ചന്ദ്രയാന്‍ -2 ചന്ദ്രനെ തൊടുക സെപ്റ്റംബര്‍ ഏഴിന്

തിങ്കള്‍ ഉച്ചകഴിഞ്ഞ് 2.43...ഐ.എസ്.ആര്‍.ഒ. (ഇസ്രോ) കുറിച്ച ശുഭമുഹൂര്‍ത്തത്തില്‍, ഇന്ത്യയുടെ ''തിങ്കള്‍'' സ്വപ്‌നങ്ങള്‍ ചിറകേറ്റി, 'ബാഹുബലി'യെന്നു വിളിപ്പേരുള്ള ജി.എസ്.എല്‍.വി. മാര്‍ക്ക്3-എം-1 കുതിച്ചുയര്‍ന്നപ്പോള്‍ ശാസ്ത്രലോകത്തിനു മുന്നില്‍ ഇന്ത്യ നെഞ്ചുവിരിച്ചു. കുതിച്ചുയര്‍ന്നശേഷം 16-ാം മിനിറ്റില്‍ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാന്‍-2, 18.33-ാം മിനിട്ടില്‍ ആദ്യത്തെ സിഗ്നലുകള്‍ മാതൃരാജ്യത്തേക്കയച്ചു. ഭൂമിയെ 23 ദിവസം ഭ്രമണം ചെയ്തശേഷമാകും പേടകം ചന്ദ്രനെ ലക്ഷ്യമാക്കി കുതിക്കുക.

Jul 23, 2019 - 22:23
 0

ഭൂമിയില്‍നിന്ന് പുറപ്പെട്ട് 48-ാം ദിവസമാകും ചന്ദ്രയാന്‍ -2 ചന്ദ്രനെ തൊടുക. ആ അവസാന 15 മിനിറ്റ് സംഭ്രമജനകം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ സുരക്ഷിതമേഖലയേതെന്നു ക്യാമറ കണ്ടെത്തിയ ശേഷമാകും വിക്രം പേടകം ചന്ദ്രനിലേക്കിറങ്ങുക. ചന്ദ്രനില്‍ നേരിയ അന്തരീക്ഷം മാത്രം. അതിനാല്‍ പാരച്യൂട്ടിന്റെ സഹായം തേടാനാകില്ല.

ചന്ദ്രന്റെ ഗുരുത്വാകര്‍ഷണത്തെ അതിജീവിച്ച് ദിശമാറ്റവും ആവശ്യമാകും. സുരക്ഷിത ലാന്‍ഡിങ് തേടിയുള്ള യാത്രയ്ക്കിടെ വേഗം കുറയ്ക്കാന്‍ വിക്രമിലെ ബൂസ്റ്ററുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ഒരു ഘട്ടത്തില്‍ സെക്കന്‍ഡില്‍ 1,305 മീറ്റര്‍ വേഗത്തില്‍ പറന്നിരുന്ന ലാന്‍ഡര്‍ സെക്കന്‍ഡില്‍ രണ്ടു മീറ്റര്‍ എന്ന സുരക്ഷിതവേഗം പ്രാപിക്കും. 2,739 കിലോ ഭാരമുള്ള വിക്രമും അതിനുള്ളിലെ 1,471 കിലോഗ്രാം ഭാരമുള്ള പ്രഗ്യാനും സാവധാനം ചന്ദ്രനിലിറങ്ങും. വിക്രമില്‍നിന്നു വളരെ പതുക്കെ പ്രഗ്യാന്‍ വാഹനം പുറത്തിറങ്ങി ചന്ദ്രന്റെ മണ്ണില്‍ ഗവേഷണം തുടങ്ങും.

ദൗത്യത്തിന്റെ മൂന്നാംഘട്ടം വിജയകരമായാല്‍ സെപ്റ്റംബര്‍ ആറിനോ ഏഴിനോ ചന്ദ്രയാന്‍-2വിന്റെ ഭാഗമായ ''വിക്രം'' ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തും. ഇതോടെ ഈ നേട്ടം െകെവരിക്കുന്ന ആദ്യരാജ്യമെന്ന ബഹുമതി ഇന്ത്യക്കു സ്വന്തമാകും. ഇതിനു മുമ്പ് അമേരിക്കയും സോവിയറ്റ് യൂണിയനും െചെനയും ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയിട്ടുണ്ടെങ്കിലും, ദക്ഷിണധ്രുവത്തില്‍ അത്തരമൊരു പരീക്ഷണം ഇതാദ്യമായാണ്.

ചന്ദ്രോപരിതലത്തില്‍ ആദ്യമായി ജലസാന്നിധ്യം തിരിച്ചറിഞ്ഞത് ഇന്ത്യയുടെ പ്രഥമ ചാന്ദ്രപര്യവേക്ഷണദൗത്യമായ ചന്ദ്രയാന്‍-1 ആയിരുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ജലസാന്നിധ്യവും ധാതുസമ്പത്തുമാകും രണ്ടാംദൗത്യത്തിന്റെ ഭാഗമായ ''പ്രഗ്യാന്‍'' റോവര്‍ (പര്യവേക്ഷണവാഹനം) തെരയുക. കഴിഞ്ഞ 15-നു പുലര്‍ച്ചെ 2.51-നു നടത്താന്‍ നിശ്ചയിച്ചിരുന്ന വിക്ഷേപണമാണ് അവസാനമണിക്കൂറില്‍ സാങ്കേതികത്തകരാര്‍ കണ്ടെത്തിയതിനേത്തുടര്‍ന്ന് ഇന്നലത്തേക്കു മാറ്റിയത്.

അഭിമാനനേട്ടം െകെവരിച്ച ശാസ്ത്രജ്ഞരെയും എന്‍ജിനീയര്‍മാരെയും രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിനന്ദിച്ചു. 130 കോടി ഇന്ത്യക്കാരുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ കര്‍മശേഷിയുടെയും വിജയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു

What's Your Reaction?

like

dislike

love

funny

angry

sad

wow