സിൽവർ ലൈനിനായി കേരളം കടമെടുക്കുന്നത് 33,700 കോടി, പ്രതിദിനം 79,000 യാത്രക്കാരെ പ്രതീക്ഷിക്കുന്നു

ഒരോ വർഷം വൈകും തോറും അഞ്ച് ശതമാനം നിർമ്മാണ ചിലവ് കൂടും എന്നാണ് സംസ്ഥാനം നൽകുന്ന മറുപടി. നിലവിലെ അവസ്ഥയിൽ 2026-ൽ മാത്രമേ പദ്ധതി പൂർത്തിയാക്കാൻ സാധിക്കൂവെന്നും കേരളം പറയുന്നു

Jan 28, 2022 - 17:51
 0
സിൽവർ ലൈനിനായി കേരളം കടമെടുക്കുന്നത് 33,700 കോടി, പ്രതിദിനം 79,000 യാത്രക്കാരെ പ്രതീക്ഷിക്കുന്നു

കെറെയിലിൽ പ്രതിദിനം 79,000 യാത്രക്കാർ ഉണ്ടാവുമെന്ന കണക്ക് ശുഭാപ്തി വിശ്വാസം മാത്രമല്ലെന്ന് കേന്ദ്രത്തിന് കേരളം നൽകിയ വിശദീകരണത്തിൽ പറയുന്നു. 

ഡിഎംആർസി നേരത്തെ നടത്തിയ പഠനത്തിൻറെ കൂടി അടിസ്ഥാനത്തിലാണ് ഈ കണക്ക് തയ്യാറാക്കിയത്. ഹ്രസ്വദൂര ട്രെയിൻ യാത്രക്കാരെ കൂട്ടാതെയാണ് ഈ കണക്കെന്നും കേരളം വ്യക്തമാക്കുന്നു. ഒരു ലക്ഷം യാത്രക്കാർ കേരളത്തിൽ പ്രതിദിനം അതിവേഗ തീവണ്ടിയിൽ യാത്ര ചെയ്യാനുണ്ടാവും എന്നത് ഡിഎംആർസിയുടെ പഠനത്തിൽ ഉണ്ടെന്നും എന്നാൽ 79,000 പേരെ മാത്രമേ പ്രൊജ്ക്ട് റിപ്പോർട്ടിൽ ചേർക്കുന്നൂള്ളൂവെന്നും കേരളം വിശദീകരിക്കുന്നു. 

കെ റെയിൽ പദ്ധതിക്കായി കേരളം ആദ്യം നൽകിയ റിപ്പോർട്ട് പരിഗണിച്ചപ്പോൾ 79000 യാത്രക്കാർ എന്നത് ഒരു ശുഭാപ്തി വിശ്വാസം മാത്രമല്ലേയെന്ന് റെയിൽവേ ബോർഡ് ചെയർമാൻ തന്നെ ചോദിച്ചിരുന്നു. ഇതിനാണ് ഡിഎംആർസി യുടെ പഠനറിപ്പോർട്ട് ഉപയോഗിച്ച് കേരളം ഖണ്ഡിക്കാൻ ശ്രമിക്കുന്നത്. 

സിൽവർ ലൈനിന് പകരം ഒരു അതിവേഗ തീവണ്ടിപാത എന്തു കൊണ്ട് പരിഗണിക്കുന്നില്ല എന്ന് ചോദ്യത്തിന് ഭാരിച്ച ചിലവ് കാരണമാണ് അർധ അതിവേഗ തീവണ്ടി എന്ന തീരുമാനത്തിലേക്ക് എത്തിയത് എന്ന് സംസ്ഥാനം വ്യക്തമാക്കുന്നു. അതിവേഗ തീവണ്ടി പാതയുടെ നിർമ്മാണത്തിന് ഒരു കിലോമീറ്ററിന് 210 കോടി വേണ്ടി വരുമ്പോൾ സെമി ഹൈ സ്പീഡിൽ കിലോമീറ്ററിന് 120 കോടി മതിയാവും എന്നാണ് കേരളം പറയുന്നത്. പദ്ദതി വൈകുന്നതിനാൽ ചിലവ് കൂടിയേക്കാം എന്നും സംസ്ഥാനം കേന്ദ്രത്തെ അറിയിക്കുന്നു. 69000 കോടി രൂപയ്ക്ക് പദ്ധതി തീർക്കാനാവുമോ എന്ന കേന്ദ്രത്തിൻ്റെ സംശയത്തിന് ഒരോ വർഷം വൈകും തോറും അഞ്ച് ശതമാനം നിർമ്മാണ ചിലവ് കൂടും എന്നാണ് സംസ്ഥാനം നൽകുന്ന മറുപടി. നിലവിലെ അവസ്ഥയിൽ 2026-ൽ മാത്രമേ പദ്ധതി പൂർത്തിയാക്കാൻ സാധിക്കൂവെന്നും കേരളം പറയുന്നു. അധികചിലവുണ്ടായാൽ അത് സംസ്ഥാനം വഹിക്കുമെന്നും മറുപടിയിൽ വ്യക്തമാക്കുന്നു. 

സിൽവർ ലൈൻ പദ്ധതിയിൽ റെയിൽവേ മന്ത്രാലയം പണം മുടക്കണം എന്ന നിലപാടിൽ സംസ്ഥാനം ഉറച്ചു നിൽക്കുകയാണ്. റെയിൽവേ 2150 കോടി രൂപ പദ്ധതിയിൽ നിക്ഷേപിക്കണമെന്നും റെയിൽവേയുടെ അംഗീകാരവും പിന്തുണയും ലഭിച്ചാൽ വായ്പ നൽകുന്ന ഏജൻസികൾക്ക് അതു കൂടുതൽ ആത്മവിശ്വാസം നൽകുമെന്നും കേരളം വ്യക്തമാക്കുന്നു. പദ്ധതിക്കായി ആകെ 33,700 കോടി രൂപ വായ്പയെടുക്കും. ജപ്പാൻ ഇൻ്റർനാഷണൽ കോർപ്പറേഷൻ ഏജൻസി 18,992 കോടി വായ്പ നല്കും. എഡിബിയിൽ നിന്നും 7533 കോടി രൂപ വായ്പയായി എടുക്കും. ഇതിന് കേന്ദ്രസർക്കാർ സമിതി ഏതാണ്ട് അംഗീകാരം നൽകിയെന്നും എന്നാൽ റെയിൽവേ പദ്ധതി അംഗീകരിച്ചാൽ മാത്രമേ അന്തിമാനുമതി ലഭിക്കൂവെന്നും കേരളം പറയുന്നു. 

കേരളത്തിലെ ട്രെയിൻ യാത്രക്കാർ കെ റെയിലിലേക്ക് പോയാൽ റെയിൽവേ നഷ്ടത്തിലാക്കുമോ എന്ന സംശയം റെയിൽവേ മന്ത്രാലയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അത്തരം സംശയം അസ്ഥാനത്ത് ആണെന്നും നിലവിൽ തന്നെ സംസ്ഥാനത്ത് ഓടുന്ന തീവണ്ടികൾക്കെല്ലാം നീണ്ട വെയിറ്റിംഗ് ലിസ്റ്റുണ്ടെന്നും കേരളം മറുപടി നൽകുന്നു. യാത്രക്കാർ കുറയുന്ന പക്ഷം ചരക്കു തീവണ്ടികൾ ഓടിച്ച് റെയിൽവേയ്ക്ക് അധിക വരുമാനം നേടാമെന്നാണ് കേരളത്തിൻ്റെ നിർദേശം

What's Your Reaction?

like

dislike

love

funny

angry

sad

wow