സര്‍ക്കാര്‍ ജോലി തട്ടിയെടുക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും പിടിയിൽ
സർക്കാർ ജോലി സ്വന്തമാക്കുന്നതിനായി ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ജാർഖണ്ഡിലെ ഹസാരിബാഗിൽ ആണ് സംഭവം. സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡ് ജീവനക്കാരനായ മാംഗ്ലേഷ് പാൽ എന്ന ഹാപ്പിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മാംഗ്ലേഷിന്റെ ഭാര്യ 23 കാരിയായ സോണാലി കുമാരി എന്ന നീതു, കാമുകൻ കൗശിക് കുമാർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സോണാലിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് കൗശിക് കുമാർ. കൊലപാതകത്തിൽ പങ്കാളിയായ ഒരു പ്രായപൂർത്തിയാകാത്ത കുട്ടിയെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി.
ഒക്ടോബർ 18-നാണ് കേസിനാസ്പദമായ സംഭവം പുറത്തുവരുന്നത്. വീട്ടിൽ അതിക്രമിച്ചുകയറിയ കൊള്ളക്കാർ തന്നെ കെട്ടിയിട്ട ശേഷം ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നായിരുന്നു സോണാലി പോലീസിന് നൽകിയ ആദ്യ മൊഴി. എന്നാൽ വീട്ടിലെ സാഹചര്യങ്ങളും സോണാലിയുടെ മൊഴികളിലെ വൈരുദ്ധ്യങ്ങളും പോലീസിൽ സംശയമുണർത്തി.
തുടർന്ന് ഹസാരിബാഗ് എസ്.പിയുടെ നിർദ്ദേശപ്രകാരം ബർകഗാവ് എസ്.ഡി.ഒ.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. ഫോറൻസിക് വിദഗ്ധരുടെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെ നടത്തിയ ശാസ്ത്രീയ പരിശോധനയ്ക്കും കസ്റ്റഡിയിലെടുത്തുള്ള ചോദ്യംചെയ്യലിനും ഒടുവിലാണ് നടുക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ഭർത്താവിന്റെ മരണത്തിന് ശേഷം അനുകമ്പാ അർഹതയുള്ള നിയമനത്തിലൂടെ ജോലി നേടാനും കാമുകനായ കൗശിക്കിനെ വിവാഹം കഴിക്കാനുമാണ് സോണാലി ഈ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. ഇതിനായി പരമ്പരാഗത ആയുധമായ 'ദൗലി'യും കത്തിയുമുപയോഗിച്ച് ഉറങ്ങിക്കിടക്കുകയായിരുന്ന മാംഗ്ലേഷിനെ ഇവർ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം പോലീസിനെ തെറ്റിദ്ധരിപ്പിക്കാനാണ് സോണാലി തന്റെ കൈകാലുകൾ സ്വയം കെട്ടിയിട്ട് കഥ മെനഞ്ഞത്.
പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊലപാതകത്തിന് ഉപയോഗിച്ച രക്തക്കറ പുരണ്ട ആയുധങ്ങളും, തെളിവുകൾ നശിപ്പിക്കാൻ ഉപയോഗിച്ച തുണികളും, കത്തിച്ചുകളഞ്ഞ മൊബൈൽ ഫോണുകളുടെ അവശിഷ്ടങ്ങളും പോലീസ് കണ്ടെടുത്തു. കൊല്ലപ്പെട്ട മാംഗ്ലേഷിന്റെ സഹോദരിയുടെ പരാതിയിൽ ജിദ്ദി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
What's Your Reaction?