ഡൽഹിയിലും പഞ്ചാബിലും കോൺഗ്രസ് ഭരണകൂടങ്ങളെ തകർത്തെറിഞ്ഞ ആം ആദ്മി; കിഴക്കമ്പലം മുതൽ കൊച്ചി വരെ യുഡിഎഫിനെ തോൽപ്പിച്ച ട്വന്റി 20; തൃക്കാക്കരയിലെ പുതിയ മുന്നണി കോൺഗ്രസിന്റെ പതനം ഉറപ്പിക്കുമോ എന്ന ആകാംക്ഷയിൽ രാഷ്ട്രീയ കേരളം
ആം ആദ്മി പാർട്ടി ഭരണം പിടിച്ച രണ്ട് സംസ്ഥാനങ്ങളിലും തകർത്തെറിഞ്ഞത് കോൺഗ്രസ് സർക്കാരുകളെയാണ്. ട്വന്റി 20യാകട്ടെ കേരളത്തിൽ സ്വാധീനം ഉറപ്പിക്കുന്നത് കോൺഗ്രസ് പ്രവർത്തകർക്കിടയിലും.
തൃക്കാക്കരയിൽ ആം ആദ്മി പാർട്ടിയും ട്വന്റി 20യും കൈകോർത്തിറങ്ങുമ്പോൾ നെഞ്ചിടിക്കുന്നത് കോൺഗ്രസിന്. ആം ആദ്മി പാർട്ടി ഭരണം പിടിച്ച രണ്ട് സംസ്ഥാനങ്ങളിലും തകർത്തെറിഞ്ഞത് കോൺഗ്രസ് സർക്കാരുകളെയാണ്. ട്വന്റി 20യാകട്ടെ കേരളത്തിൽ സ്വാധീനം ഉറപ്പിക്കുന്നത് കോൺഗ്രസ് പ്രവർത്തകർക്കിടയിലും. ഈ രണ്ട് പാർട്ടികളും കൂടി മുന്നണിയായി തൃക്കാക്കരയിൽ പോരിനിറങ്ങിയാൽ തങ്ങളുടെ പരമ്പരാഗത വോട്ടുകളിൽ വിള്ളൽ വീഴ്ത്താനാകും എന്ന തിരിച്ചറിവിലാണ് കോൺഗ്രസ്. കേരളത്തിലെ പുത്തൻ രാഷ്ട്രീയ കൂട്ടുകെട്ട് കോൺഗ്രസിന്റെ പതനം ഉറപ്പാക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്.
ഡൽഹിയിലും പഞ്ചാബിലും കോൺഗ്രസ് സർക്കാരുകളെ പരാജയപ്പെടുത്തിയാണ് ആം ആദ്മി പാർട്ടി അധികാരത്തിലേറിയത്. കേരളത്തിലെ ട്വന്റി 20യും സ്വാധീനം ഉറപ്പിക്കുന്നത് കോൺഗ്രസ് പ്രവർത്തകർക്കിടയിലാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും കേരളം ഭരിക്കുന്ന സിപിഎമ്മിനും ബദലാകാനുള്ള ശേഷി കോൺഗ്രസിന് ഇല്ലെന്നുള്ള പ്രചാരണവും ആം ആദ്മി – ട്വന്റി 20 സഖ്യത്തിന് ഗുണം ചെയ്യും.
തൃക്കാക്കരയിൽ ആംആദ്മിയുമായുള്ള സഖ്യം സ്ഥിരീകരിച്ച് ട്വന്റി 20 കോർഡിനേറ്റർ സാബു എം ജേക്കബ് രംഗത്തെത്തിയിരുന്നു. എഎപിയും ട്വന്റി 20യും പൊതു സ്ഥാനാർത്ഥിയെ നിർത്തും. സ്ഥാനാർത്ഥി നിർണയം പുരോഗമിക്കുന്നു. എഎപിയും ട്വന്റിയും 20യും ബദൽ ശക്തിയായി മാറുമെന്നും സാബു എം ജേക്കബ് അവകാശപ്പെട്ടു. ദേശീയതലത്തിൽ ഭരണമികവ് തെളിയിച്ചു നിൽക്കുന്ന എഎപിയുമായുള്ള സഖ്യം എൽഡിഎഫ്-യുഡിഎഫ് മുന്നണികൾക്ക് ബദലാകുമെന്നും സാബു കൂട്ടിച്ചേർത്തു. പതിനഞ്ചാം തീയതി എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് ജെരിവാൾ കേരളത്തിലെത്തും.അന്ന് സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
തൃക്കാക്കരയിൽ ആം ആദ്മി മുന്നണിയും ഇടത് മുന്നണിയും മാത്രമല്ല, കോൺഗ്രസിനുള്ളിൽ തന്നെയുള്ള ചേരിപ്പോരുകളും പാർട്ടിക്ക് വിനയാകുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. നിലവിൽ പി ടി തോമസിന്റെ ഭാര്യ ഉമ തോമസ് അല്ലാതെ മറ്റൊരു സ്ഥാനാർത്ഥിയെ നിർത്തുവാൻ കോൺഗ്രസ് തയ്യാറാകില്ല. എന്നാൽ, മരണത്തിൽ പോലും സഭയെ വെല്ലുവിളിച്ച പി ടി തോമസിന്റെ ഭാര്യയെ ക്രിസ്ത്യൻ സഭകൾ പിന്തുണക്കുമോ എന്ന ചോദ്യവും കോൺഗ്രസിന് മുന്നിലുണ്ട്. ലത്തീൻ കത്തോലിക്കർ ഉൾപ്പെടെ ക്രൈസ്തവ വിഭാഗങ്ങൾക്ക് പ്രാതിനിധ്യം കൂടുതലുള്ള മണ്ഡലമാണ് തൃക്കാക്കര. കോൺഗ്രസുമായി ഇടഞ്ഞ് നിൽക്കുന്ന കെ വി തോമസിനാകട്ടെ എല്ലാ സഭകളുമായും നല്ല ബന്ധമാണുള്ളത്.
സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും ഉയർത്തിക്കാട്ടിയാകും ഇടത് മുന്നണി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുക എന്നത് വ്യക്തമാണ്. കോൺഗ്രസ് തകർന്നടിഞ്ഞു എന്ന് ഉറപ്പാക്കേണ്ടത് ബിജെപിയുടെയും ആവശ്യമാണ്. തൃക്കാക്കര പോലെ യുഡിഎഫിന്റെ ഉറച്ച കോട്ടയിൽ കോൺഗ്രസ് സ്ഥാനാർത്ഥി പരാജയപ്പെട്ടാൽ, കോൺഗ്രസിന് കേരളത്തിലും ഭാവിയില്ലെന്ന് നേതാക്കളും പ്രവർത്തകരും തിരിച്ചറിയുമെന്നും അത് തങ്ങൾക്ക് ഗുണം ചെയ്യുമെന്നുമാണ് ബിജെപിയുടെ കണക്കു കൂട്ടൽ.
What's Your Reaction?