ഞങ്ങളെ അക്രമിക്കുന്നവരെ ശക്തമായി തിരിച്ചടിക്കും; ഇറാനെതിരെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
ഇസ്രയേലിനെതിരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ പ്രതികാരം വീട്ടുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന് ശക്തമായ തിരിച്ചടി നല്‍കും. പശ്ചിമേഷ്യയില്‍ യുദ്ധഭീതിനിലനില്‍ക്കേ ഇസ്രയേല്‍ ലക്ഷ്യമാക്കി ഡ്രോണുകളും മിസൈലുകളും ഇന്നുപുലര്‍ച്ചെയോടെയായിരുന്നു ഇറാന്‍ തൊടുത്ത് വിട്ടത്. ഇറാന്‍ സൈന്യം കൂടാതെ മറ്റ് സഖ്യരാജ്യങ്ങളില്‍ നിന്നും ഇസ്രയേലിനുനേരെ ആക്രമണമുണ്ടായതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായും പ്രത്യേകിച്ച് കുറച്ച് ആഴ്ചകളായി ഇറാന്റെ ഭാഗത്തു നിന്ന് ആക്രമണം ഇസ്രയേല്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും തങ്ങളെ അക്രമിക്കുന്നവരെ തിരിച്ചടിക്കാന്‍ ഇസ്രയേലും ഐ.ഡി.എഫും തയ്യാറാണെന്നും നെതന്യാഹു പറഞ്ഞു.
ഇസ്രയേലിനെ പിന്തുണച്ച യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളെ പ്രധാനമന്ത്രി നന്ദി അറിയിച്ചു.
അതേസമയം, ഇസ്രയേലിനെതിരെ ആക്രമ ഭീഷണി ഉയര്‍ത്തുന്ന ഇറാന് മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തി. ഇറാന്‍ സൈനിക നീക്കം നടത്തുമെന്ന ഇന്റലിജന്‍സ് ഏജന്‍സികളുടെ നിര്‍ദേശത്തെ തുടര്‍ന്ന് അമേരിക്ക ഇസ്രയേലിനെ സഹായിക്കാന്‍ യുദ്ധക്കപ്പലുകള്‍ അയച്ചു.
മേഖലയിലെ ഇസ്രയേലി, അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെ സംരക്ഷിക്കാനാണ് യു.എസ്. സൈനിക സഹായങ്ങള്‍ അയച്ചത്. കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലേക്ക് രണ്ട് യുദ്ധക്കപ്പലുകളാണ് യു.എസ്. നാവികസേന അയച്ചതെന്ന് നേവി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നിലവില്‍ ചെങ്കടലിലുള്ള എസ്.എസ്. കാര്‍നിയാണ് അമേരിക്ക അയച്ച ഒരു യുദ്ധക്കപ്പല്‍. ഹൂതികളുടെ ഡ്രോണ്‍ ആക്രമണവും കപ്പല്‍വേധ മിസൈലുകളും പ്രതിരോധിക്കുന്ന വ്യോമദൗത്യമാണ് ചെങ്കടലില്‍ യുഎസ്എസ് കാര്‍നിക്കുള്ളത്.
ആക്രമണം ഏതുനിമിഷവും പ്രതീക്ഷിക്കണമെന്ന മുന്നറിയിപ്പ് യുഎസ്. പ്രസിഡന്റ് ജോ ബൈഡന്‍ തന്നെ ഇസ്രയേലിന് നല്‍കിയിട്ടുണ്ട്. ഇസ്രയേലിനെ ഒരുകാരണവശാലും ആക്രമിക്കരുതെന്ന് ഇറാനോടും അമേരിക്ക നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം, ഇറാന്റെ ഭീഷണികള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നും ആക്രമണം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇസ്രയേല്‍. ഇറാന്റെ ഏതു ഭീഷണിയേയും നേരിടാനും ഏറ്റുമുട്ടലിനും തയാറാണെന്ന് ഇസ്രയേല്‍ അറിയിച്ചു. യുദ്ധം ആസന്നമായ സാഹചര്യത്തില്‍ പൗരന്‍മാര്‍ക്ക് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി.
What's Your Reaction?