Mumbai Rain: മഹാരാഷ്ട്രയിൽ ശക്തമായ മഴ തുടരുന്നു; അന്ധേരി സബ്‌വേയിൽ വെള്ളം കയറി, ജൂൺ ഒമ്പത് വരെ റെഡ് അലർട്ട്

റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് എന്നിവിടങ്ങളിൽ ജൂലൈ ഒമ്പത് വരെയും പാൽഘർ, പൂനെ, കോലാപ്പൂർ, സത്താറ എന്നിവിടങ്ങളിൽ ജൂലൈ എട്ട് വരെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Jul 8, 2022 - 02:52
 0

മഹാരാഷ്ട്രയിൽ മുംബൈ, താനെ, നവി മുംബൈ എന്നിവിടങ്ങളിൽ ശക്തമായ മഴ തുടരുന്നു. മഹാരാഷ്ട്രയുടെ വിവിധ ഭാ​ഗങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുംബൈയിലും താനെയിലും അഞ്ച് ദിവസം മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് എന്നിവിടങ്ങളിൽ ജൂലൈ ഒമ്പത് വരെയും പാൽഘർ, പൂനെ, കോലാപ്പൂർ, സത്താറ എന്നിവിടങ്ങളിൽ ജൂലൈ എട്ട് വരെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയിലും താനെയിലും ജൂലൈ 10 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ചിലയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച മുതൽ മഴ കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ബുധനാഴ്ച വൈകുന്നേരം വരെ ശക്തമായ മഴയാണ് മഹാരാഷ്ട്രയിൽ ഉണ്ടായത്. ഇതോടെ സീസണിലെ മൊത്തം ലഭിച്ച മഴ 1,000 മില്ലിമീറ്ററിന് അടുത്തായി.

ജൂൺ ഒന്ന് മുതൽ, മുംബൈയിൽ രേഖപ്പെടുത്തിയ ആകെ മഴ 958 മില്ലീമീറ്ററാണ്. ഇത് സീസണിൽ ആവശ്യമായ 2,205 മില്ലിമീറ്റർ മഴയുടെ 43 ശതമാനം ആണ്. ജൂൺ ഒന്ന് മുതൽ ബുധനാഴ്ച വൈകിട്ട് 5.30 വരെ, ഐഎംഡി കൊളാബ ഒബ്സർവേറ്ററി രേഖപ്പെടുത്തിയ ആകെ മഴ 867.4 മില്ലീമീറ്ററും സാന്താക്രൂസിൽ 958 മില്ലീമീറ്ററുമാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് നിലനിർത്തിയിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow