വിജയമുറപ്പിച്ച് ‌മല്ലികാർജുൻ ഖർഗെ; ആയിരത്തിലേറെ വോട്ടു പിടിച്ച് ശശി തരൂർ

Oct 20, 2022 - 04:55
 0
വിജയമുറപ്പിച്ച് ‌മല്ലികാർജുൻ ഖർഗെ; ആയിരത്തിലേറെ വോട്ടു പിടിച്ച് ശശി തരൂർ

കോൺഗ്രസിനെ മല്ലികാർജൻ ഖർഗെ നയിക്കുമെന്ന് ഉറപ്പായി. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പിൽ ഖർഗെയ്ക്കു ലഭിച്ച വോട്ട് 8,000 പിന്നിട്ടതോടെയാണ് വിജയം ഉറപ്പായത്. എതിർ സ്ഥാനാർത്ഥി ശശി തരൂരിന് ഇതുവരെ 1060 വോട്ടു ലഭിച്ചിട്ടുണ്ട്. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. എന്നാൽ ഔദ്യോഗികമായി കോണ്‍ഗ്രസ് ഫലപ്രഖ്യാപനം നടത്തിയിട്ടില്ല.

രണ്ടര പതിറ്റാണ്ടോളം നീണ്ട ഇടവേളയ്ക്കു ശേഷം ഇതാദ്യമായാണ് നെഹ്റു കുടുംബത്തിനു പുറത്തുനിന്ന് കോൺഗ്രസിനെ നയിക്കാൻ പ്രസിഡന്റ് എത്തുന്നത്. നിഷ്പക്ഷ തെരഞ്ഞെടുപ്പ് എന്നതായിരുന്നു പ്രഖ്യാപനമെങ്കിലും, ഗാന്ധി കുടുംബത്തിന്റെയും ഔദ്യോഗിക പക്ഷത്തിന്റെയും പിന്തുണയുള്ളതിനാൽ ഖർഗെയുടെ വിജയം ഉറപ്പായിരുന്നു. കടുത്ത പോരാട്ടം കാഴ്ചവച്ച തരൂർ എത്ര വോട്ടു നേടുമെന്നു മാത്രമായിരുന്നു ആകാംക്ഷ.

സംഘടനാ രംഗത്തെ അനുഭവസമ്പത്ത് കൈമുതലാക്കിയാണ് കോൺഗ്രസിലെ തലമുതിർന്ന നേതാക്കളിലൊരാളായ എൺപതുകാരൻ ഖർഗെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തുന്നത്. സംസ്ഥാന നേതാക്കളുമായി ഉറച്ച ബന്ധം, ദലിത് മുഖം തുടങ്ങിയ ഘടകങ്ങളും ഖർഗെയ്ക്ക് തുണയായി.

അതേസമയം, വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ഗുരുതരമായ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് സ്ഥാനാർത്ഥികളിലൊരാളായ ശശി തരൂര്‍. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ അസ്വസ്ഥതയുണ്ടാക്കുന്ന വസ്തുതകള്‍ ഉണ്ടെന്ന് തരൂര്‍ ടീം ആരോപിച്ചു. യുപിയില്‍ നിന്നുള്ള വോട്ടുകള്‍ റദ്ദാക്കണമെന്നും തരൂര്‍ ടീം വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ആവശ്യപ്പെട്ടു.

'ഞങ്ങള്‍ മധുസൂദനന്‍ മിസ്ത്രിയുടെ ഓഫീസുമായി നിരന്തരം ആശയവിനിമയം നടത്തി, വിവിധ വിഷയങ്ങളെക്കുറിച്ച് അവരെ അറിയിച്ചിട്ടുണ്ട്, ഇപ്പോള്‍ അതിന്റെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കാനാകില്ല' തരൂരിന്റെ തെരഞ്ഞെടുപ്പ് ഏജന്റായ സല്‍മാന്‍ അനീസ് സോസ് പറഞ്ഞു.

അതേ സമയം യുപിയിലെ ക്രമക്കേട് സംബന്ധിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അറിയാമെന്നതിന് തങ്ങളുടെ പക്കല്‍ തെളിവില്ലെന്നും തരൂര്‍ മിസ്ത്രിക്കയച്ച കത്തില്‍ പറയുന്നുണ്ട്. അദ്ദേഹത്തിന് ഇത്തരമൊരു കാര്യം അറിയുമായിരുന്നെങ്കില്‍ ഖാര്‍ഗെ അതിന് ഒരിക്കലും അനുവദിക്കുമായിരുന്നില്ലെന്നും കത്തില്‍ പറയുന്നു. ബാലറ്റ് പെട്ടികളിലെ അനൗദ്യോഗിക മുദ്രകള്‍, പോളിംഗ് ബൂത്തുകളിലെ ഔദ്യോഗികകമല്ലാത്ത ആളുകളുടെ സാന്നിധ്യം, വോട്ടിംഗ് അപാകത തുടങ്ങിയ പ്രശ്നങ്ങളാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. തെളിവുകളായി ഇതിന്റെ ചിത്രങ്ങളും തരൂര്‍ ടീം കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും നീതിയുക്തവുമായി കണക്കാക്കാക്കാന്‍ തങ്ങള്‍ക്കാവില്ല. അതിനാല്‍ ഉത്തര്‍പ്രദേശിലെ എല്ലാ വോട്ടുകളും അസാധുവായി കണക്കാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും തരൂര്‍ ടീം വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow