പുതിയ ഐപിഎല്‍ ടീമിനെ സ്വന്തമാക്കാന്‍ രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും രംഗത്ത്
ഐപിഎല്ലില്‍(IPL) പുതുതായി എത്തുന്ന രണ്ട് ഫ്രാഞ്ചൈസികളൊന്നിനെ സ്വന്തമാക്കാന്‍ ബോളിവുഡ് താരദമ്പതികളായ ദീപിക പദുക്കോണിനും(Deepika Padukone), രണ്‍വീര്‍ സിംഗിനും(Ranveer Singh) താല്പര്യമെന്ന് റിപ്പോര്‍ട്ട്. ഔട്ട്ലുക്കാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അടുത്ത സീസണില്‍ മെഗാ ഓക്ഷനിലൂടെ ടീമുകള്‍ മുഴുവന്‍ പൊളിച്ചടുക്കപ്പെടുകയാണ്. നിലവില്‍ എട്ട് ടീമുകളാണ് ഐപിഎല്ലില്‍ കളിക്കുന്നത്. അടുത്ത സീസണില്‍ ഈ എട്ട് എന്നത് പത്താക്കി ഉയര്‍ത്താനാണ് തീരുമാനം. പുതുതായി വരുന്ന രണ്ട് ടീമുകള്‍ക്കായി പല പ്രമുഖരും രംഗത്തുണ്ട്. ഇതില്‍ ഒരു ടീം സ്വന്തമാക്കാനാണ് ദീപികയും രണ്‍വീറും ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഉടമകളായ അമേരിക്കന്‍ ഗ്ലേസര്‍ കുടുംബവും ഐപിഎല്‍ ടീമിനായി മത്സര രംഗത്തുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ബോളിവുഡും ഐപിഎല്ലും തമ്മില്‍ പണ്ടുമുതല്‍ക്കേ മികച്ച ബന്ധമാണുള്ളത്. ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റേയും, ജൂഹി ചൗളയുടേയും സഹ ഉടമസ്ഥതയിലുള്ള ഐപിഎല്‍ ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. അതു പോലെ തന്നെ മറ്റൊരു ബോളിവുഡ് താരമായ പ്രീതി സിന്റക്ക് പഞ്ചാബ് കിംഗ്‌സ് ടീമില്‍ ഓഹരിയുണ്ട്. ഇപ്പോളിതാ പുതിയ ഫ്രാഞ്ചൈസിയെ സ്വന്തമാക്കാനുള്ള നീക്കത്തില്‍ വിജയിക്കാന്‍ ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ് എന്നിവര്‍ക്ക് കഴിഞ്ഞാല്‍ ബോളിവുഡും ഐപിഎല്ലും തമ്മിലുള്ള ബന്ധം വര്‍ധിക്കും.
ഇതിനിടെ രണ്‍വീറിന്റേയും ദീപികയുടേയും പുതിയ ടീമിന്റെ പേരും ജഴ്സിയുമൊക്കെ ആരാധകര്‍ മനസില്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. നിരവധി ട്രോളുകളാണ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്. തന്റെ ഫാഷന്‍ സെന്‍സിലൂടെ പലപ്പോഴും ഞെട്ടിക്കുന്ന വ്യക്തിയാണ് രണ്‍വീര്‍. ഇതാണ് ആരാധകരുടെ ഭാവനയുടെ ഉറവിടം.
2000 കോടി രൂപയാണ് പുതിയ രണ്ട് ടീമുകളുടേയും അടിസ്ഥാനവിലയായി ബിസിസിഐ നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ 1700 കോടി രൂപയായിരുന്നു അടിസ്ഥാനവിലയായി നിശ്ചയിച്ചിരുന്നത്. എന്നാലത് 2000 കോടി രൂപയായി ഉയര്‍ത്താന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു
What's Your Reaction?