ഡി കാറ്റഗറിയിൽ കടകൾ തുറക്കാൻ അനുവദിച്ചത് എന്തിന്? സ്ഥിതി ഗുരുതരമാക്കിയാൽ പ്രത്യാഘാതം നേരിടണം: സുപ്രീം കോടതി

Jul 20, 2021 - 18:02
 0
ഡി കാറ്റഗറിയിൽ കടകൾ തുറക്കാൻ അനുവദിച്ചത് എന്തിന്? സ്ഥിതി ഗുരുതരമാക്കിയാൽ പ്രത്യാഘാതം നേരിടണം: സുപ്രീം കോടതി

ബക്രീദ് പ്രമാണിച്ച് കൊവിഡ് നിയന്ത്രണങ്ങളിൽ മൂന്ന് ദിവസം ഇളവ് നൽകിയ കേരള സ‍‌ർക്കാർ നടപടിക്കെതിരെ രൂക്ഷവിമ‍ർശനവുമായി സുപ്രീംകോടതി. കേരളം ഭരണഘടനയുടെ 21 അനുചേദം അനുസരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.  കാൻവാർ കേസിൽ പറഞ്ഞതൊക്കെ കേരളത്തിനും ബാധകമാണ്.  ഇപ്പോഴത്തെ ഇളവുകൾ സ്ഥിതി ഗുരുതരമാക്കിയാൽ അതിന്റെ പ്രത്യാഘാതം കേരളം നേരിടേണ്ടിവരുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. സ‍ർക്കാർ നൽകിയ മൂന്ന് ദിവസത്തെ ഇളവുകൾ ഇന്ന് തീരുന്ന സ്ഥിതിക്ക് സർക്കാർ ഉത്തരവ് റദ്ദാക്കുന്നില്ലെന്നും നേരത്തെ  ഈ ഹർജി വന്നിരുന്നെങ്കിൽ അത് ചെയ്തേനേയെന്നും വ്യക്തമാക്കിയ കോടതി ഹർജി തീർപ്പാക്കി. ജസ്റ്റിസ് റോഹിംഗ്ടണ് നരിമാൻ, ജസ്റ്റിസ് ബിആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്. 

രാജ്യത്തേറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോ‍ർട്ട് ചെയ്യുന്ന കേരളത്തിൽ ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെ ചോദ്യം ചെയ്താണ് സുപ്രീംകോടതിയിൽ ഹ‍ർജി എത്തിയത്. ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുകൾ തള്ളി രാഷ്ട്രീയ ലക്ഷ്യത്തോടെ സര്‍ക്കാര്‍ നൽകിയ ഇളവുകൾ ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ദില്ലി സ്വദേശിയായ മലയാളി വ്യവസായിയാണ് ഹ‍ർജി നൽകിയത്. ഹ‍ർജിയിൽ വിശദമായ സത്യവാങ്മൂലം നൽകാൻ സുപ്രീംകോടതി ഇന്നലെ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. 

‌കൊവിഡ് കേസുകൾ കൂടുതലെന്ന് കേരളം തന്നെ സമ്മതിച്ചിട്ടുണ്ടെന്നും എന്നിട്ടും ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചത് ന്യായീകരിക്കാനാവാത്ത നടപടിയാണെന്നും കേരളം രാജ്യത്തെ തന്നെ അപകടത്തിലാക്കുകയാണെന്നും ഹ‍ർജിക്കാരൻ വാദിച്ചു. വ്യാപാരികളുടെ സമ്മർദഫലമായാണ് കടകൾ തുറക്കാൻ അനുമതി നൽകിയതെന്ന് കേരളം തന്നെ സമ്മതിക്കുന്നുണ്ടെന്നും ഹർ‌ജിക്കാരൻ ചൂണ്ടിക്കാട്ടി. 

കൊവിഡ് കേസുകൾ കൃത്യമായി നിരീക്ഷിച്ചാണ് ഇളവുകൾ നൽകുന്നതെന്ന് ഇന്ന് നടന്ന വാദത്തിൽ കേരള സർക്കാർ വ്യക്തമാക്കിയിരുന്നു. ടിപിആർ അനുസരിച്ച് മേഖലകൾ തിരിച്ചാണ് നിയന്ത്രണങ്ങൾ നടപ്പാക്കിയത്. കടകൾ തുറക്കാനുള്ള ഇളവുകൾ ജൂൺ 15 മുതലേ നൽകിയതാണ്
ഹർജിക്കാരൻ കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കേരളം വാദിച്ചു.

എന്നാൽ ഇളവുകൾ നേരത്തെ നൽകി എന്നത് ശരിയല്ലെന്ന് കേസ് പരി​ഗണിച്ച ജസ്റ്റിസ് റോഹിം​ഗ്ടൺ നരിമാൻ പറഞ്ഞു. ടെക്സ്റ്റൈൽ, ജ്വല്ലറി ഉൾപ്പടെയുള്ള കടകൾക്ക് നേരത്തെ ഇളവ് നൽകിയിരുന്നില്ല. എന്നാൽ മൂന്ന് ദിവസത്തെ ഇളവ് മാത്രമാണ് നൽകിയിരുന്നതെന്നും ഇളവുകൾ എല്ലാം ഇന്ന് തീരുമെന്നും കേരളം സുപ്രീംകോടതിയിൽ വാദിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow