‘ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാരുടെ ബിജെപി അനുകൂല പ്രസ്താവന ഗൗരവമായി കാണണ'മെന്ന് എം.വി ഗോവിന്ദന്‍
ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാര്‍ തുടര്‍ച്ചയായി ബിജെപി അനുകൂല പ്രസ്താവനകള്‍ നടത്തുന്നത് ഗൗരവമായി കാണണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പ്രസ്താവനകളുടെ അടിസ്ഥാനമെന്തെന്ന് ഗൗരവമായി ചിന്തിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തീഡ്രൽ സന്ദർശിക്കുന്നു, പ്രധാനമന്ത്രിമാരുടെ ചരിത്രത്തിൽ തന്നെ ഇത് ആദ്യമാണ്. ക്രിസ്ത്യൻ ജനവിഭാഗത്തിന് നേരെ പല രീതിയിലുള്ള ആക്രമണമാണ് നടക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സംഘപരിവാർ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ക്രിസ്തീയ സംഘടനകൾ ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഇതിൽ കേരളം ഉൾപ്പെട്ടിട്ടില്ല. മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന അതിക്രമങ്ങൾ കാണാതെ പോകരുതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
ന്യൂനപക്ഷ ജനവിഭാഗങ്ങളെ ആന്തരിക ഭീഷണിയായി പ്രഖ്യാപിച്ചവരാണ് സംഘപരിവാര്‍. അവരെ കൂടെനിര്‍ത്താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം പരിഹാസ്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു. സംഘപരിവാറിന്റെ രാഷ്ട്രീയ നിലപാടുകള്‍ ആപൽകരമാണെന്ന് തിരിച്ചറിഞ്ഞ് ക്രിസ്ത്യന്‍ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ തന്നെ പ്രക്ഷോഭരംഗത്തിറങ്ങിയിട്ട് ദിവസങ്ങളായിട്ടേയുള്ളൂ. വിചാരധാരയിൽ ആന്തരിക ഭീഷണിയായി ക്രിസ്താനികളെ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ മിക്ക സ്ഥലങ്ങളിലും ക്രിസ്ത്യാനികൾക്ക് നേരെ അക്രമം ഉണ്ടായിട്ടുണ്ടെന്നും സിപിഎം പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു.
പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ നേതാക്കളെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാന്‍ സംഘപരിവാര്‍ ഉപയോഗിച്ച ഭീഷണിയും പ്രലോഭനവും ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളോടും ആരംഭിച്ചിരിക്കുകയാണ്. അരമനകള്‍ തോറുമുള്ള ബിജെപി നേതാക്കളുടെ യാത്രകള്‍ ഇതിന് അടിവരയിടുന്നതാണ്. ശക്തമായ മതനിരപേക്ഷ കാഴ്ചപ്പാടുള്ള കേരള ജനത ഈ നാടകങ്ങളെ അവജ്ഞയോടെ തള്ളിക്കളയുമെന്നും പ്രസ്താവനയില്‍ പറയുന്നു.
What's Your Reaction?