പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൈജീരിയയുടെ പരമോന്നത സിവിലിയൻ പുരസ്കാരം
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് നൈജർ പുരസ്‌കാരം സമ്മാനിച്ച് നൈജീരിയ. നൈജീരിയൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പുരസ്കാരം ഏറ്റുവാങ്ങി.
ഈ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വിദേശ പൗരനാണ് മോദി. എലിസബത്ത് രാജ്ഞിയായിരുന്നു നൈജീരിയയുടെ പരമോന്നത സിവിലിയൻ പുരസ്കാരം ആദ്യം ലഭിച്ചത്. പ്രധാനമന്ത്രിക്ക് ഒരു വിദേശരാജ്യം നൽകുന്ന 17-ാമത് അന്താരാഷ്ട്ര പുരസ്കാരം കൂടിയാണിത്.
അതേസമയം നൈജീരിയയിലെത്തിയ പ്രധാനമന്ത്രിക്ക് ഉജ്വല വരവേൽപ്പാണ് രാജ്യത്ത് ലഭിച്ചത്. നൈജീരിയയുടെ തലസ്ഥാനമായ അബുജയിൽ ഫെഡറൽ ക്യാപിറ്റൽ ടെറിട്ടറി മന്ത്രി നൈസോം എസെൻവോ വൈക്കാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. രണ്ട് ദിവസം പ്രധാനമന്ത്രി നൈജീരിയിൽ ഉണ്ടാകും.
പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവിന്റെ ക്ഷണപ്രകാരമാണ് മോദിയുടെ നൈജീരിയൻ സന്ദർശനം. 17 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയ സന്ദർശിക്കുന്നത്. ഇന്ത്യയും നൈജീരിയയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യം വെച്ചാണ് സന്ദർശനം.
നൈജീരിയയിൽ എത്തിയ പിന്നാലെ തന്നെ പ്രധാനമന്ത്രി എക്സിലൂടെ ചിത്രങ്ങൾ പങ്കുവെച്ചു.' പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവിന്റെ ക്ഷണപ്രകാരമാണ് ഞാൻ ഇവിടെ എത്തിയത്. പശ്ചിമാഫ്രിക്കൻ മേഖലയിലെ ഇന്ത്യയുടെ ശക്തരായ പങ്കാളികളാണ് നൈജീരിയ. ജനാധിപത്യത്തിലും ബഹുസ്വരതയിലും അധിഷ്ഠിതമായ ഇരുരാജ്യങ്ങളുടേയും തന്ത്രപരമായ പങ്കാളിത്തം കൂടുതൽ കെട്ടിപടുക്കാൻ ലക്ഷ്യം വെച്ചുള്ളതാണ് തന്റെ സന്ദർശനം', അദ്ദേഹം എക്സിൽ കുറിച്ചു.
2007 മുതൽ ഇന്ത്യയും നൈജീരയും തമ്മിൽ ശക്തമായ ഉഭയകക്ഷി ബന്ധം പുലർത്തുന്നുണ്ട്. സാമ്പത്തികം, ഊർജ്ജം, പ്രതിരോധം, സഹകരണം തിടങ്ങിയ മേഖലകളിലെല്ലാം ഇരുരാജ്യങ്ങളും തമ്മിൽ ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.
നൈജീരിയയിലെ പ്രധാന മേഖലകളിൽ 200-ലധികം ഇന്ത്യൻ കമ്പനികൾ 27 ബില്യൺ ഡോളറിലധികം നിക്ഷേപം നടത്തിയിട്ടുണ്ട്. അതേസമയം നൈജീരിയയിൽ നിന്നും പ്രധാമനമന്ത്രി ബ്രീസീലിലേക്കാണ് തിരിക്കുക. ബ്രസീലിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കും. ഇത് കഴിഞ്ഞ് ഗാനയും അദ്ദേഹം സന്ദർശിക്കും.
What's Your Reaction?