സർക്കാരിന് പുതിയ തലവേദന: വീണ്ടും ഫോൺ സംഭാഷണത്തിൽ കുടുങ്ങി മന്ത്രി എ കെ ശശീന്ദ്രൻ
വീണ്ടും ഫോൺ സംഭാഷണത്തിൽ എ കെ ശശീന്ദ്രൻ കുടുങ്ങുമ്പോൾ മന്ത്രി മാത്രമല്ല സർക്കാരും ഒപ്പം വെട്ടിലായി. രണ്ടാം പിണറായി സർക്കാർ രണ്ട് മാസം പിന്നിടുമ്പോഴാണ് പീഡനപരാതി തീർപ്പാക്കാൻ മന്ത്രി ഇടപെട്ടെന്ന ശബ്ദരേഖ പുറത്തുവരുന്നത്. വിഷയം മുഖ്യമന്ത്രി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് എത്തിയിട്ടുണ്ട്.
സ്ത്രീസുരക്ഷ വലിയ ചർച്ചയാകുകയും സ്ത്രീകളിൽ നിന്ന് പരാതി വീട്ടിലെത്തി സ്വീകരിക്കാൻ പുതിയ പദ്ധതിയുമൊക്കെ പ്രഖ്യാപിച്ച് സർക്കാർ മുന്നോട്ട് പോകുന്നതിനിടെയാണ് പീഡന പരാതി നല്ല നിലയിൽ തീർക്കണമെന്ന മന്ത്രി എ കെ ശശീന്ദ്രൻറെ ഫോൺ സംഭാഷണം പുറത്താകുന്നത്. പാർട്ടിയിലെ ആഭ്യന്തര പ്രശ്നം തീർക്കാനുള്ള ഇടപെടൽ എന്നാണ് മന്ത്രിയുടെ പ്രതിരോധം. എന്നാൽ പൊലീസ് കേസെടുക്കാൻ പോലും തയ്യാറാകുന്നില്ലെന്ന പരാതി ഉയർന്ന സംഭവത്തിലാണ് തീർപ്പാക്കാനുള്ള മന്ത്രിയുടെ ഇടപെടൽ എന്നത് സ്ഥിതി ഗുരുതരമാക്കുന്നു. നിയമസഭാ സമ്മേളനം മറ്റന്നാൾ തുടങ്ങാനിരിക്കെ പ്രതിപക്ഷം പ്രശ്നം ഏറ്റെടുത്തുകഴിഞ്ഞും
വിഷയത്തിൽ എൻസിപി ആദ്യം നിലപാടെടുക്കട്ടെയാണ് എന്നാണ് സിപിഎം നിലപാട്. സ്ത്രീപീഡന പരാതി തീർപ്പാക്കാൻ ഇടപെട്ടുവെന്നാണ് ആക്ഷേപം എന്നതിൻ്റെ ഗൗരവം സിപിഎമ്മിനുണ്ട്. നേരത്തെ 2017ൽ ഫോൺ വിവാദം ഉണ്ടായപ്പോൾ മുഖ്യമന്ത്രിയാണ് ശശീന്ദ്രനോട് രാജിയാവശ്യപ്പെട്ടത്. ജുഡീഷ്യൽ അന്വേഷണത്തിൽ ലഭിച്ച് ക്ലീൻ ചിറ്റ് കിട്ടുകയും പരാതിക്കാരി കേസിൽ നിന്നും പിന്മാറുകയും ചെയ്തതോടെ ശശീന്ദ്രൻ വീണ്ടും മന്ത്രിസഭയിൽ തിരിച്ചെത്തുകയായിരുന്നു.
What's Your Reaction?