ഗ്രൂപ്പ് ചാംപ്യന്മാരായി ഇന്ത്യ; സെമിയിൽ ഇംഗ്ലണ്ട്; സിംബാബ്‌വെയെ 71 റൺസിന് തോൽപിച്ചു
ടി20 ലോകകപ്പിൽ സിംബാബ്‌വെയെ 71 റൺസിന് തോൽപിച്ച് ഇന്ത്യ ഗ്രൂപ്പ് ചാംപ്യന്മാരായി സെമിയിൽ പ്രവേശിച്ചു. സെമിയിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ.
ടി20 ലോകകപ്പിൽ സിംബാബ്‌വെയെ 71 റൺസിന് തോൽപിച്ച് ഇന്ത്യ ഗ്രൂപ്പ് ചാംപ്യന്മാരായി സെമിയിൽ പ്രവേശിച്ചു. സെമിയിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ന് രാവിലെ നെതർലൻഡ്സ് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയതോടെ തന്നെ ഇന്ത്യ സെമി ഉറപ്പാക്കിയിരുന്നു.
സൂപ്പര്‍ 12 ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ 187 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്‌വെ 17.2 ഓവറിൽ 115 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ഇന്ത്യക്കായി ആർ അശ്വിൻ മൂന്ന് വിക്കറ്റ് നേടി. മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റും ഭുവനേശ്വർ കുമാർ, അക്സർ പട്ടേൽ, അർഷദീപ് സിങ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് സൂര്യകുമാർ യാദവിന്റെയും കെ എല്‍ രാഹുലിന്റെയും അർധ സെഞ്ചുറിയാണ് മികച്ച സ്കോറിലെത്താൻ സഹായിച്ചത്.
കൂറ്റൻ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ സിംബാബ് വെക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. ആദ്യ പന്തിൽ തന്നെ ഓപ്പണർ വെസ്ലി മധ്വെരെയെ ഭുവനേശ്വർ കുമാർ പുറത്താക്കി. 22 പന്തിൽ 35 റൺസെടുത്ത റയാൻ ബേർളും 24 പന്തിൽ 34 റൺസെടുത്ത സിക്കന്തർ റാസയുമാണ് സിംബാബ് വെക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ക്യാപ്റ്റൻ ക്രെയ്ഗ് ഇർവിനെ 15 പന്തിൽ 13 റൺസ് നേടി.
നേരത്തെ സൂര്യകുമാർ യാദവ് പുറത്താകാതെ 25 പന്തിൽ നിന്ന് 61 റൺസെടുത്തിരുന്നു. അവസാന അഞ്ചോവറിൽ സിംബാബ് വെ ബൗളർമാരെ നിലംപരിശാക്കുന്ന പ്രകടനമാണ് സൂര്യകുമാർ പുറത്തെടുത്തത്. നാല് സിക്സുകളും ആറ് ഫോറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. സിംബാബ് വെക്കായി സീൻ വില്യംസ് രണ്ട് വിക്കറ്റ് നേടി. സിക്കന്തർ റാസ, ബ്ലെസ്സിംഗ് മസാകട്സ, റിച്ചാർഡ് ന്ഗാർവ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
നാലാം ഓവറിൽ തന്നെ രോഹിത്തിന്റെ വിക്കറ്റ് നഷ്ടമായി. 13 പന്തിൽ 15 റൺസായിരുന്നു രോഹിത്തിന്റെ സംഭാവന. മികച്ച ഫോമിൽ തുടരുന്ന വിരാട് കോഹ്ലി 25 പന്തിൽ 26 റൺസെടുത്ത് 12ാം ഓവറിൽ പുറത്തായി. തുടർന്നെത്തിയ സൂര്യകുമാർ രാഹുലിനൊപ്പം ചേർന്ന് സ്കോർ ഉയർത്താൻ ശ്രമിച്ചു. എന്നാൽ 13 ാം ഓവറിൽ അർധ സെഞ്ചുറിപിന്നിട്ടതിന് പിന്നാലെ കെ എൽ രാഹുലും പുറത്തായി. ദിനേശ് കാർത്തിക്കിന് പകരം ടീമിലെത്തിയ ഋഷഭ് പന്തിന്റേതായിരുന്നു അടുത്ത ഊഴം. എന്നാൽ 5 പന്തിൽ 3 റൺസുമായി പന്ത് വന്നയുടൻ പവലിയനിലേക്ക് മടങ്ങി. പിന്നീടെത്തിയ ഹാർദിക് പാണ്ഡ്യ 18 പന്തിൽ 18 റൺസെടുത്തു.
ഇന്ന് ആദ്യം നടന്ന മത്സരത്തിൽ നെതർലൻഡ്സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതോടെ ഇന്ത്യ സെമിഫൈനൽ ഉറപ്പിച്ചിരുന്നു. എന്നാൽ ഗ്രൂപ്പ് ചാംപ്യന്മാരാകാൻ ഈ മത്സരത്തിൽ ഇന്ത്യക്ക് ജയിക്കണമായിരുന്നു. അഡ്‌ലെയ്ഡിൽ പത്തിനാണ് ഇന്ത്യ- ഇംഗ്ലണ്ട് സെമി മത്സരം.
What's Your Reaction?