പ്രവീൺ റാണ 61 കോടി പിൻവലിച്ചെന്ന് സൂചന - Investment fraud accused praveen rana withdraws 61 crores from bank accounts
Investment fraud accused praveen rana withdraws 61 crores from bank accounts | 3 മാസത്തിനിടെ സ്വന്തം അക്കൗണ്ടിൽ നിന്നും സേഫ് ആൻഡ് സ്ട്രോങ് ചിട്ടിക്കമ്പനിയുടെ അക്കൗണ്ടിൽ നിന്നുമായി പ്രവീൺ റാണ 61 കോടി രൂപ പിൻവലിച്ചെന്നു പൊലീസിനു വിവരം ലഭിച്ചു.
3 മാസത്തിനിടെ സ്വന്തം അക്കൗണ്ടിൽ നിന്നും സേഫ് ആൻഡ് സ്ട്രോങ് ചിട്ടിക്കമ്പനിയുടെ അക്കൗണ്ടിൽ നിന്നുമായി പ്രവീൺ റാണ 61 കോടി രൂപ പിൻവലിച്ചെന്നു പൊലീസിനു വിവരം ലഭിച്ചു. നിക്ഷേപകർ പരാതിയുമായി പൊലീസിനെ സമീപിച്ചാൽ അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട് 10 ലക്ഷം മുതൽ ഒരു കോടി രൂപ വരെയുള്ള തുകകളായി പിൻവലിച്ച് പ്രവീൺ റാണ ബാങ്ക് അക്കൗണ്ട് ഏറെക്കുറെ ശൂന്യമാക്കിയെന്നാണു വിവരം. ബെനാമികളുടെയും ബിസിനസ് പങ്കാളികളുടെയും അക്കൗണ്ടുകളിലേക്കാണ് ഇതിലേറെത്തുകയും കൈമാറ്റം ചെയ്യപ്പെട്ടത്.
സേഫ് ആൻഡ് സ്ട്രോങ് എന്ന പേരിൽ പ്രവീൺ നടത്തിയിരുന്ന ചിട്ടിക്കമ്പനിയുടെ ലൈസൻസ് കഴിഞ്ഞ വർഷം റജിസ്ട്രാർ ഓഫ് കമ്പനീസ് റദ്ദാക്കിയതോടെയാണു കമ്പനി പൊളിയുന്ന സാഹചര്യം ഉടലെടുത്തത്. ലൈസൻസ് ഇല്ലാതായിട്ടും കമ്പനി പ്രവർത്തനം തുടരുന്നുവെന്നു കണ്ടതോടെ വെസ്റ്റ് പൊലീസ് കേസെടുത്തു. കമ്പനി അനധികൃതമായാണു പ്രവർത്തിക്കുന്നതെന്നു നിക്ഷേപകരിൽ പലരും തിരിച്ചറിഞ്ഞത് അങ്ങനെയാണ്. പണം ആവശ്യപ്പെട്ട് എത്തുന്ന നിക്ഷേപകരുടെ എണ്ണം കൂടിയതോടെയാണു പ്രവീൺ റാണ തന്റെയും കമ്പനിയുടെയും അക്കൗണ്ടുകളിൽ നിന്നു പണം പിൻവലിച്ചു തുടങ്ങിയത്.
മുംബൈയിലും പുണെയിലും ബെംഗളൂരുവിലുമുള്ള ഡാൻസ് ബാറുകളും മറ്റും തന്റെ സ്വന്തം ഉടമസ്ഥതയിൽ ഉള്ളവയാണെന്നാണ് പ്രവീൺ റാണ നിക്ഷേപകരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. ഇവയെല്ലാം വാടകയ്ക്കെടുത്തവയോ പാർട്ണർഷിപ്പിൽ പ്രവർത്തിക്കുന്നവയോ ആണ്. റാണ ഇതര സംസ്ഥാനങ്ങളിൽ നടത്തിയ നിക്ഷേപങ്ങളുടെ കണക്ക് പൊലീസ് പരിശോധിച്ചു തുടങ്ങിയിട്ടുണ്ട്. കൊച്ചിയിൽ പൊലീസിന്റെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ട ശേഷം റാണയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പിൽ പണം നഷ്ടമായവരിൽ പലരും പുറത്തുപറയാൻ മടിക്കുന്നുണ്ടെങ്കിലും ഇരുനൂറ്റൻപതോളം നിക്ഷേപകർ രംഗത്തെത്തിയിട്ടുണ്ട്. ഇവരിൽ നിന്നു മാത്രമായി ഏകദേശം 86 കോടി രൂപ പ്രവീൺ റാണ തട്ടിയെന്നാണു കണ്ടെത്തൽ. നാണക്കേട് മൂലവും പണം തിരിച്ചുകിട്ടില്ലെന്ന ഭീതി മൂലവും ഒട്ടേറെ നിക്ഷേപകർ മൗനം തുടരുന്നുണ്ട്. ഇവരുടെ കണക്കു കൂടിച്ചേരുമ്പോൾ തട്ടിപ്പിന്റെ വ്യാപ്തി 150 കോടി കടക്കുമെന്നാണു പ്രാഥമിക നിഗമനം.
നിക്ഷേപകർ ചേർന്നു രൂപീകരിച്ച കൂട്ടായ്മയുടെ കണക്കുപ്രകാരം മുന്നൂറോളം പേരാണ് തട്ടിപ്പിനിരയായ വിവരം തുറന്നുപറഞ്ഞിട്ടുള്ളത്. പണം തിരികെയാവശ്യപ്പെട്ടു കൂട്ടായ്മ ബഹളം കൂട്ടിയപ്പോൾ കഴിഞ്ഞ 26നു പ്രവീൺ റാണ ഇവരെ കൈപ്പിള്ളിയിലെ ‘റാണാസ് വില്ല’ എന്ന റിസോർട്ടിലേക്കു വിളിച്ചുവരുത്തി പണം മടക്കി നൽകുമെന്ന് ഉറപ്പു പറഞ്ഞിരുന്നു. എന്നാൽ, ചിട്ടിക്കമ്പനിയുടെ എംഡി സ്ഥാനം റാണ രാജിവച്ച വാർത്തയാണു പിറ്റേന്നു നിക്ഷേപകർ കേട്ടത്. പിന്നാലെ ഇയാൾ മുങ്ങുകയും ചെയ്തു.
ഇതിനിടെ, പ്രവീൺ റാണയ്ക്കെതിരായ പരാതികൾ പിൻവലിക്കാൻ തയാറായാൽ പണം തിരികെ നൽകാമെന്ന വാഗ്ദാനവുമായി ചില മധ്യസ്ഥർ നിക്ഷേപകരെ സമീപിച്ചു. എന്നാൽ, ആദ്യം പണം നൽകണമെന്നു നിക്ഷേപകർ പ്രതികരിച്ചു.
English Summary: Investment fraud accused praveen rana withdraws 61 crores from bank accounts
What's Your Reaction?