പ്രവീൺ റാണ അറസ്റ്റില്‍; നിക്ഷേപത്തട്ടിപ്പു കേസ് പ്രതി ഒളിവിൽ കഴിഞ്ഞത് കാഷായ വേഷത്തിൽ ഏറുമാടം കെട്ടി
സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീൺ റാണ അറസ്റ്റിൽ. ഇതര സംസ്ഥാനത്തും പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് പ്രവീൺ ഇന്ന് വൈകുന്നേരത്തോടെ കോയമ്പത്തൂരിൽ നിന്ന് കസ്റ്റഡിയിലാകുന്നത്. തൃശൂരിലെത്തിച്ച റാണയെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. രഹസ്യ കേന്ദ്രത്തിലാണ് ചോദ്യം ചെയ്യൽ.
പെരുമ്പാവൂർ സ്വദേശിയാണ് റാണയ്ക്ക് തമിഴ്നാട്ടിൽ ഒളിയിടം ഒരുക്കിയതെന്നാണു സൂചന. അതിഥി തൊഴിലാളിയുടെ ഫോണിൽനിന്നു റാണ വീട്ടുകാരെ വിളിച്ചതാണ് ഒളിയിടം കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്. ഇവിടെയെത്തിയ പൊലീസ് സംഘം ബലം പ്രയോഗിച്ചാണു റാണയെ കസ്റ്റഡിയിലെടുത്തത്.
കോയമ്പത്തൂരിനും പൊള്ളാച്ചിക്കും ഇടയിലെ ചെറുപട്ടണത്തിലായിരുന്നു പ്രവീൺ റാണയുടെ താമസം. ഏറുമാടം കെട്ടി അംഗരക്ഷകർക്കൊപ്പം കാഷായ വേഷത്തിൽ കഴിയുകയായിരുന്നു. കേസിൽ പ്രതിയായതോടെ ഈ മാസം ആറിനാണ് പ്രവീൺ റാണ സംസ്ഥാനം വിട്ടത്.
കഴിഞ്ഞ ദിവസം പൊലീസ് റാണയെ പിടികൂടുന്നതിനായി കൊച്ചി കടവന്ത്രയിലെ പങ്കാളിയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലെത്തിയെങ്കിലും സാഹസികമായി രക്ഷപെട്ടിരുന്നു. തൃശൂർ പൊലീസെത്തുമ്പോൾ റാണ ഫ്ലാറ്റിലുണ്ടായിരുന്നു. പരിശോധനകൾക്കായി പൊലീസ് മുകളിലേക്ക് കയറിയപ്പോഴാണ് റാണ മറ്റൊരു ലിഫ്റ്റിൽ രക്ഷപ്പെട്ടത്.
തൃശൂരിലെ സേഫ് ആന്റ് സ്‌ട്രോങ്ങ് മാർക്കറ്റിംഗ് കൺസൾട്ടൻസിയിലൂടെയാണ് പ്രവീണ് റാണ തട്ടിപ്പ് നടത്തിയത്. പ്രവീൺ റാണ നിക്ഷേപകരെ കബളിപ്പിച്ചു സ്വന്തമാക്കിയ 80 കോടിയോളം രൂപയുടെ കള്ളപ്പണം പുണെ, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് കടത്തിയെന്നാണ് സൂചന. ഇരയായ മുഴുവൻ നിക്ഷേപകരും പരാതി നൽകുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി 150 കോടി രൂപ കവിയാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം.
കള്ളപ്പണം ഒളിപ്പിക്കാനായി സിനിമയിലും പണം മുടക്കിയെന്നാണ് വിവരം. 2020 ൽ അനൻ എന്ന ചിത്രം നിർമിക്കുകയും ഇതിൽ കേന്ദ്രകഥാപാത്രമായി എത്തുകയും ചെയ്തിട്ടുണ്ട് പ്രവീൺ റാണ. 2022 ലെ ചോരൻ എന്ന സിനിമയും നിർമിച്ച് അതിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് പ്രവീൺ റാണയായിരുന്നു.
What's Your Reaction?