International Nurses Day | ലോക നഴ്‌സസ് ദിനം: ജീവൻ പണയം വെച്ച് സൈനികരെ രക്ഷിച്ച നൈറ്റിം​ഗേലിന്റെ ജന്മദിനം

May 12, 2022 - 17:17
 0
International Nurses Day | ലോക നഴ്‌സസ് ദിനം: ജീവൻ പണയം വെച്ച് സൈനികരെ രക്ഷിച്ച നൈറ്റിം​ഗേലിന്റെ ജന്മദിനം

ലോകമെമ്പാടുമുള്ള നഴ്‌സുമാരുടെ സേവനങ്ങളെ അഭിനന്ദിക്കുന്നതിനും ബഹുമാനിക്കുന്നതിനുമായാണ് മെയ് 12 ലോക നഴ്‌സസ് ദിനമായി (International Nurses Day) ആചരിക്കുന്നത്. ആധുനിക നഴ്സിങ്ങിന്റെ സ്ഥാപകയും സാമൂഹിക പരിഷ്കർത്താവും സ്റ്റാറ്റിസ്റ്റിഷ്യനുമായിരുന്ന ഫ്ലോറൻസ് നൈറ്റിംഗേലിന്റെ (Florence Nightingale) ജന്മദിനമാണ് ലോക നഴ്‌സസ് ദിനമായി കൊണ്ടാടുന്നത്.

"നഴ്‌സുമാർ: നേതൃനിരയിലെ ശബ്ദം - നഴ്സുമാർക്കായി പ്രവർത്തിക്കുക, അവരുടെ അവകാശങ്ങളെ മാനിക്കുക, ആരോ​ഗ്യം സുരക്ഷിതമാക്കുക'' (Nurses: A Voice to Lead - Invest in Nursing and respect rights to secure global health) എന്നതാണ് ഈ വർഷത്തെ നഴ്‌സ് ദിനത്തിന്റെ തീം. ലോകമെമ്പാടുമുള്ള നിരവധി ആശുപത്രികൾ മെയ് 6 മുതൽ 12 വരെ നഴ്സ് വീക്ക് ആചരിക്കാറുണ്ട്. ഇതിന്റെ ഭാഗമായി യോഗയും സെമിനാറുകളും ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങളും സംഘടിപ്പിക്കാറുണ്ട്.

ഫ്ളോറൻസ് നൈറ്റിം​ഗേൽ

1820 മെയ് 12 നാണ് ഫ്ളോറൻസ് നൈറ്റിം​ഗേൽ ജനിച്ചത്. 1850-കളിൽ റഷ്യയും ബ്രിട്ടനും തമ്മിലുള്ള ക്രിമിയൻ യുദ്ധത്തിലാണ് നൈറ്റിംഗേൽ പ്രശസ്തയായത്. റഷ്യൻ സേനയുമായി പോരാടി ഭയാനകമായ അവസ്ഥയിൽ വരെ എത്തിയ ബ്രിട്ടീഷ് സൈനികരെ 38 സ്ത്രീകളടങ്ങുന്ന തന്റെ ടീമിനൊപ്പം പ്രവർത്തിച്ച് അവൾ ശുശ്രൂഷിച്ചു.

ചരിത്ര രേഖകൾ അനുസരിച്ച്, അഴുകിയ മുറിവുകളും വൃത്തികെട്ട ബാൻഡേജുകളുമൊക്കെ ആയി എത്തിയ സൈനികരെയാണ് ഫ്ളോറൻസ് നൈറ്റിം​ഗേലും സംഘവും പരിചരിച്ചത്. അവരുടെ താമസസ്ഥങ്ങൾക്കു താഴെ എലികൾ ഉണ്ടായിരുന്നു. 150 ഉദ്യോഗസ്ഥർക്ക് ഒരു ബാത്ത് ടബ് മാത്രമാണ് ഉണ്ടായിരുന്നത്. കാര്യങ്ങൾ കൂടുതൽ വഷളാക്കിക്കൊണ്ട്, ചത്ത ഒരു കുതിരയും അവർ ഉപയോ​ഗിച്ചിരുന്ന വെള്ളത്തിൽ ഒരിക്കൽ കാണപ്പെട്ടു.



ഇതെല്ലാം കണ്ട്, ജീവൻ പണയപ്പെടുത്തിയാണ് നൈറ്റിം​ഗേൽ കോൺസ്റ്റാന്റിനോപ്പിളിലേക്ക് (ഇന്നത്തെ ഇസ്താംബുൾ) പോയി സോപ്പും തൂവാലകളും വൃത്തിയുള്ള ലിനനും പട്ടാളക്കാർക്കുള്ള ഭക്ഷണവും കൊണ്ടുവന്നത്. ശുചിത്വത്തിന്റെയും പോഷകാഹാരത്തിന്റെയും ചുമതല
കൂടി ഇവരുടെ ടീം ഏറ്റെടുത്തു. ഉടൻ തന്നെ മരണനിരക്കും കുറഞ്ഞു. തങ്ങളുടെ ജീവൻ തന്നെ രക്ഷിച്ച സേവനങ്ങൾ കണക്കിലെടുത്ത് സൈനികർ നൈറ്റിം​ഗേലിനെ ഒരു മാലാഖയായി വാഴ്ത്തി.

ആധുനിക നഴ്സിങ്ങ് (Modern-day nursing)

ഇന്ന് ഓരോ രോ​ഗിക്കും ഒരു നേഴ്സ് എന്ന രീതിയാണ് നിലവിലുള്ളത്. അതുകൊണ്ടു തന്നെ രോ​ഗികളുടെ പ്രത്യേക ആവശ്യങ്ങളെക്കുറിച്ച്, നിയോ​ഗിക്കപ്പെട്ടിട്ടുള്ള നഴ്സിന് കൂടുതൽ മനസിലാക്കാൻ സാധിക്കും. ഡോക്ടർമാരും രോഗികളും തമ്മിലുള്ള കണ്ണിയായി അവർ പ്രവർത്തിക്കുന്നു. ഓരോ രോഗിയെയും സൂക്ഷ്മമായി നിരീക്ഷിച്ച് മരുന്നും ആവശ്യമുള്ള ചികിത്സകളുമൊക്കെ നൽകി നഴ്സുമാർ ഇന്ന് ഒരു പരിചരണ പദ്ധതി തന്നെ നടപ്പിലാക്കുന്നു.

ഇന്റർനാഷണൽ നഴ്സസ് കൗൺസിൽ (International Council of Nurses) പറയുന്നതനുസരിച്ച്, നഴ്‌സുമാരുടെ കുറവ് പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണ്. അത് എത്രയും വേഗം പരിഹരിക്കപ്പെടണമെന്നാണ് കൗൺസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നഴ്‌സുമാരുടെ അവകാശങ്ങൾ, സുരക്ഷ, ക്ഷേമം എന്നിവ ഉറപ്പു വരുത്താൻ കൂടിയാണ് കൗൺസിലിന്റെ പ്രവർത്തനം.

What's Your Reaction?

like

dislike

love

funny

angry

sad

wow