PV Sreenijin | 'കുന്നംകുളം മാപ്പ്'; സാബു ജേക്കബിനെതിരായ ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ച് പി വി ശ്രീനിജിൻ

ട്വൻറി 20 (Twenty 20) കോഡിനേറ്റർ സാബു എം ജേക്കബിനെ (Sabu M Jacob) പരിഹസിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജൻ (PV Sreenijin).

May 17, 2022 - 06:17
 0
PV Sreenijin | 'കുന്നംകുളം മാപ്പ്'; സാബു ജേക്കബിനെതിരായ ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ച് പി വി ശ്രീനിജിൻ

ട്വൻറി 20 (Twenty 20) കോഡിനേറ്റർ സാബു എം ജേക്കബിനെ (Sabu M Jacob) പരിഹസിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജൻ (PV Sreenijin). ഇടതുപക്ഷം വോട്ട് തേടുന്നതിന് മുമ്പ് തൻറെ കമ്പനിക്കെതിരെ നടത്തിയ പരിശോധനകൾ എന്തിനായിരുന്നു എന്ന് വ്യക്തമാക്കണമെന്നും അതിൽ തെറ്റ് പറ്റിയെങ്കിൽ മാപ്പുപറയണമെന്നും സാബു ജേക്കബ് ആവശ്യപ്പെട്ടു. ഇതിനെ പരിഹസിച്ചാണ് സ്ഥലം എംഎൽഎ കൂടിയായ പി വി ശ്രീനിജൻ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. കുന്നംകുളത്തിന്റെ മാപ്പ് ഉണ്ടെങ്കിൽ തരണമെന്നും ഒരാൾക്ക് കൊടുക്കാൻ ആയിരുന്നു എന്നുമാണ് പോസ്റ്റ്. സിപിഎം (CPM) നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് ശ്രീനിജൻ തന്റെ പോസ്റ്റ് പിൻവലിച്ചത്.

ഇതാദ്യമായല്ല സാബു ജേക്കബും ശ്രീനിജനും നേർക്കുനേർ വരുന്നത്. കിറ്റെക്സിലെ പരിശോധനകളെ ചൊല്ലി ഇരുവരും വാക്പോരിൽ ഏർപ്പെട്ടിരുന്നു. പരിശോധനകൾക്ക് പിന്നിൽ കുന്നത്തുനാട് എംഎൽഎ ആണെന്നും ശ്രീനിജൻ ട്വന്റി 20യെ തകർക്കാൻ ശ്രമിക്കുകയാണെന്നും സാബു പലകുറി പറഞ്ഞിരുന്നു. ഈ ആരോപണങ്ങൾക്കെല്ലാം ശ്രീനിജൻ തക്കതായ മറുപടികളും നൽകിയിരുന്നു. ഇതിൽ പലപ്പോഴും ശ്രീനിജിന് സിപിഎമ്മിന്റെ പിന്തുണയും ലഭിച്ചിരുന്നു. എന്നാൽ ഇക്കുറി തൃക്കാക്കര പിടിക്കാൻ ലക്ഷ്യമിടുന്ന സിപിഎം, ട്വന്റി 20യുടെ അടക്കം വോട്ടുറപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ്.

തൃക്കാക്കരയിൽ നിർണായക ശക്തിയായ ട്വൻറി 20 വോട്ടുകൾ ഏത് വിധേനയും ഇടത് പാളയത്തിൽ എത്തിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തുന്നത്. ഇപി ജയരാജൻ അടക്കമുള്ള നേതാക്കൾ ട്വന്റി ട്വന്റിയുടെ വോട്ടുകൾ സ്വീകരിക്കുമെന്ന നിലപാടിലേക്ക് എത്തിക്കഴിഞ്ഞു. ഇതിന്റെ പരോക്ഷ സൂചനകൾ അവർ പ്രസ്താവനകളിലൂടെ നൽകുകയും ചെയ്യുന്നുണ്ട്.

തന്നെ പരിഹസിച്ച ശ്രീനിജിൻ എംഎൽഎയ്ക്ക് മറുപടിയുമായി സാബു ജേക്കബ് രംഗത്തെത്തി. രൂക്ഷമായ ഭാഷയിലായിരുന്നു സാബു ജേക്കബിന്റെ പ്രതികരണം. കുന്നംകുളം മാപ്പില്ലെന്നും തൃക്കാക്കര മാപ്പ് കയ്യിലുണ്ടെന്നുമായിരുന്നു സാബുവിന്റെ മറുപടി. ഇത് മെയ് 31 ന് ശേഷം വേണമെങ്കിൽ തരാമെന്നും സാബു ജേക്കബ് വ്യക്തമാക്കി. തൃക്കാക്കര വോട്ടെടുപ്പിനെ സൂചിപ്പിച്ചുകൊണ്ടുള്ള സാബു ജേക്കബിന്റെ മറുപടിക്ക് പിന്നാലെയാണ് സിപിഎം നേതൃത്വ൦ ഇടപെട്ട് ശ്രീനിജിന്റെ പോസ്റ്റ് പിൻവലിപ്പിച്ചത്.

കോൺഗ്രസിലുണ്ടായിരുന്നപ്പോൾ ചെയ്തിരുന്ന അതേ കാര്യങ്ങളാണ് ശ്രീനിജൻ സിപിഎമ്മിൽ എത്തിയ ശേഷവും ചെയ്യുന്നതെന്നും അദ്ദേഹത്തെ നിയന്ത്രിക്കാൻ സിപിഎം നേതൃത്വം തയ്യാറാകണമെന്നും സാബു ജേക്കബ് ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow