ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് പാർട്ടി നേതൃത്വം. സംഘടനാ തെരഞ്ഞെടുപ്പ് നടത്തി പാർട്ടിയെ പുനരുജ്ജീവിപ്പിക്കണമെന്ന ഒരു വിഭാഗം നേതാക്കളുടെ ശക്തമായ ആവശ്യത്തിനൊടുവിൽ അധ്യക്ഷ തെരഞ്ഞെടുപ്പിൻ്റെ ഒരുക്കങ്ങളും പൂർത്തിയാക്കുകയാണ് കോൺഗ്രസ്. എന്നാൽ തെരഞ്ഞെടുപ്പിൻ്റെ വിശ്വാസ്തയതയും സുതാര്യതയും വർധിപ്പിക്കാനായി തെരഞ്ഞെടുപ്പ് നടപടികളിൽ ചില മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ് കോൺഗ്രസ്.
സെപ്റ്റംബർ 20 മുതൽ വോട്ടർ പട്ടിക തൻ്റെ ഓഫീസിൽ ലഭ്യമായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ശശി തരൂർ ഉൾപ്പെടെയുള്ള നേതാക്കളുടെ ആവശ്യത്തെ തുടർന്നാണ് തെരഞ്ഞെടുപ്പിൽ പുതിയ മാറ്റങ്ങൾ. അഞ്ച് കോൺഗ്രസ് നേതാക്കളുടെ ആവശ്യം അംഗീകരിക്കപ്പെട്ടതോടെ അധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പാർട്ടിയ്ക്കുള്ളിലെ പ്രധാന പ്രശ്നങ്ങളെല്ലാം അവസാനിച്ച മട്ടാണ്. എന്നാൽ വോട്ടവകാശമുള്ള ആർക്കും കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകണമെന്ന നേതാക്കളുടെ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ല. ആർക്കൊക്കെ വോട്ടവകാശമുണ്ടെന്നതു സംബന്ധിച്ച വിവരങ്ങളും പ്രവർത്തകർക്കോ പൊതുജനങ്ങൾക്കോ ലഭ്യമാകില്ല. സെപ്റ്റംബർ 22ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തു വരും. തുടർന്ന് സെപ്റ്റംബർ 24 മുതൽ 30 വരെ നാമനിർദേശപത്രിക സമർപ്പിക്കാൻ അവസരമുണ്ടാകും. ഒക്ടോബർ എട്ടിനാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. ഒരു സ്ഥാനാർഥി മാത്രമാണ് അവശേഷിക്കുന്നതെങ്കിൽ ഒക്ടോബർ എട്ടോടു കൂടി അടുത്ത അധ്യക്ഷൻ ആരെന്ന കാര്യത്തിൽ വ്യക്തത വരും. ഇല്ലെങ്കിൽ ഒക്ടോബർ 17ന് തെരഞ്ഞെടുപ്പ് നടക്കും. മത്സരിക്കാൻ ആഗ്രഹിക്കുന്നവർക്ക് പിസിസി ആസ്ഥാനത്തെത്തി അതതു സംസ്ഥാനങ്ങളിൽ നിന്നുള്ള വോട്ടർമാരുടെ പട്ടിക പരിശോധിക്കാമെന്നും പത്രിക സമർപ്പിക്കുന്ന മുറയ്ക്ക് ഇവർക്ക് സമ്പൂർണ പട്ടിക നൽകുമെന്നുമാണ് വിവരം. സംസ്ഥാനത്തു നിന്നുള്ള പട്ടിക പരിശോധിച്ച് പത്രികയിൽ പിന്താങ്ങേണ്ട 10 പേരെ കണ്ടെത്താമെന്നും വോട്ട് ചെയ്യുന്നത് ആരൊക്കെയാണെന്ന് അറിയാതെ പത്രിക സമർപ്പിക്കേണ്ടി വരുമെന്ന പ്രശ്നം ഇതോടെ അവസാനിക്കുമെന്നും മധുസൂദൻ മിസ്ത്രി വ്യക്തമാക്കി. സഹപ്രവർത്തകരുടെ സംശയം മാറിയെന്നു പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. നടപടിയിൽ ശശി തരൂർ തൃപ്തിയറിയിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, അധ്യക്ഷ തെരഞ്ഞെടുപ്പിന് എത്ര സ്ഥാനാർഥികൾ ഉണ്ടാകുമെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേയ്ക്ക് മത്സരം ഉണ്ടാകണമെന്നും അത് പാർട്ടിയ്ക്ക് ഗുണം ചെയ്യുമെന്നും തരൂർ വ്യക്തമാക്കി. മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നടപടികൾ അന്തിമഘട്ടത്തിലേയ്ക്ക് കടക്കുന്നത്.