സാമ്പത്തിക തട്ടിപ്പ് കേസ്: ജാക്വിലിൻ ഫെർണാണ്ടസിന്റെ 7 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ED

May 1, 2022 - 06:18
 0
സാമ്പത്തിക തട്ടിപ്പ് കേസ്: ജാക്വിലിൻ ഫെർണാണ്ടസിന്റെ 7 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ED

സുകേഷ് ചന്ദ്രശേഖറിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ (Jacqueline Fernandez) 7 കോടി സ്വത്ത് ഇഡി (ED)കണ്ടുകട്ടി.

ആകെ 7.27 കോടിയുടെ സ്വത്താണ് ഇഡി ബോളിവുഡ് താരത്തിൽ നിന്നും കണ്ടുകെട്ടിയത്. ഇതിൽ 7.12 മാത്രം താരത്തിന്റെ പേരിലുള്ള ഫിക്സഡ് ഡെപ്പോസിറ്റാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു.

സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖർ നൽകിയ സമ്മാനങ്ങളാണ് ജാക്വിലിനിൽ നിന്നും പിടിച്ചെടുത്തതെന്നും റിപ്പോർട്ടുകളുണ്ട്. ബോളിവുഡ് നടിമാരായ ജാക്വിലിൻ ഫെർണാണ്ടസ്, നോറ ഫത്തേഹി അടക്കമുള്ളവർക്ക് ചന്ദ്രശേഖർ വിലകൂടിയ സമ്മാനങ്ങൾ നൽകിയതായി നേരത്തേ വാർത്തകൾ പുറത്തു വന്നിരുന്നു.

സാമ്പത്തിക തിരിമറിയിലൂടെ ലഭിച്ച പണത്തിൽ നിന്ന് 5.71 കോടി രൂപയുടെ സമ്മാനങ്ങളാണ് ചന്ദ്രശേഖർ ജാക്വിലിന് സമ്മാനിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇതുകൂടാതെ ജാക്വിലിന്റെ കുടുംബാംഗങ്ങൾക്കും സുകേഷ് ചന്ദ്രശേഖർ പണം നൽകിയതായും ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു.

173,000 ഓളം യുഎസ് ഡോളറും ഏകദേശം 27,000 ഓസ്ട്രേലിയൻ ഡോളറുമാണ് ജാക്വിലിന്റെ ബന്ധുക്കളുടെ പേരിൽ സുകേഷ് കൈമാറിയത്.

സാമ്പത്തിക തട്ടിപ്പ് കേസിൽ സുകേഷ് ചന്ദ്രശേഖർ അറസ്റ്റിലായതിനു പിന്നാലെ ജാക്വിലിനേയും ഇഡി നിരവധി തവണ ചോദ്യം ചെയ്തിരുന്നു. നിലവിൽ ജാക്വിലിന്റെ പേരിൽ ആരോപണങ്ങൾ ഒന്നും തന്നെയില്ലെങ്കിൽ ഇഡി ഇതുവരെ നടിക്ക് ക്ലീൻചിറ്റ് നൽകിയിട്ടില്ല. ജാക്വിലിന് രാജ്യം വിടാനും വിലക്കുണ്ട്.

നിലവിൽ ഡൽഹിയിൽ ജയിലിലാണ് സുകേഷ് ചന്ദ്രശേഖർ. മാസങ്ങൾക്ക് മുമ്പാണ് ഇയാൾ അറസ്റ്റിലായത്. 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസാണ് ഇയാൾക്കെതിരെയുള്ളത്.

ജയിലിൽ കഴിയുന്ന ഫാർമസ്യൂട്ടിക്കൽ ബിസിനസ് നടത്തുന്ന വ്യക്തിയുടെ ഭാര്യയെ കബളിപ്പിച്ച് പണം തട്ടിയെന്നാണ് കേസ്. പ്രധാനമന്ത്രിയുടെ ഓഫീസ്, നിയമന്ത്രാലയം, ആഭ്യന്തരമന്ത്രാലയം എന്നിവിടങ്ങളിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സുകേഷ് ഫോൺ ചെയ്തത്. ഭർത്താവിന്റെ മോചനത്തിനായി ചന്ദ്രശേഖർ 215 കോടി കബളിപ്പിച്ച് തട്ടിയെടുത്താണ് സ്ത്രീ പരാതി നൽകിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow