ആന്റോ അഗസ്റ്റിന്റെ വീട് നിർമിച്ചത് ചട്ടങ്ങൾ പാലിച്ചല്ലെന്ന് പഞ്ചായത്ത്

Sep 21, 2026 - 13:03
 0
നിയമവിരുദ്ധമായ അളവിൽ മദ്യം സൂക്ഷിച്ച കേസിൽ പ്രതിയായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എം.ഡി ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട് അനധികൃതമായാണ് നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ. കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട് വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ പൂർണമായും ലംഘിച്ചാണ് ആന്റോ അഗസ്റ്റിൻ വീട് നിർമിച്ചിരിക്കുന്നതെന്ന് അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വീടിന്റെ തരം മാറ്റി ഹോംസ്റ്റേ, ടൂറിസ്റ്റ് ഹോം തുടങ്ങിയ വിഭാഗങ്ങളിലേക്ക് മാറ്റുന്നതിനായി 2022-ൽ ആന്റോ മുട്ടിൽ പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. തുടർന്ന് സ്ഥലപരിശോധന നടത്തിയ അധികൃതർ കെട്ടിടത്തിൽ അനധികൃത നിർമാണം നടന്നിട്ടുണ്ടെന്ന് കണ്ടെത്തി 2022 മാർച്ച് 28-ന് അദ്ദേഹത്തിന് നോട്ടിസ് നൽകുകയും ചെയ്തു. പിന്നീട് ഈ അനധികൃത നിർമാണം ക്രമവൽക്കരിക്കാൻ ആന്റോ നൽകിയ അപേക്ഷ പഞ്ചായത്ത് സെക്രട്ടറി തള്ളുകയും കെട്ടിടത്തിന് സ്റ്റോപ് മെമ്മോ നൽകുകയും ചെയ്തിരുന്നതായി പ്രത്യേക അന്വേഷണസംഘം തലവനായ അസി. എക്സൈസ് കമ്മിഷണർ ആർ.എൻ. ബൈജു തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
വാഴവറ്റ ഉൾപ്പെടുന്ന മുട്ടിൽ പഞ്ചായത്തിലെ കെട്ടിടങ്ങൾക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിശ്ചയിച്ചിട്ടുള്ള പരമാവധി ഉയരം 3 നിലകളും 10 മീറ്ററുമാണ്. എന്നാൽ, പഞ്ചായത്തിൽ സമർപ്പിച്ച പ്ലാൻ പ്രകാരം ആന്റോയുടെ വീടിന് 4 നിലകളുണ്ടെന്നും 10 മീറ്ററിലധികം ഉയരമുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്നാണ് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നൽകിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow