SBI | ഭർത്താവ് മരിച്ച സ്ത്രീയുടെ 54 ലക്ഷത്തിന്റെ ഭവനവായ്പ എഴുതിത്തള്ളണം; എസ്ബിഐക്ക് കോടതി നിർദേശം
ഭർത്താവ് രൂപേഷ് റെഡ്ഡി മരിച്ചതിനെത്തുടർന്ന്, പ്രായപൂർത്തിയാകാത്ത കുട്ടികളും മാതാപിതാക്കളും ഉൾപ്പെടുന്ന കുടുംബത്തിന്റെയും ചെലവ് വഹിക്കാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ധരണി കമ്മീഷനെ സമീപിച്ചത്.
കോവിഡിനെത്തുടർന്ന് ഭർത്താവിനെ നഷ്ടപ്പെട്ട സ്ത്രീയുടെ ഭവനവായ്പ എഴുതിത്തള്ളാൻ എസ്ബിഐയോട് (SBI) കോടതി നിർദേശം. ബംഗളൂരുവിലെ ഉപഭോക്തൃ കോടതിയാണ് (consumer court) 54.09 ലക്ഷം രൂപയുടെ വായ്പ എഴുതിത്തള്ളാൻ ഉത്തരവിട്ടത്. കൂടാതെ, ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 20,000 രൂപ വ്യവഹാര ചെലവും നൽകാനും എസ്‌ബിഐയോട് കോടതി നിർദ്ദേശിച്ചു. ധരണി എന്ന 36 കാരിയാണ് വായ്പ എഴുതിത്തള്ളണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ബാങ്കിന്റെ അനാസ്ഥ മൂലം സാമ്പത്തികമായും മാനസികമായും താൻ ബുദ്ധിമുട്ടിലായെന്നും ധരണി പറഞ്ഞു. എസ്ബിഐ വൈറ്റ്ഫീൽഡ് ബ്രാഞ്ചിനെതിരെയാണ് പരാതി നൽകിയത്. എസ്‌ബിഐ വൈറ്റ്‌ഫീൽഡ് ബ്രാഞ്ചിന്റെ അനാസ്ഥയും അന്യായമായ പ്രവർത്തനവും തെളിഞ്ഞതായി കേസ് പരിഗണിച്ച കമ്മീഷൻ പറഞ്ഞു.
2021 മെയ് 20 ന് ഭർത്താവ് രൂപേഷ് റെഡ്ഡി മരിച്ചതിനെത്തുടർന്ന്, പ്രായപൂർത്തിയാകാത്ത കുട്ടികളും മാതാപിതാക്കളും ഉൾപ്പെടുന്ന കുടുംബത്തിന്റെയും ചെലവ് വഹിക്കാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ധരണി കമ്മീഷനെ സമീപിച്ചത്. ഭവന വായ്പാ ഇൻഷുറൻസിലായിരുന്നു ധരണിയുടെ പ്രതീക്ഷ. എന്നാൽ, വായ്പ എഴുതിത്തള്ളാൻ ബാങ്ക് വിസമ്മതിക്കുകയാണ് ചെയ്തത്.
അപേക്ഷയിൽ 'അതെ' എന്ന് ടിക്ക് ചെയ്ത് ഇൻഷുറൻസ് പോളിസി എടുക്കാൻ ആദ്യം സമ്മതിച്ചിരുന്നെങ്കിലും ധരണിയും ഭർത്താവും രേഖാമൂലമുള്ള സമ്മതം നൽകിയില്ലെന്നാണ് എസ്ബിഐ വാദിച്ചത്. അതിനാൽ എസ്ബിഐ ലൈഫ് ഇൻഷുറൻസ് കമ്പനിക്ക് പോളിസി നൽകാനായില്ല. പ്രീമിയം തുക നിശ്ചയിച്ച് അത് വാങ്ങിയിരുന്നെങ്കിലും എസ്ബിഐ ലൈഫ് ഇൻഷുറൻസിന് അത് അയച്ചില്ലെന്നും അതിനാൽ ധരണിക്കും ഭർത്താവിനും ലൈഫ് ഇൻഷുറൻസ് പരിരക്ഷ ലഭിച്ചിരുന്നില്ലെന്നും ബാങ്ക് വാദിച്ചു.
'എസ്‌ബിഐ ലൈഫ്-റിൻ രക്ഷ'യ്ക്ക് കീഴിലുള്ള ഹൗസിങ്ങ് ലോൺ ഇൻഷുറൻസിന് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി കമ്മീഷൻ ബാങ്കിന്റെ വാദങ്ങളൊന്നും മുഖവിലക്ക് എടുത്തില്ല. പ്രീമിയവും പലിശയും ഇഎംഐ ആയി അടക്കുകയും ചെയ്തിരുന്നു.
വായ്പ അനുവദിക്കുന്ന സമയത്ത് ഭവന വായ്പാ ഇൻഷുറൻസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത് ബാങ്കിന്റെ ചുമതലയാണെന്നും കമ്മീഷൻ പറഞ്ഞു. പകരം, ധരണിയെയും ഭർത്താവിനെയും അറിയിക്കാതെ എസ്ബിഐ അക്കൗണ്ട് ക്ലോസ് ചെയ്യുകയാണ് ഉണ്ടായത്.
2019-ൽ ബെംഗളൂരുവിൽ ഒരു ഫ്ലാറ്റ് വാങ്ങാനാണ് ദമ്പതികൾ 56.18 ലക്ഷം രൂപയുടെ എസ്ബിഐ-മാക്സ് ഗെയിൻ ഭവനവായ്പ എടുത്തത്.
ഈ വർഷം ജൂൺ മുതൽ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഭവനവായ്‌പ നിരക്കുകൾ ഉയർന്നിരുന്നു. ഇതോടെ എസ്ബിഐയുടെ ഇബിഎൽആർ നിരക്കുകൾ 40 ബേസിസ് പോയിന്റ് ഉയർന്ന് 7.05 ശതമാനമായി. റിപ്പോ-ലിങ്ക്ഡ് ലെൻഡിങ് നിരക്ക് (ആർഎൽഎൽആർ) 6.65 ശതമാനമായും പുതുക്കിയിരുന്നു. മെയ് മാസത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കുകൾ വർധിപ്പിച്ചതിനെ തുടർന്നാണ് എസ്ബിഐ ഭവന വായ്പാ നിരക്കുകളിൽ മാറ്റം വരുത്തിയത്. ഇതോടെ, എസ്ബിഐയുടെ ഭവന വായ്പ ഇഎംഐകളും വർധിച്ചു.
What's Your Reaction?