ഉജ്ജ്വല പദ്ധതിയിലെ പാചകവാതക സബ്‌സിഡി സിലിണ്ടറിന് 200 രൂപയില്‍ നിന്നും 300 രൂപയായി ഉയർത്തി
ഉജ്ജ്വല പദ്ധതിക്ക് കീഴിലുള്ള എൽപിജി സബ്‌സിഡി 200 രൂപയിൽ നിന്നും 300 രൂപയായി വർധിപ്പിച്ചു കേന്ദ്രസർക്കാർ. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. 14.2 കിലോഗ്രാം സിലിണ്ടറിന് 903 രൂപയാണ് വിപണി വില. എന്നാൽ 703 രൂപയ്ക്കായിരുന്നു ഉജ്ജ്വല ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നത്. എന്നാൽ ഇനി 603 രൂപയ്ക്ക് 14.2 കിലോഗ്രാം സിലിണ്ടർ ഉജ്ജ്വല ഗുണഭോക്താക്കൾക്ക് ലഭിക്കും.
ഉജ്ജ്വല പദ്ധതിക്ക് കീഴില്‍ പുതിയ പാചകവാതക കണക്ഷന്‍ എടുക്കുന്നവര്‍ക്കായി 1650 കോടി രൂപയുടെ സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 2016 മേയിലാണ് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം പ്രധാന്‍ മന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതി അവതരിപ്പിച്ചത്. എല്‍പിജി ഗ്രാമീണ മേഖലയിലേക്കും കൂടി വ്യാപിപ്പിക്കുക, പരമ്പരാഗത രീതികളായ വിറക്, കല്‍ക്കരി, ചാണകം എന്നിവ ഒഴിവാക്കി പ്രകൃതി സൗഹൃദ പാചകം സാധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചത്.
പരമ്പരാഗത പാചകരീതികള്‍ ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്നതായും പ്രകൃതിയ്ക്ക് കോട്ടം വരുത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. 2016 മേയ് ഒന്നിന് ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പിഎംയുവൈ പദ്ധതി ഉദ്ഘാടനം ചെയ്തത്. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ പാചകവാതകം എത്തിക്കുന്ന ഉജ്വല യോജന പദ്ധതി 2018-ല്‍ കേന്ദ്രസര്‍ക്കാര്‍ വിപുലപ്പെടുത്തിയിരുന്നു.
തുടക്കത്തില്‍ 2011-ലെ സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസ് പട്ടിക കണക്കിലെടുത്തായിരുന്നു പദ്ധതിക്കായി ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. പിന്നീട് ഇതില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളെയും എല്ലാ പിന്നോക്ക വിഭാഗങ്ങളെയും അടക്കം വിവിധ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി.
What's Your Reaction?