ആറ് പുതിയ ബൈപ്പാസുകൾ; 20 ജംഗ്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാൻ 200 കോടി

ആറ് പുതിയ ബൈപ്പാസുകൾ പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ (KN Balagopal). 200 കോടി രൂപ മാറ്റിവെക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുള്ള 20 ജംഗ്ഷനുകള്‍ കണ്ടെത്തും

Mar 12, 2022 - 05:55
 0

ആറ് പുതിയ ബൈപ്പാസുകൾ പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ (KN Balagopal). 200 കോടി രൂപ മാറ്റിവെക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുള്ള 20 ജംഗ്ഷനുകള്‍ കണ്ടെത്തും. ഇത് പരിഹരിക്കുന്നതിനുള്ള ചെലവിനായി കിഫ്ബിയില്‍ നിന്ന് ഈ വര്‍ഷം 200 കോടി നീക്കിവെച്ചതായി ധനമന്ത്രി പ്രഖ്യാപിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റാണ് ധനമന്ത്രി ഇന്ന് അഭ്യർത്ഥിച്ചത്.

തുറമുഖങ്ങള്‍, ലൈറ്റ്ഹൗസ്, ഷിപ്പിങ് മേഖല എന്നിവയ്ക്കായി 80.13 കോടി രൂപ വകയിരുത്തി. റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1207.23 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് സ്ഥലം ഏറ്റെടുക്കാന്‍ 1000 കോടി രൂപ നീക്കിവെച്ചു. തിരുവനന്തപുരം-അങ്കമാലി എംസി റോഡിന്റേയും കൊല്ലം ചെങ്കോട്ട റോഡിന്റേയും വികസനത്തിന് 1500 കോടി രൂപ നല്‍കും.

കെഎസ്ആര്‍ടിസിക്ക് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ സഹായമായി ഇതിനോടകം 1822 കോടി രൂപ നല്‍കി. മാര്‍ച്ച് അവസാനത്തോടെ ഇത് രണ്ടായിരം കോടിക്ക് മുകളിലെത്തുമെന്നും ധനമന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ പുനരുജ്ജീവനത്തിനായി ഈ ബജറ്റില്‍ 1000 കോടി രൂപ വകയിരുത്തുന്നുവെന്നും കൂടാതെ ഡിപ്പോകള്‍ വിപുലികരിക്കുന്നതിന് 30 കോടി രൂപ കൂടി വകയിരുത്തുന്നുവെന്നും മന്ത്രി പ്രഖ്യാപിച്ചു. ആധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് 20 കോടിയും ബസുകളെ സിഎന്‍ജി, എല്‍എന്‍ജി, ഇലക്ട്രിക്ക് എന്നിവയിലേക്ക് മാറ്റുന്നതിനായി 50 കോടിയും അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിലക്കയറ്റം നേരിടാൻ 2000 കോടി രൂപയും ആഗോള സമാധാന സമ്മേളനത്തിന് 2 കോടി രൂപയും അനുവദിച്ചു. സിൽവർലൈൻ ഭൂമി ഏറ്റെടുക്കുന്നതിനായി 2000 കോടി രൂപയും കെഎസ്ആർടിസിയുടെ നവീകരണത്തിന് 1000 കോടി രൂപയും നീക്കിവച്ചു. സർവകലാശാലകൾക്ക് മൊത്തത്തില്‍ 200 കോടിരൂപയും തിരുവനന്തപുരത്ത് മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്കിന് 100 കോടി രൂപയും നീക്കിവച്ചു. ജില്ലാ സ്കിൽ പാർക്കുകൾക്കായി 300 കോടി രൂപ നീക്കിവച്ചതായും മന്ത്രി അറിയിച്ചു. ഒരു ലക്ഷം പുതിയ തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കുമെന്നും സ്വകാര്യ വ്യവസായ പാർക്കുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 25 കോടി രൂപ നീക്കിവയ്ക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നെല്ലിന്റെ താങ്ങുവില 28.50 രൂപയാക്കി. നെൽകൃഷി വികസനത്തിലായി 76 കോടി രൂപ നീക്കിവച്ചു.

ബജറ്റ് അവതരണത്തിന് മുൻപ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നല്‍കാത്തതില്‍ പ്രതിഷേധം പ്രകടിപ്പിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ രംഗത്തെത്തി. ബജറ്റ് പൂര്‍വ ചര്‍ച്ചയ്ക്കുള്ള അവസരം ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സാമ്പത്തിക അവലോകനറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൃത്യമായ സമയപരിധി ഇല്ലെന്ന് സ്പീക്കര്‍ പ്രതിരോധിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow