Unemployment | സംസ്ഥാനത്ത് 30 ലക്ഷം തൊഴില്‍രഹിതർ; പക്ഷേ തൊഴില്‍രഹിത വേതനം വാങ്ങാനാളില്ല

എംപ്ലോയ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കണക്കുകള്‍ പ്രകാരം മുപ്പത് ലക്ഷത്തോളം തൊഴില്‍രഹിതരാണ് കേരളത്തില്‍ ഉള്ളത്. പക്ഷെ തൊഴില്‍രഹിത വേതനം വാങ്ങാന്‍ ആളില്ല എന്നതാണ് വാസ്തവം.

Jun 21, 2022 - 04:58
 0

എംപ്ലോയ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കണക്കുകള്‍ പ്രകാരം  മുപ്പത് ലക്ഷത്തോളം തൊഴില്‍രഹിതരാണ് കേരളത്തില്‍ ഉള്ളത്. പക്ഷെ തൊഴില്‍രഹിത വേതനം വാങ്ങാന്‍ ആളില്ല എന്നതാണ് വാസ്തവം. കുടുംബ വാർഷിക വരുമാനം 12,000 രൂപയായി നിശ്ചയിച്ചിരിക്കുന്നതിനാലാണ് ഭൂരിഭാഗം പേരും തൊഴിൽരഹിത വേതന പട്ടികയിൽ നിന്നു പുറത്താകാന്‍ കാരണം.  ഇപ്പോഴും മാസം 120 രൂപ മാത്രമാണ് തൊഴിൽരഹിത വേതനമായി സര്‍ക്കാര്‍ നല്‍കുന്നത്.

കുടുംബ വാർഷിക വരുമാനപരിധി 12,000 രൂപയിൽനിന്ന് 24,000 രൂപയായി ഉയർത്തണമെന്നും, തൊഴിൽരഹിത വേതനം മാസം 120 രൂപയിൽനിന്ന് 250 രൂപയാക്കണമെന്നും സര്‍ക്കാരിന് ശുപാര്‍ശ ലഭിച്ചിരുന്നു. തൊഴിൽ വകുപ്പിനു കീഴിലുള്ള എംപ്ലോയ്മെന്റ് ഡയറക്ടറേറ്റാണ് ഒരു വർഷം മുൻപ് സർക്കാരിനു ഇത് സംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.  

സംസ്ഥാനത്ത് തൊഴിൽരഹിത വേതനം കൈപ്പറ്റു‍ന്നവരുടെ എണ്ണം 5 വർഷത്തിനിടെ 3.24 ലക്ഷത്തിൽനിന്നു 24,000 ആയി കുറഞ്ഞതായാണ് എംപ്ലോയ്മെന്റ് ഡയറക്ടറേറ്റിന്റെ കണക്ക്. തൊഴിലുറപ്പു പദ്ധതിയിൽ‍പ്പെട്ടവരെ ഒഴിവാക്കിയതും അപേക്ഷകരുടെ എണ്ണം കുത്തനെ കുറയാൻ കാരണമായി.

1982ലാണ് സംസ്ഥാനത്ത് പത്താം ക്ലാസ് പാസായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേരു റജിസ്റ്റർ ചെയ്യുന്നവർക്കായി തൊഴിൽരഹിത വേതന പദ്ധതി ആരംഭിച്ചത്. 18–35 പ്രായപരിധിയും നിശ്ചയിച്ചു. ആദ്യം 80 രൂപയായിരുന്നത് പിന്നീട് 120 രൂപയാക്കി ഉയര്‍ത്തിയിരുന്നു. നിലവിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തു ജോലി കാത്തിരിക്കുന്നത് 29,17,007 പേരാണ്. ഇതില്‍  18.52 ലക്ഷം പേരും വനിതകളാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow