മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മുൻ പ്രധാനമന്ത്രി എ.ബി വാജ്പേയുടെ വസതിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു. "ലക്ഷക്കണക്കിന് ആളുകളുടെ സ്നേഹത്തിനും ബഹുമാനത്തിനും പാത്രമായിരുന്നു അടൽ ബിഹാരി വാജ്പേയി.
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മുൻ പ്രധാനമന്ത്രി എ.ബി വാജ്പേയുടെ വസതിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു. "ലക്ഷക്കണക്കിന് ആളുകളുടെ സ്നേഹത്തിനും ബഹുമാനത്തിനും പാത്രമായിരുന്നു അടൽ ബിഹാരി വാജ്പേയി. അദ്ദേഹത്തിൻറെ കുടുംബത്തിനും അനുയായികൾക്കും എൻറെ അനുശോചനങ്ങൾ." എന്നാണ് മരണ വാർത്തയറിഞ്ഞയുടൻ രാഹുൽ ഗാന്ധി പ്രതികരിച്ചത്. 93 കാരനായ എ.ബി വാജ്പേയി ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് യാത്രയായത്. ജൂൺ 11 ന് ഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി കഴിഞ്ഞ രണ്ട് ദിവസമായി വളരെ ഗുരുതരമായിരുന്നു.
ഇന്നലെ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഡൽഹിയിലുള്ള വാജ്‌പേയുടെ വസതിയിലെത്തി ആദരാജ്ഞലികൾ അർപ്പിച്ചിരുന്നു. ബിജെപി ആസ്ഥാനത്ത് പൊതുദർശനത്തിന് വയ്ക്കുന്ന മൃതദേഹം വൈകിട്ട് നാലിന് യമുനാതീരത്തെ സ്‌മൃതിസ്ഥലിൽ സംസ്‌കരിക്കും. രാജ്യത്തിൻറെ പത്താമത് പ്രധാനമന്ത്രിയായിരുന്ന എ.ബി വാജ്പേയിക്ക് ആദരാജ്ഞലികൾ അർപ്പിക്കാൻ കക്ഷി രാഷ്ട്രീയഭേദമന്യേ നിരവധിപേർ എത്തിയിരുന്നു. ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നംഗ്യാൽ വാങ്‌ചുക്, നേപ്പാൾ വിദേശകാര്യമന്ത്രി പി.കെ ഗ്യാവാൾ, ശ്രീലങ്കൻ ആക്ടിങ് വിദേശകാര്യമന്ത്രി, ബംഗ്ലാദേശ് വിദേശകാര്യമന്ത്രി, പാകിസ്ഥാൻ നിയമമന്ത്രി അലി സഫർ തുടങ്ങിയവർ മുൻ പ്രധാനമന്ത്രിക്ക് അന്ത്യാഞ്ജലികൾ അർപ്പിക്കാൻ ഡൽഹിയിലെത്തും. ആർഎസ്എസ് മോഹൻ ഭാഗവത്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കേരള ഗവർണർ പി സദാശിവം, തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി തുടങ്ങിയവർ വാജ്പേയിക്ക് അന്തിമോപചാരം അർപ്പിച്ചു.