പൊതു അവധിയുടെ പ്രഖ്യാപനം നയപരമായ വിഷയം; ആരുടേയും നിയമപരമായ അവകാശമല്ല: ബോംബെ ഹൈക്കോടതി
പൊതു അവധിക്ക് (Public Holiday) ആർക്കും നിയമപരമായ അവകാശമില്ലെന്ന് ബോംബെ ഹൈക്കോടതി (Bombay High Court). കേന്ദ്രഭരണ പ്രദേശമായ ദാദ്ര, നഗർ ഹവേലിയ്ക്ക് (Dadra &Nagar Haveli) പോർച്ചുഗീസ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ച ദിനമായ ആഗസ്റ്റ് 2 പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് അഡ്മിനിസ്ട്രേറ്ററോട് നിർദ്ദേശിക്കാൻ വിസമ്മതിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമർശം.
പൊതു അവധിക്ക് (Public Holiday) ആർക്കും നിയമപരമായ അവകാശമില്ലെന്ന് ബോംബെ ഹൈക്കോടതി (Bombay High Court). കേന്ദ്രഭരണ പ്രദേശമായ ദാദ്ര, നഗർ ഹവേലിയ്ക്ക് (Dadra &Nagar Haveli) പോർച്ചുഗീസ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ച ദിനമായ ആഗസ്റ്റ് 2 പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് അഡ്മിനിസ്ട്രേറ്ററോട് നിർദ്ദേശിക്കാൻ വിസമ്മതിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമർശം.
സിൽവാസ സ്വദേശിയായ കിഷ്‌ണാഭായ് ഗുട്ടിയ, ആദിവാസി പ്രതിനിധിയായ നവജീവൻ ജംഗൽ ആന്ദോളൻ എന്നിവർ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ഗൗതം പട്ടേൽ, മാധവ് ജംദാർ എന്നിവരടങ്ങിയ ബെഞ്ച് പ്രസ്തുത പരാമർശം നടത്തിയത്. ഒരു പൊതു അവധിക്കുള്ള നിങ്ങളുടെ നിയമപരമായ അവകാശം എന്താണെന്ന് ഹർജിക്കാരോട് ബെഞ്ച് ചോദിച്ചു. ദാദ്ര, നഗർ ഹവേലിയുടെ സ്വാതന്ത്ര്യദിനം എന്ന നിലയിൽ ആഗസ്റ്റ് 2നെ 2022ലെ പൊതു അവധികളിൽ ഉൾപ്പെടുത്താതിരുന്ന, 2021 ഒക്ടോബറിൽ പുറത്തിറങ്ങിയ വിജ്ഞാപനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ളതായിരുന്നു ഹർജി.
1954 ഓഗസ്റ്റ് 2 മുതൽ 2020 ഓഗസ്റ്റ് 2 വരെ ദാദ്ര, നഗർ ഹവേലിയിൽ ഓഗസ്റ്റ് 2 പൊതു അവധിയായി കണക്കാക്കിയിരുന്നെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ 2022ലെ കലണ്ടറിൽ ഓഗസ്റ്റ് 2 പൊതു അവധിയായി ഉൾപ്പെടുത്തിയിട്ടില്ല. അതിന് ന്യായീകരണമൊന്നും വിജ്ഞാപനം നൽകുന്നുമില്ല. ഇന്ത്യയിൽ ഓഗസ്റ്റ് 15-ും ജനുവരി 26-ും പൊതു അവധികളായി സർക്കാരിന് പ്രഖ്യാപിക്കാമെങ്കിൽ ദാദ്ര, നഗർ ഹവേലിയിലെ ജനങ്ങൾക്ക് തങ്ങളുടെ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 2 എന്തുകൊണ്ട് പൊതു അവധിയായി ആഘോഷിക്കാൻ കഴിയില്ലെന്നും ഹർജിയിൽ ചോദിക്കുന്നു.
ദുഃഖവെള്ളി പൊതു അവധിയായി പ്രഖ്യാപിക്കാൻ ദാദ്ര, നഗർ ഹവേലി അഡ്മിനിസ്ട്രേറ്ററോട് നിർദേശിച്ച 2019 ഏപ്രിൽ 15ലെ ഹൈക്കോടതി ഉത്തരവിനെ പരാമർശിച്ചുകൊണ്ടാണ് ഗുട്ടിയയുടെ അഭിഭാഷകൻ ഭാവേഷ് പർമർ വാദിച്ചത്. ദുഃഖവെള്ളി പൊതു അവധിയായി പ്രഖ്യാപിക്കാമെങ്കിൽ എന്തുകൊണ്ട് ദാദ്ര, നഗർ ഹവേലിയുടെ സ്വാതന്ത്ര്യ ദിനം പൊതു അവധിയായി പ്രഖ്യാപിച്ചുകൂടാ എന്നും പാർമർ ചോദിച്ചു.
2019 ഏപ്രിലിലെ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലം വ്യത്യസ്തമാണെന്ന് ജഡ്ജിമാർ ഉത്തരവിൽ വ്യക്തമാക്കി. ആഗസ്റ്റ് 2 പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഈ റിട്ട് ഹർജിയിൽ നിന്നും തികച്ചും വ്യത്യസ്തമായ സാഹചര്യത്തിലാണ് ദുഃഖവെള്ളി പൊതു അവധി ആക്കാനുള്ള ഹൈക്കോടതി ഉത്തരവുണ്ടായതെന്ന് ജഡ്ജിമാർ വിശദീകരിച്ചു. അന്ന് സമർപ്പിക്കപ്പെട്ട പൊതുതാൽപ്പര്യ ഹർജി ഗസറ്റിലെ പിഴവ് ചൂണ്ടിക്കാണിക്കുന്നതായിരുന്നുവെന്നും ബെഞ്ച് പറഞ്ഞു.
പൊതു അവധി ആരുടേയും മൗലികാവകാശമല്ലെന്നും നിരവധി പൊതു അവധികൾ നിലവിലുള്ള സാഹചര്യത്തിൽ അവ കുറയ്‌ക്കേണ്ട സമയം അതിക്രമിച്ചെന്നും അവർ കൂട്ടിച്ചേർത്തു. 2020ന് ശേഷം ആഗസ്ത് 2നുണ്ടായിരുന്ന പൊതു അവധി നിർത്തലാക്കിയതായി ചൂണ്ടിക്കാട്ടിയ അഭിഭാഷകനോട്, പൊതു അവധിയുടെ പ്രഖ്യാപനം നയപരമായ പ്രശ്നമാണെന്നും അത് നിയമപരമായി നടപ്പാക്കാൻ കഴിയില്ലെന്നും ജഡ്ജിമാർ വ്യക്തമാക്കി.
What's Your Reaction?