Pulsar Suni: നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം

Sep 20, 2024 - 16:42
 0
Pulsar Suni: നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം

നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിക്ക് വിചാരണ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സുപ്രീം കോടതി നിർദേശപ്രകാരം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

രണ്ടു പേരുടെ ആൾജാമ്യം വേണം, ഒരു ലക്ഷംരൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം എന്നിവയാണു ജാമ്യ വ്യവസ്ഥകൾ. എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനിൽ ഹാജരാകണം, കോടതിപരിധി വിട്ടുപോകരുത്, ഒരു ഫോൺ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ, ഒരു സിം മാത്രമേ ഉപയോഗിക്കാവൂ, മാധ്യമങ്ങളോട് സംസാരിക്കാൻ പാടില്ല എന്നിങ്ങനെയാണ് മറ്റു വ്യവസ്ഥകള്‍.

പൾ‌സർ സുനിയുടെ ജീവന് ഭീഷണിയുണ്ടെന്ന് അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് സുരക്ഷ നൽ‌കാൻ റൂറൽ പൊലീസിനോട് കോടതി നിർദേശിച്ചു. ഇന്ന് വൈകിട്ടോടെ പൾസർ ജയിൽ മോചിതനാകുമെന്നാമ് വിവരം.

ജാമ്യവ്യവസ്ഥയിൽ എന്തൊക്കെ ഉൾപ്പെടുത്താമെന്ന് വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഇക്കാര്യം തീരുമാനിക്കണം എന്നായിരുന്നു സുപ്രീം കോടതിയുടെ നിർദേശം. തുടർന്ന് പൾസർ സുനിയുടെ അഭിഭാഷകൻ സുപ്രീം കോടതി ഉത്തരവ് ഇന്നലെ വിചാരണ കോടതിയിൽ സമർപ്പിച്ചു.

സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തിരുന്നു. എന്നാൽ വിചാരണ അനന്തമായി നീണ്ടുപോകുന്നതും അന്വേഷണ ഉദ്യോഗസ്ഥനെ 87 ദിവസം വിസ്തരിച്ചതും കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ അടുത്തൊന്നും വിചാരണ തീരാൻ സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.

2017 ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ടത്. നടിയുടെ കാറിൽ മറ്റൊരു വാഹനം ഇടിപ്പിച്ച് നിർത്തുകയും പൾസർ സുനിയും സംഘവും കാറിനുള്ളിൽ കയറി നടിയെ ‌ആക്രമിക്കുകയും ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. നടി സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവർ മാർട്ടിൻ ആന്റണിയെ അന്നുതന്നെ അറസ്റ്റ് ചെയ്തു. പൾസർ സുനിയും സുഹൃത്തായ വിജീഷും സംഭവത്തിനുശേഷം ഒളിവിൽ പോയി. ഒരാഴ്ചയ്ക്കു ശേഷം പൊലീസിനെ വെട്ടിച്ച് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെത്തിയപ്പോൾ പൊലീസ് ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് മാർച്ച് 10ന് സുനിയെയും വിജീഷിനെയും റിമാൻഡ് ചെയ്തു. പിതാവിന്റെ മരണാനന്തര ചടങ്ങുകൾക്കായി ഇടയ്ക്ക് ഏതാനും മണിക്കൂറുകൾ ഇളവ് അനുവദിച്ചത് ഒഴിച്ചാൽ ഏഴരവർഷമായി പൾസർ സുനി ജയിലിൽ കഴിയുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow