Chenab Rail Bridge | അഭിമാനനേട്ടം: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചെനാബ് റെയിൽവേ പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു
ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഒറ്റ കമാനം ഉള്ള റെയില്‍വേ പാലമാണിത്. ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരമുള്ള റെയില്‍വേ പാലം നിര്‍മ്മിച്ചത് മുംബൈ ആസ്ഥാനമായുള്ള അഫ്കോണ്‍സ് (afcons) എന്ന കമ്പനിയാണ്. 28,000 കോടി രൂപ ചെലവില്‍ പണിയുന്ന പാലം ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് (യുഎസ്ബിആര്‍എല്‍) പദ്ധതിയുടെ ഭാഗമാണ്.
പാലങ്ങളുടെ നിർമ്മാണം എല്ലായിപ്പോ ഴും ബുദ്ധിമുട്ടേറിയ കാര്യമാണ്. അതുകൊണ്ട് തന്നെ നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തില്‍ ഒരു പാലം നിര്‍മ്മിക്കുക എന്നത് വളരെ പ്രയാസകരമായ ഒന്നാണ്. എന്നാൽ പർവത താഴ്‌വരകൾക്കിടയിൽ ശക്തമായ കാറ്റ് വീശുന്ന പ്രദേശം കൂടിയായാലോ? ഇത് കൂടുതൽ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇക്കാരണത്താലാണ് ഇന്ത്യയിലെ ചെനാബ് റെയില്‍വേ പാലം (chenab rail bridge) ലോകശ്രദ്ധ നേടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഒറ്റ കമാനം ഉള്ള റെയില്‍വേ പാലമാണിത്. ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരമുള്ള റെയില്‍വേ പാലം നിര്‍മ്മിച്ചത് മുംബൈ ആസ്ഥാനമായുള്ള അഫ്കോണ്‍സ് (afcons) എന്ന കമ്പനിയാണ്. 28,000 കോടി രൂപ ചെലവില്‍ പണിയുന്ന പാലം ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് (യുഎസ്ബിആര്‍എല്‍) പദ്ധതിയുടെ ഭാഗമാണ്.
എന്നാല്‍, ഇത്തരമൊരു പാലം നിര്‍മ്മിക്കുന്നത് വളരെ അപകടകരമായ ജോലിയാണ്. ജീവന്‍ തന്നെ പണയപ്പെടുത്തി വേണം ഓരോ ജോലിയും ചെയ്യാന്‍. ശക്തമായ മഴയിലും വേനലിലും ഇത്ര ഉയരത്ത് നിന്ന് ജോലി ചെയ്യുന്നത് സങ്കല്‍പ്പിക്കാന്‍ പോലും പ്രയാസമായിരിക്കും. എന്നാല്‍ ഈ പ്രതിബന്ധങ്ങളെയെല്ലാം മറികടന്നാണ് അഫ്‌കോണ്‍സിന്റെ എഞ്ചിനിയര്‍മാര്‍ ജോലി പൂര്‍ത്തിയാക്കിയത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കേബിള്‍ ക്രെയിനിന്റെ (cable crane) സഹായത്തോടെയാണ് ഓരോ സെഗ്മെന്റുകളും സ്ഥാപിച്ചത്.
വെല്ലുവിളികള്‍:
കേബിള്‍ ക്രെയിന്‍: പാലം നിര്‍മ്മാണത്തിന്റെ നട്ടെല്ല് കേബിള്‍ ക്രെയിന്‍ ആണെന്ന് തന്നെ പറയാം. എന്നിരുന്നാലും, ശക്തമായ മഴ, കാറ്റ്, ഇടി, മിന്നല്‍ എന്നിവയെല്ലാം കേബിള്‍ ക്രെയിനിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. അതിനാല്‍ കൃത്യമായ ആസൂത്രണവും സമയബന്ധിതമായ പ്രവര്‍ത്തനങ്ങളും നടത്തേണ്ടി വന്നു.
സെഗ്മെന്റുകള്‍: പാലത്തിന്റെ ആര്‍ച്ച് സ്ഥാപിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഈ സമയങ്ങളില്‍ താപനിലയും കാറ്റിന്റെ ഗതിയും നിരീക്ഷിക്കേണ്ടത് നിര്‍ണായകമായിരുന്നു. താപനിലയിലെ വ്യതിയാനം ഒഴിവാക്കാന്‍ അതിരാവിലെ തന്നെ സര്‍വേകള്‍ നടത്തിയിരുന്നു. കാറ്റിന്റെ വേഗത സെക്കന്‍ഡില്‍ 15 മീറ്ററില്‍ കൂടുതലാണെങ്കില്‍ കമാനം സ്ഥാപിക്കാന്‍ കഴിയുമായിരുന്നില്ല.
കാലാവസ്ഥ: കാലാവസ്ഥ എന്തെന്ന് പ്രവചിക്കാന്‍ കഴിയാത്തതിനാല്‍ ഇത്രയും ഉയരത്തില്‍ ആര്‍ച്ച് സ്ഥാപിക്കുന്നത് അപകടം നിറഞ്ഞ ജോലിയായിരുന്നു. ധാരാളം സമയമെടുത്താണ് ഓരോ കമാനങ്ങളും ഉയര്‍ത്തുന്നത്. മതിയായ സുരക്ഷാ നടപടികളും സ്വീകരിക്കേണ്ടതുണ്ട്.
താല്‍ക്കാലിക ഘടനകള്‍: കമാനം സ്ഥാപിക്കുന്നതിനു പുറമെ, ബോള്‍ട്ടിംഗ്, ടോര്‍ക്കിംഗ് എന്നീ പ്രവര്‍ത്തനങ്ങള്‍ക്കും ധാരാളം സമയം വേണ്ടിവരും.
കാറ്റിനെതിരെ ഫ്രെയിം കൊണ്ടുപോകല്‍: നീളവും ഭാരവും കാരണം കാറ്റിനെതിരെ ഫ്രെയിം കൊണ്ടുപോകുന്നത് വെല്ലുവിളി നിറഞ്ഞ ജോലിയാണ്. പര്‍വ്വത പ്രദേശങ്ങളിലായതുകൊണ്ടുതന്നെ ഇത് അങ്ങേയറ്റം പ്രയാസകരമാണ്.
വിന്‍ഡ് ബ്രേസിംഗ് സ്ഥാപിക്കല്‍: കാറ്റിനെതിരെയുള്ള ഫ്രെയിമുകള്‍ സ്ഥാപിക്കുന്നതിന് മുമ്പ് മതിയായ സുരക്ഷാ നടപടികള്‍ സ്വീകരിക്കണം. മുന്‍കൂട്ടി ക്രമീകരണങ്ങള്‍ നടത്തി വെല്‍ഡിംഗ് നടത്തിയാണ് വിന്‍ഡ് ബ്രേസിംഗ് സ്ഥാപിക്കേണ്ടത്. കാറ്റുള്ള സാഹചര്യങ്ങളില്‍ ഇത് ബുദ്ധിമുട്ടുള്ള ജോലിയാണ്.
ആര്‍ച്ച് സെഗ്മെന്റുകളുടെ ട്രയല്‍: കമാനം സ്ഥാപിക്കുന്നതിന് മുമ്പ് ഭൂനിരപ്പിലെ സമ്മര്‍ദ്ദനില പരിശോധിക്കാറുണ്ട്. അതിനു മുമ്പ് ഗ്രൗണ്ടില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ അത് ചെയ്യാവുന്നതാണ്. കമാനം സ്ഥാപിച്ചതിനു ശേഷം മാറ്റങ്ങള്‍ വരുത്തുന്നത് വളരെ ബുദ്ധിമുട്ടുള്ളതും അപകടകരവുമായ ജോലിയാണ്.
ലിഫ്റ്റിംഗ് ക്രമീകരണം: സെഗ്മെന്റുകളുടെ ഭാരം കാരണം പ്രത്യേക ലിഫ്റ്റിംഗ് ക്രമീകരണങ്ങള്‍ ആവശ്യമായിരുന്നു.
HSFG ബോള്‍ട്ടുകളുടെ ടോര്‍ക്കിംഗ്: കമാനം സ്ഥാപിക്കുന്നതില്‍ ടോര്‍ക്കിംഗിന് പ്രധാന പങ്കുണ്ട്. ഇത്രയും ഉയരത്തില്‍ ടോര്‍ക്കിംഗിനുള്ള ഉപകരണങ്ങള്‍ മാറ്റുന്നത് വെല്ലുവിളി നിറഞ്ഞ ജോലിയാണ്. ഉയരങ്ങളില്‍ ജോലി ചെയ്യുന്നതിന് സുരക്ഷാ നടപടികള്‍ സ്വീകരിച്ച പ്രത്യേക ടീമുകളും പ്ലാറ്റ്ഫോമുകളും ആവശ്യമാണ്. ഇത്രയും ഉയരത്തില്‍ നിന്ന് എച്ച്എസ്എഫ്ജി ബോള്‍ട്ടുകള്‍ നദിയിലേക്ക് വീണാല്‍ കണ്ടെത്താന്‍ വളരെ പ്രയാസവുമാണ്.
സ്റ്റേ കേബിള്‍: കമാനം സ്ഥാപിക്കുന്നതില്‍ പ്രധാനപ്പെട്ട പങ്കാണ് സ്റ്റേ കേബിളുകള്‍ക്കുള്ളത്. താത്കാലിക ഉരുക്ക് തൂണുകളും താഴ്വരയുടെ ഇരുവശത്തുമുള്ള ഫൗണ്ടേഷനും ഉപയോഗിച്ച് കമാനം സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനാണ് സ്റ്റേ കേബിളുകള്‍ ഉപയോഗിക്കുന്നത്. അഫ്കോണ്‍സ് കമ്പനി ആദ്യമായാണ് ഇത്തരത്തിലൊരു കാര്യം ചെയ്യുന്നത്.
What's Your Reaction?