'തോമസ് മാഷ് എല്‍.ഡി.എഫിനായി പ്രചാരണത്തിനിറങ്ങുമെന്ന് ചിന്തിക്കാന്‍ പോലുമാവുന്നില്ല' : ഉമാ തോമസ്
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ (Thrikkakara By-Election ) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.വി. തോമസ് (K.V Thomas) ഇടത് മുന്നണിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് ചിന്തിക്കാന്‍ പോലുമാവുന്നില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് (Uma Thomas)
'അര നൂറ്റാണ്ടിനടുത്ത് എറണാകുളം ജില്ലയിലെ പ്രമുഖനായൊരു നേതാവായിരുന്നു തോമസ് മാഷ്. അദ്ദേഹം ഇത്തരമൊരു തീരുമാനമെടുക്കുമെന്ന് എനിക്ക് ചിന്തിക്കാന്‍ പോലുമാവുന്നില്ല. അങ്ങനെയൊരു തീരുമാനം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. ഓരോ വ്യക്തിക്കും അവരുടേതായ രീതിയില്‍ ചിന്തിക്കാനുള്ള അവകാശമുണ്ട്. അത്രമാത്രമേ ചിന്തിക്കുന്നുള്ളൂ', ഉമ തോമസ് പറഞ്ഞു.
ഡോ. ജോ ജോസഫിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിലൂടെ മണ്ഡലത്തിലെ സഭാ വോട്ടുകള്‍ സമാഹരിക്കപ്പെടുമെന്ന ആശങ്കയില്ലെന്നും ഉമ തോമസ് പറഞ്ഞു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി തന്‍റെ ആത്മവിശ്വാസത്തില്‍ ഒരുതരത്തിലുമുള്ള കുറവുമുണ്ടാക്കിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. 'ഒരു തെരഞ്ഞെടുപ്പില്‍ ഒന്നിലധികം സ്ഥാനാര്‍ഥികള്‍ ആവശ്യമാണ്. അതാരാണെങ്കിലും അവര്‍ യോഗ്യരായിരിക്കുമല്ലോ. ആരായിരിക്കണം തങ്ങളെ പ്രതിനിധീകരിക്കേണ്ടതെന്ന തീരുമാനമെടുക്കേണ്ടത് തൃക്കാക്കരയിലെ ജനങ്ങളാണ്. തള്ളേണ്ടതും കൊള്ളേണ്ടതും ഏതെന്ന് അറിയാവുന്ന വോട്ടര്‍മാരാണ് തൃക്കാക്കരയിലേത്. പി.ടിയെ സ്‌നേഹിച്ച പ്രബുദ്ധരായ വോട്ടര്‍മാര്‍ എന്നെ തിരസ്‌കരിക്കില്ലെന്ന് ഉത്തമ വിശ്വാസമുണ്ട്', അവർ പറഞ്ഞു.
What's Your Reaction?