ജയസൂര്യയ്‌ക്കെതിരെ തൊടുപുഴ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്നുവന്ന ലൈംഗികാരോപണത്തില്‍ നടന്‍ ജയസൂര്യയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് തൊടുപുഴ പൊലീസ്. തിരുവനന്തപുരം കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പൊലീസിന് കൈമാറിയതോടെയാണ് നടപടി. നേരത്തെ കേസില്‍ പ്രത്യേക അന്വേഷണസംഘം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
2013ല്‍ തൊടുപുഴയില്‍ ജയസൂര്യ നായകനായ പിഗ്മാന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു ജയസൂര്യ ലൈംഗികാതിക്രമം നടത്തിയതെന്ന് പരാതിക്കാരി മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ അന്വേഷണ ചുമതലയുള്ള ഐജി ജി പൂങ്കുഴലിക്കാണ് പരാതിക്കാരി മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കരമന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അതേസമയം ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റ് ഭയന്ന് നടന്‍ ജയസൂര്യ ന്യൂയോര്‍ക്കിലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ന്യൂയോര്‍ക്കില്‍ നിന്നു കൊണ്ട് മുന്‍കൂര്‍ ജാമ്യം തേടാനും ജയസൂര്യ ശ്രമം തുടങ്ങിയിട്ടുണ്ട്. ‘കടമറ്റത്ത് കത്തനാര്‍’ എന്ന സിനിമയുടെ ഷൂട്ടിംഗിലാണ് ജയസൂര്യ ഇപ്പോള്‍.
ഏതാനും ദിവസം കൂടി ന്യൂയോര്‍ക്കില്‍ താമസിച്ച ശേഷം ദുബൈയിലേക്ക് പോകാനാണ് നടന്റെ പദ്ധതി എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓഗസ്റ്റ് 28നാണ് നടനെതിരെ ആദ്യം ലൈംഗിക പീഡന കേസ് രജിസ്റ്റര്‍ ചെയ്തത്. കൊച്ചി സ്വദേശിനിയായ നടിയാണ് ആദ്യം പരാതിയുമായി രംഗത്ത് വന്നത്.
What's Your Reaction?