ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും
നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അഗർത്തലയിൽ രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ ഗവർണർ സത്യദിയോ നരേൻ ആര്യ സത്യവാചകം ചൊല്ലിക്കൊടുക്കും. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർ ഉണ്ടാകും.
അഗർത്തലയിലെ സ്വാമി വിവേകാനന്ദ ഗ്രൗണ്ടിലാണ് മുഖ്യമന്ത്രി പദം രണ്ടാമൂഴവും സ്വന്തമാക്കിയ മണിക്ക് സാഹയുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ. നീണ്ടു നിന്ന അനശ്ചിതത്വത്തിന് ഒടുവിൽ മുഖ്യമന്ത്രി പദം മണിക്ക് സാഹയ്ക്ക് ബി.ജെ.പി വെച്ച് നീട്ടിയത്, കുറഞ്ഞ കാലം കൊണ്ട് പാർട്ടിക്ക് സാഹ സമ്മാനിച്ച പ്രതിച്ഛായ കണക്കിലെടുത്ത് തന്നെ ആണ്. ഒരു ഘട്ടം വരെ മുഖ്യമന്ത്രി പദത്തിന് വേണ്ടി രംഗത്ത് ഉണ്ടായിരുന്ന പ്രതിമ ഭൗമിക്കിന് അർഹമായ പരിഗണനയും ബി.ജെ.പി നൽകിയേക്കും. പ്രധാന മന്ത്രിയും കേന്ദ്ര മന്ത്രിമാരും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ മുൻ ഉപ മുഖ്യമന്ത്രി ജിഷ്ണു ദേവ് വർമ പരാജയപ്പെട്ടത് തിരിച്ചടിയായെങ്കിലും അദ്ദേഹത്തെ വീണ്ടും സർക്കാരിൻ്റെ ഭാഗമാക്കാൻ ആണ് ബി.ജെ.പിയുടെ ശ്രമം. പത്തിലേറെ മന്ത്രിമാരാണ് മണിക്ക് സാഹ നേതൃത്വം നൽകുന്ന രണ്ടാം സർക്കാരിൽ ഉണ്ടാവുക. ഒരു സീറ്റ് കിട്ടിയ ഐ.പി.എഫ്.ടിയെയും മന്ത്രിസഭയിൽ പരിഗണിച്ചേക്കും എന്നാണ് സൂചന. അതേസമയം ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നാഗാലാൻഡ് മേഘാലയ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം ഇന്ന് നടന്നേക്കും.
What's Your Reaction?