മെട്രോമാന്റെ ജീവിതം വെള്ളിത്തിരയിലേക്ക‌് ; ഇ ശ്രീധരൻ ഇന്ന‌് പോസ‌്റ്റർ പുറത്തിറക്കും
മെട്രോമാൻ ഇ ശ്രീധരന്റെ ഇതിഹാസതുല്യമായ ഔദ്യോഗികജീവിതത്തെ കേന്ദ്രബിന്ദുവാക്കി മലയാളസിനിമ ഒരുങ്ങുന്നു. വി കെ പ്രകാശ‌് സംവിധാനം ചെയ്യുന്ന സിനിമയിൽ ജയസൂര്യയാണ‌് ശ്രീധരന്റെ വേഷമിടുന്നത‌്. സിനിമയുടെ പേരും ഫസ‌്റ്റ‌് ലുക്ക‌് പോസ‌്റ്ററും പൊന്നാനിയിലെ വീട്ടിൽ ചൊവ്വാഴ‌്ച പകൽ 11ന‌് ഇ ശ്രീധരൻ പുറത്തിറക്കും.
മെട്രോമാൻ ഇ ശ്രീധരന്റെ ഇതിഹാസതുല്യമായ ഔദ്യോഗികജീവിതത്തെ കേന്ദ്രബിന്ദുവാക്കി മലയാളസിനിമ ഒരുങ്ങുന്നു. വി കെ പ്രകാശ‌് സംവിധാനം ചെയ്യുന്ന സിനിമയിൽ ജയസൂര്യയാണ‌് ശ്രീധരന്റെ വേഷമിടുന്നത‌്. സിനിമയുടെ പേരും ഫസ‌്റ്റ‌് ലുക്ക‌് പോസ‌്റ്ററും പൊന്നാനിയിലെ വീട്ടിൽ ചൊവ്വാഴ‌്ച പകൽ 11ന‌് ഇ ശ്രീധരൻ പുറത്തിറക്കും.
1964ലെ പാമ്പൻ പാലം പുനർനിർമാണംമുതൽ കൊച്ചി മെട്രോവരെ നീളുന്ന ഔദ്യോഗിക ജീവിതകാലമാണ‌് സിനിമയുടെ പശ‌്ചാത്തലം. 30 വയസ്സുകാരനായ ഇ ശ്രീധരനിൽ തുടങ്ങുന്ന കഥ കൊച്ചി മെട്രോ നിർമാണത്തിൽ ഏർപ്പെടുന്ന എൺപത്തേഴുകാരനായ മെട്രോമാനിലേക്ക‌് നീളുന്നു. വമ്പൻ വികസനപദ്ധതികൾ നടപ്പാക്കുന്നതിൽ ശ്രീധരൻ കാഴ‌്ചവച്ച വ്യത്യസ‌്തമായ പ്രോജക‌്ട‌് മാനേജ‌്മെന്റ‌് അനുഭവങ്ങളെ ജീവിതഗന്ധിയായ മറ്റൊരു കഥയുടെ സമാന്തരത്തിലൂടെയാണ‌് സിനിമ അവതരിപ്പിക്കുന്നത‌്. വികസനപദ്ധതികളുടെ യഥാർഥ ഗുണഭോക്താക്കൾ ആരാകണമെന്ന പ്രസക്തമായ ചോദ്യത്തിന‌് ഇ ശ്രീധരന്റെ വികസന കാഴ‌്ചപ്പാടിലൂടെ ഉത്തരം നൽകുകയാണ‌് സിനിമ. പാമ്പൻ നിർമാണകാലത്തിൽ തുടങ്ങി കൊച്ചി കപ്പൽശാല, കൊങ്കൺ, ഡൽഹി മെട്രോ നിർമാണകാലങ്ങളിലൂടെയും സിനിമ സഞ്ചരിക്കുന്നുണ്ട‌്. സുരേഷ‌്ബാബുവാണ‌് കഥാകൃത്ത‌്. നിർമാതാവ‌് അരുൺ നാരായണൻ. ഇന്ദ്രൻസ‌് മറ്റൊരു പ്രധാന വേഷം ചെയ്യും.
സിനിമയിൽ പ്രധാന വേഷം ചെയ്യാമെന്നേറ്റ ജയസൂര്യ കഴിഞ്ഞയാഴ‌്ച പൊന്നാനിയിലെ വീട്ടിലെത്തി ഇ ശ്രീധരനെ കണ്ടിരുന്നു. സിനിമയുമായി ബന്ധമൊന്നുമില്ലെങ്കിലും ജയസൂര്യയുടെയും അണിയറപ്രവർത്തകരുടെയും ആവശ്യപ്രകാരം സിനിമയ‌്ക്ക‌് എല്ലാ പിന്തുണയും നൽകുമെന്ന‌് ഇ ശ്രീധരൻ അപ്പോൾ അറിയിച്ചിരുന്നു. 35 വർഷംമുമ്പാണ‌് താൻ അവസാനമായി സിനിമ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. സാങ്കൽപ്പിക കഥയുടെ പശ‌്ചാത്തലത്തിൽ തന്റെ ഔദ്യോഗിക ജീവിതകാലമാകെ കടന്നുവരുന്ന സിനിമയുടെ കഥ ശ്രീധരനും ഭാര്യ രാധയും ശ്രദ്ധാപൂർവം കേട്ടു. ഇരുവർക്കും കഥ ഇഷ‌്ടപ്പെട്ടെന്നും അറിയിച്ചു.
ചൊവ്വാഴ‌്ച പൊന്നാനിയിൽ ശ്രീധരന്റെ വീട്ടിൽ ചേരുന്ന ചടങ്ങിൽ സംവിധായകൻ വി കെ പ്രകാശ‌്, ജയസൂര്യ, അരുൺ നാരായണൻ, കഥാകൃത്ത‌് സുരേഷ‌്ബാബു തുടങ്ങിയവർ പങ്കെടുക്കും. ജനുവരിയിൽ ചിത്രീകരണം തുടങ്ങി വിഷുവിന‌് ചിത്രം തിയറ്ററിൽ എത്തിക്കാനാണ‌് അണിയറപ്രവർത്തകൾ ആലോചിക്കുന്നത‌്.
What's Your Reaction?