ഒരൊറ്റ മത്സരം, ഹൈദരാബാദ് കണ്ടത് റെക്കോഡുകളുടെ പെരുമഴ

Oct 13, 2024 - 08:33
 0
ഒരൊറ്റ മത്സരം, ഹൈദരാബാദ് കണ്ടത് റെക്കോഡുകളുടെ പെരുമഴ

ഇതുപോലെ ഒന്ന് മുമ്പെങ്ങും കണ്ടിട്ടില്ല. ഇനിയൊട്ടും കാണുമോ എന്നും ഉറപ്പില്ല. എല്ലാം അടിച്ചുതകർക്കുക എന്ന ലക്ഷ്യത്തോടെ ഇന്നലെ ഇന്ത്യൻ ജേഴ്സിയിൽ ബംഗ്ലാദേശിനെതിരെ ഇറങ്ങിയപ്പോൾ പിറന്നത് റെക്കോഡുകളുടെ പെരുമഴ. ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച് പരമ്പര ഉറപ്പിച്ചിരുന്ന ഇന്ത്യ മൂന്നാം മത്സരത്തിൽ അൽപ്പം ആലസ്യത്തോടെ കളിക്കുമെന്ന് ഉള്ളിലെങ്കിലും കരുതിയ ബംഗ്ലാദേശ് താരങ്ങളെ ഞെട്ടിച്ചുകൊണ്ട് ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ അടിച്ചുകൂട്ടിയത് 297 റൺസാണ്. ഒരു ടെസ്റ്റ് പ്ലെയിങ് രാജ്യം ടി 20 യിൽ നേടുന്ന ഉയർന്ന സ്കോർ എന്ന റെക്കോഡാണ് ഇതിൽ എടുത്ത് പറയേണ്ടത്.

“ആക്രമണ ക്രിക്കറ്റാണ് തങ്ങൾ കളിക്കാൻ ആഗ്രഹിക്കുന്നത് , ചിലപ്പോൾ റിസ്‌ക്കുകൾ വേണ്ടി വരും, വിക്കറ്റുകൾ നഷ്ടപ്പെട്ടേക്കാം, എന്തായാലും ശൈലി മാറ്റി മറ്റൊന്ന് കളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല” ബംഗ്ലാദേശിന് എതിരയായ ആദ്യ ടി 20 മത്സരത്തിന് ശേഷം സൂര്യകുമാർ യാദവ് പറഞ്ഞ വാക്കുകൾ ആണിത്. എന്തായാലും നായകൻ പറഞ്ഞ വാക്കുകൾ 100 % ശരിയാണെന്ന് തെളിയിക്കുന്ന രീതിയിൽ കളിക്കുന്ന ഒരു ഇന്ത്യൻ ടീമിനെ കടുത്ത ഇന്ത്യൻ ആരാധകർ പോലും സ്വപ്നം കണ്ട് കാണില്ല.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സൂര്യകുമാർ ചിലതൊക്കെ ഉറപ്പിച്ചിരുന്നു എന്നുള്ളത് വാക്കുകളിൽ നിന്ന് തന്നെ വ്യക്തമായിരുന്നു. സഞ്ജുവിനൊപ്പം ഓപ്പണിംഗിന് ഇറങ്ങിയ അഭിഷേക് ശർമ്മ പുറത്തായതിന് ശേഷം നായകൻ സൂര്യകുമാർ ക്രീസിൽ എത്തുന്നു.

പിന്നെ അങ്ങോട്ട് കണ്ടത് പരസ്പരം റൺ നേടാൻ മത്സരിക്കുന്ന സഞ്ജു- സൂര്യകുമാർ ജോഡിയെയാണ്. സഞ്ജു സിക്സ് അടിച്ചാൽ താനും അടിക്കുമെന്ന രീതിയിൽ സൂര്യ, വിട്ടുകൊടുക്കില്ല എന്ന് പറഞ്ഞുകൊണ്ട് സഞ്ജു. രണ്ട് ഇന്ത്യൻ വെടിക്കെട്ട് വീരന്മാരുടെ മികവിൽ 173 റൺ കൂട്ടുകെട്ടാണ് ചേർത്തത്. സഞ്ജു 47 പന്തിൽ 111 റൺ നേടിയപ്പോൾ സൂര്യകുമാർ 35 പന്തിൽ 75 റൺ നേടി മടങ്ങി.  ഹാർദിക്, പരാഗ് സഖ്യം കൂടി നിറഞ്ഞാടി

റെക്കോഡുകൾ

– ടി20യിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്‌കോർ.
– ഒരു ഇന്നിംഗ്‌സിൽ ഇന്ത്യ നേടുന്ന ഏറ്റവും കൂടുതൽ സിക്‌സറുകൾ.
– ഇന്ത്യയുടെ സംയുക്ത ഉയർന്ന പവർപ്ലേ സ്കോർ.
– ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ ടീം 100.
– ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ ടീം 150.
– ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ ടീം 200.
– ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ ടീം 250.

What's Your Reaction?

like

dislike

love

funny

angry

sad

wow