കാലവർഷക്കെടുതിയിൽ സഹായവുമായി എത്തുന്നവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
കാലവർഷക്കെടുതിയിൽ സഹായവുമായി എത്തുന്നവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. '' നാട് ദുരിതത്തിൽ പെടുമ്പോൾ സഹായം നൽകേണ്ടതില്ല എന്ന പ്രചാരണവുമായി ചിലർ രംഗത്തിറങ്ങിയത് നാം കണ്ടത് കഴിഞ്ഞ വർഷം മഹാപ്രളയ കാലത്താണ്.
കാലവർഷക്കെടുതിയിൽ സഹായവുമായി എത്തുന്നവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. '' നാട് ദുരിതത്തിൽ പെടുമ്പോൾ സഹായം നൽകേണ്ടതില്ല എന്ന പ്രചാരണവുമായി ചിലർ രംഗത്തിറങ്ങിയത് നാം കണ്ടത് കഴിഞ്ഞ വർഷം മഹാപ്രളയ കാലത്താണ്. കേരളത്തിന് പണം ആവശ്യമില്ല എന്നായിരുന്നു ചില കേന്ദ്രങ്ങളുടെ അന്നത്തെ പ്രചാരണം. ജനങ്ങൾ പക്ഷെ അത് തള്ളിക്കളഞ്ഞു. ഇത്തവണ കാലവർഷക്കെടുതി രൂക്ഷമാകുമ്പോഴും "സഹായം കൊടുക്കരുത്" എന്ന് പറയുന്നവരെ കുറിച്ചുള്ള വാർത്തകൾ വരുന്നുണ്ട്. വ്യാജപ്രചാരണവും നടക്കുന്നു. എന്നാൽ കേരളത്തിന്റെ മനസ്സ് അത്തരക്കാരോടൊപ്പമല്ല. അത് തെളിയിക്കുന്ന രണ്ടനുഭവങ്ങൾ ഇവിടെ പങ്കു വെക്കുകയാണ്.
ഒന്നാമത്തേത് എറണാകുളം ബ്രോഡ്‌വേയിലെ വസ്ത്രവ്യാപാരി നൗഷാദിന്റേതാണ്. ബലിപെരുന്നാളിന്റെ തലേന്ന്, തന്റെ പെരുന്നാൾ ഇതാണെന്നു പറഞ്ഞുകൊണ്ടാണ് നൗഷാദ് തന്റെ കടയിലേക്ക് വളണ്ടിയർമാരെ വിളിച്ചു കയറ്റി പുതുവസ്ത്രങ്ങളുടെ ഒരു ശേഖരംതന്നെ ഏൽപ്പിച്ചത്. നാട്ടുകാരെ സഹായിക്കുന്നതാണ് തന്റെ ലാഭം എന്നാണു സാധാരണക്കാരനായ ആ വ്യാപാരി ഒരു സംശയുവുമില്ലാതെ പറഞ്ഞത്. വയനാട്, നിലമ്പൂർ എന്നിവിടങ്ങളിലെ ക്യാംപുകളിലേക്ക് വസ്ത്രം ശേഖരിക്കാൻ ഇറങ്ങിയ പ്രവർത്തകരെ "ഒന്നെന്റെ കടയിലേക്ക് വരാമോ" എന്ന് ചോദിച്ചു വിളിച്ചു കൊണ്ടുപോയാണ് നൗഷാദ്, വിൽപ്പനയ്ക്കായി വച്ചിരുന്ന വസ്ത്ര ശേഖരം കൈമാറിയത്. പുതു വസ്ത്രങ്ങൾ ചാക്കുകളിൽ കെട്ടിയാണ് നടൻ രാജേഷ് ശർമയുൾപ്പെടെയുള്ളവർ അവിടെ നിന്നിറങ്ങിയത്. നൗഷാദിനെ പോലുള്ളവരുടെ മനസ്സിന്റെ നന്മയും കരുണയും മനുഷ്യ സ്നേഹവും നമ്മുടെ നാടിന്റെ അഭിമാനകരമായ സവിശേഷത തന്നെയാണ്.
തിരുവനതപുരം ജില്ലയിലെ വ്ലാത്താങ്കര ഹയർ സെക്കണ്ടറി സ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആദർശ് ആർ എ ആണ് ഈ നന്മയുടെ മറ്റൊരുദാഹരണം. ആദർശ് കഴിഞ്ഞ ദിവസം ഓഫിസിൽ വന്നു എന്നെ കണ്ടിരുന്നു. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സമാഹരിക്കാനുള്ള ഒരു പ്രോജക്ടുമായാണ് ആ കൊച്ചു മിടുക്കൻ വന്നത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ആദർശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തമായി സംഭാവന നൽകുന്നുണ്ട്. തനിക്കു കിട്ടുന്ന പോക്കറ്റ് മാണി മാറ്റി വച്ചു കൊണ്ടാണ് ഇങ്ങനെ സംഭാവന നൽകുന്നത്. ആദ്യ സംഭാവന പുറ്റിങ്ങൽ ദുരന്തം നടന്നപ്പോഴായിരുന്നു.
നൗഷാദും ആദർശും നമ്മുടെ നാടിന്റെ മാതൃകകളാണ്. ഈ സന്നദ്ധതയാണ് നാടിനെ വീണ്ടെടുക്കാൻ നമുക്കു വേണ്ടത്. എല്ലാ ദുഷ്പ്രചാരണങ്ങൾക്കും ഇടങ്കോലിടലുകൾക്കും മറുപടിയായി മാറുന്നുണ്ട് ഈ രണ്ടനുഭവങ്ങൾ. ഇതു പോലെ അനേകം സുമനസ്സുകൾ ഈ നാടിന് കാവലായുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
What's Your Reaction?