നവീന്‍ ബാബുവിന്റെ മരണം; യാത്രയയപ്പ് യോഗത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പി പി ദിവ്യയെന്ന് കണ്ടെത്തൽ, റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും
കണ്ണൂർ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി പി പി ദിവ്യ കാണാമറയത്ത്. നവീൻ ബാബുവിനെ അധിക്ഷേപിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പി പി ദിവ്യയാണെന്ന് കണ്ടെത്തി. ലാന്‍ഡ് റവന്യു ജോയിന്‍റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും.
പ്രാദേശിക ചാനലില്‍ നിന്ന് ദിവ്യ യാത്രയയപ്പിന്‍റെ ദൃശ്യങ്ങള്‍ ശേഖരിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. പല മാധ്യമങ്ങള്‍ക്കും ദൃശ്യങ്ങള്‍ നല്‍കിയത് ദിവ്യയാണെന്നും കണ്ടെത്തിയതായി റിപ്പോർട്ടിൽ ഉണ്ട്. അതേസമയം ചെങ്ങളായിയിൽ പെട്രോൾ പമ്പിനുള്ള എൻഒസി അനുവദിക്കുന്നതിൽ നവീൻ ബാബു ബോധപൂർവ്വം ഫയൽ വൈകിപ്പിച്ചെന്ന ആരോപണത്തിൽ ഒരു തെളിവും മൊഴികളും ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർക്ക് ഇതുവരെ ലഭിച്ചിട്ടില്ല.
നവീൻ ബാബു കൈക്കൂലി വാങ്ങി എന്നതിനും തെളിവ് ഇല്ലെന്നാണ് സൂചന. റോഡിൽ വളവ് ഉണ്ടെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഡിഎം ടൗൺ പ്ലാനിങ് വിഭാഗത്തിന്റ റിപ്പോർട്ട് തേടുക ആയിരുന്നു. ഭാവിയിൽ വീതി കൂട്ടും എന്ന അടിസ്ഥാനത്തിൽ പ്ലാനിങ് വിഭാഗം അനുകൂലിച്ചു. എഡിഎം നിയമ പരിധിക്കുള്ളിൽ നിന്നാണ് ഇടപെട്ടത് എന്നാണ് മൊഴികൾ. കൈക്കൂലി ആരോപണം ഉന്നയിച്ച പി പി ദിവ്യ സംഭവത്തില്‍ ഇതുവരെ മൊഴി കൊടുത്തിട്ടുമില്ല.
അതേസമയം കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ സിപിഎം നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റും ആയ പി പി ദിവ്യ ഒളിവിൽപോയെന്നാണ് സൂചന. ദിവ്യ ഇരിണാവിലെ വീട്ടിൽ ഇല്ല. ഒരാഴ്ച പിന്നിട്ടിട്ടും ദിവ്യയുടെ ചോദ്യം ചെയ്യൽ വൈകുകയാണ്. പൊലീസ് അന്വേഷണത്തിൽ മാത്രമല്ല റവന്യു വകുപ്പ് അന്വേഷണത്തിലും ദിവ്യയുടെ മൊഴിയെടുത്തിട്ടില്ല.
What's Your Reaction?