ഫ്ളോറിഡയിൽ ദുരിതം വിതച്ച് മിൽട്ടൻ കൊടുങ്കാറ്റ്; 16 മരണം, ലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതിയില്ല

Oct 12, 2024 - 10:42
 0
ഫ്ളോറിഡയിൽ ദുരിതം വിതച്ച് മിൽട്ടൻ കൊടുങ്കാറ്റ്; 16 മരണം, ലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതിയില്ല

അമേരിക്കയിലെ ഫ്ളോറിഡയിൽ നാശം വിതച്ച മിൽട്ടൻ കൊടുങ്കാറ്റിൽ ഇതുവരെ 16 മരണം സംഭവിച്ചതായി അധികൃതർ വെള്ളിയാഴ്ച അറിയിച്ചു. ദശലക്ഷക്കണക്കിന് വീടുകളിലാണ് വൈദ്യുതി മുടങ്ങിയത്. എകദേശം രണ്ട് മില്യണിലധികം വീടുകളിലെ വൈദ്യുതി വിതരണം നിലച്ചതായി അധികൃതർ അറിയിച്ചു

മിൽട്ടൻ കൊടുങ്കാറ്റ് സംഹാര താണ്ഡവമാടിയ ചില പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വെള്ളം ഉയർന്നു കൊണ്ടിരിക്കുന്ന പ്രദേശങ്ങളുണ്ടെന്നും ജാഗ്രത പാലിക്കണമെന്നു ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് ജനങ്ങൾക്ക് നിർദ്ദേശം നൽകി. തിരച്ചിൽ തുടരുകയാണെന്നും ഇതുവരെ 1,600 പേരെ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുവന്നതായിയും ഗവർണർ ഡിസാൻ്റിസ് പറഞ്ഞു. കൊടുങ്കാറ്റിൽ 50 ബില്യൺ ഡോളറിന്റെ നാശനഷ്ടം കണക്കാക്കുന്നതായി പ്രസിഡന്‍റ് ജോ ബൈഡൻ അറിയിച്ചു. ബൈഡൻ ശനിയാഴ്ച ഫ്ലോറിഡ സന്ദർശിക്കും.

മിൽട്ടൻ ചുഴലിക്കാറ്റ് തീരം വിട്ടെങ്കിലും ഫ്ളോറിഡയിലെ ചില സ്ഥലങ്ങളിൽ ഇപ്പോഴും മഴ തുടരുന്നുണ്ട്. ഫ്ളോറിഡയുടെ ചില പ്രദേശങ്ങളിൽ കനത്ത നാശം വിതച്ച ശേഷമാണ് മിൽട്ടൻ കൊടുങ്കാറ്റ് തീവ്രത കുറഞ്ഞ കാറ്റഗറി 1 കാറ്റായി അറ്റ്ലാൻിക്ക് സമുദ്രത്തിലേക്ക് കടന്നത്. ഒക്ടോബർ പത്തിന് പ്രാദേശിക സമയം രാത്രി എട്ടരയോടെയായിരുന്നു മിൽട്ടൻ കൊടുങ്കാറ്റ് ഫ്ളോറിഡയുടെ തീരം തൊട്ടത്. 28 അടിയോളം ഉയരമുള്ള തിരമാലകൾ തീരത്തേക്കടിച്ചു, വെള്ളപ്പൊക്കത്തിൽ വ്യാപക നാശനഷ്ടമുണ്ടായി. നൂറ്റാണ്ടിന്റെ ഭീതിയെന്നാണ് പ്രസിഡന്‍റ് ജോ ബൈഡൻ ദുരന്തത്തെ വിശേഷിപ്പിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow