയൊരു തുടക്കം മാത്രമാണെന്നാണ് എനിക്ക് തോന്നുന്നത്. മോദിക്ക് കീഴില്‍ 400 സീറ്റുകള്‍ ലഭിക്കുകയാണെങ്കില്‍ പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗമാകും’- ശർമ്മ കൂട്ടിച്ചേർത്തു.

ഒഡീഷയിലെ ഭുവനേശ്വറിൽ മറ്റൊരു റാലിയെ അഭിസംബോധന ചെയ്യവെ, രാജ്യത്ത് ഏകീകൃത സിവിൽ കോഡ് (യുസിസി) ആവശ്യമാണെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ഹിന്ദുവിന് ഒരു ഭാര്യയെയാണ് അനുവദനീയമാകുന്നതെങ്കില്‍ എന്തുകൊണ്ടാണ് മറ്റ് മതങ്ങളിൽപ്പെട്ട ആളുകൾക്ക് ഒന്നിലധികം ഭാര്യമാരെ അനുവദിക്കാനാവുക, രാജ്യത്ത് ഏകീകൃത സിവിൽ കോഡ് ആവശ്യമാണെന്നും ശർമ്മ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow