പ്രതീക്ഷയിൽ ഫിഫ: വരുമാനം 600 കോടി ഡോളറിലെത്തുമോ?
ടിക്കറ്റ് വിൽപനയുടെ കാര്യത്തിൽ മികച്ച പ്രതികരണമുണ്ട്. ലോകകപ്പിനായി മൊത്തം 32 ലക്ഷം ടിക്കറ്റുകളാണുള്ളത്.
ഖത്തർ ലോകകപ്പിന്റെ വരുമാനം 600 കോടി ഡോളർ എത്തുമെന്ന പ്രതീക്ഷയിൽ ഫിഫ അധികൃതർ. ഫിഫ ലോകകപ്പ് ഖത്തർ 2022 സിഇഒ നാസർ അൽ ഖാദറിന്റേതാണ് വെളിപ്പെടുത്തൽ. ടിക്കറ്റ് വിൽപനയുടെ കാര്യത്തിൽ മികച്ച പ്രതികരണമുണ്ട്. ലോകകപ്പിനായി മൊത്തം 32 ലക്ഷം ടിക്കറ്റുകളാണുള്ളത്.
ഇതിൽ മൂന്നിലൊരു ഭാഗം സ്‌പോൺസർമാർക്കും മറ്റുമുള്ളതാണ്. ഇതുവരെയുള്ള വിൽപനയിൽ മെക്‌സിക്കോയും അർജന്റീനയും തമ്മിലുള്ള മത്സരത്തിനാണ് ഡിമാൻഡ് കൂടുതൽ. തൊട്ടു പിന്നിൽ സൗദി –അർജന്റീന മത്സരമാണ്. രണ്ടു മത്സരങ്ങളുടെയും മുഴുവൻ ടിക്കറ്റുകളും വിറ്റുകഴിഞ്ഞു. അടുത്ത മാസമാണ് ടിക്കറ്റ് വിൽപനയുടെ അവസാന ഘട്ടം തുടങ്ങുന്നത്. ഖത്തർ ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
ഖത്തറിനെതിരായ വിമർശനങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. ആഗോള തലത്തിലുള്ള ഫുട്‌ബോൾ ആരാധകർ ഖത്തറിലെത്തി ലോകകപ്പ് മത്സരങ്ങൾ കാണാൻ തുടങ്ങുന്നതോടെ വിമർശനങ്ങൾ അവസാനിക്കുമെന്ന് അൽഖാദർ അഭിപ്രായപ്പെട്ടു. 12 വർഷം നീണ്ട തയാറെടുപ്പുകളിലൂടെ എക്കാലത്തെയും അവിസ്മരണീയമായ ലോകകപ്പ് ആണ് ഫുട്‌ബോൾ ആരാധകർക്ക് ഖത്തർ സമ്മാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകകപ്പിന് ഓരോ വിഭാഗങ്ങളിലും വ്യത്യസ്ത ഓപ്ഷനുകളിലുള്ള താമസ സൗകര്യം ലഭ്യമാക്കും. വില്ലകൾ, ഹോട്ടൽ അപാർട്‌മെന്റുകൾ, ക്യാംപിങ് സൈറ്റുകൾ തുടങ്ങി വൈവിധ്യമായ താമസ സൗകര്യങ്ങളാണുള്ളത്. പുതിയ ലഭ്യത അനുസരിച്ച് നിരക്കുകളും അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. ഒരു രാത്രിക്ക് ഒരാൾക്ക് 80 ഡോളർ മുതൽ താമസം ലഭ്യമാണ്. ആഡംബര സൗകര്യങ്ങൾ ആവശ്യമുള്ളവർക്ക് 5,478 ഡോളർ ആണ് ഒരു രാത്രിക്കുള്ള നിരക്ക്-നാസർ അൽ ഖാദർ ഫിഫ ലോകകപ്പ് ഖത്തർ 2022 സിഇഒ
What's Your Reaction?