കേരളം ഇസ്ലാമിക തീവ്രവാദത്തിന്റെ വളര്‍ത്തു കേന്ദ്രമായി മാറി; രൂക്ഷ വിമര്‍ശനവുമായി ജെ പി നദ്ദ

May 8, 2022 - 01:45
 0
കേരളം ഇസ്ലാമിക തീവ്രവാദത്തിന്റെ വളര്‍ത്തു കേന്ദ്രമായി മാറി; രൂക്ഷ വിമര്‍ശനവുമായി ജെ പി നദ്ദ

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി(BJP) ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ(J P Nadda). കേരളം ഇസ്ലാമിക തീവ്രവാദത്തെ പുഷ്ടിപ്പെടുത്തുന്ന കേന്ദ്രമായി മാറിയെന്ന് അദ്ദേഹം വിമര്‍ശിച്ചു. പിണറായി വിജയന്‍ സര്‍ക്കാര്‍ എല്ലാവരോടും തുല്യമായി പെരുമാറുന്നു എന്നാണ് ഭാവിക്കുന്നത്. എന്നാല്‍ അവര്‍ ഇസ്ലാമിക ഭീകരവാദികളെ സഹായിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിലെ ജനസമൂഹം അസ്വസ്ഥമാണ്. മതങ്ങളുടെ ജനസംഖ്യയിലുണ്ടാകുന്ന മാറ്റങ്ങള്‍ ജനങ്ങളെ അസ്വസ്ഥരാക്കുന്നു. ക്രിസ്ത്യന്‍ സമൂഹം അതിന്റെ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്. അവര്‍ നാര്‍ക്കോട്ടിക് ജിഹാദിനെപ്പറ്റി പറയുന്നു. അവരുടെ അസ്വസ്ഥത പരിഹരിക്കാന്‍ വേണ്ടിയല്ല പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ജെപി നദ്ദ പറഞ്ഞു.

സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടിയും നദ്ദ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചു. കൂടുതല്‍ കൊലപാതകം മുഖ്യമന്ത്രിയുടെ നാട്ടിലാണെന്നും നദ്ദ ചൂണ്ടിക്കാട്ടി. 2016ല്‍ 55 കൊലപാതകങ്ങള്‍ നടന്നു. അതില്‍ 12ഉം മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ കണ്ണൂര്‍ ജില്ലയിലായിരുന്നു.

മൂന്നു വര്‍ഷങ്ങള്‍ക്കിടെ കേരളത്തില്‍ 1019 കൊലപാതകങ്ങള്‍ നടന്നു. 2020ല്‍ 308ഉം, 2021 ല്‍ 336ഉം, 2022ല്‍ 70ഉം അടക്കം എല്ലാം രാഷ്ട്രീയ കൊലപാതകങ്ങളാണെന്നും ശ്രീനിവാസന്റെയും സഞ്ജിത്തിന്റേയും കൊലപാതകങ്ങള്‍ സ്റ്റേറ്റ് സ്‌പോണ്‍സേഡ് ആണെന്നും നദ്ദ കുറ്റപ്പെടുത്തി.

പിണറായി സര്‍ക്കാര്‍ എല്ലാ രംഗത്തും പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ക്ക് നേരെയുള്ള, കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ക്രമസമാധാനം നശിപ്പിച്ച, അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow