മെദ്‌വദേവിനെ പരാജയപ്പെടുത്തി റാഫേല്‍ നദാല്‍ യുഎസ് ഓപ്പൺ ചാംപ്യൻ

Sep 9, 2019 - 13:30
 0
മെദ്‌വദേവിനെ പരാജയപ്പെടുത്തി റാഫേല്‍ നദാല്‍ യുഎസ് ഓപ്പൺ ചാംപ്യൻ

മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ യുഎസ് ഓപ്പൺ പുരുഷ വിഭാഗം സിഗിംൾസിൽ റാഫേൽ നദാൽ ചാംപ്യൻ. ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്‌വദേവിനെയാണ് നദാൽ പരാജയപ്പെടുത്തിയത്.

തുടക്കക്കാരന്റെ ആശങ്കകൾ ഒന്നുമില്ലാതെയാണ് റഷ്യയുടെ ഡാനിൽ മെദ്‌വദേവ് നദാലുമായി ഏറ്റുമുട്ടിയത്. അഞ്ച് സെറ്റുകൾ നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് നദാലിന്റെ വിജയം. സ്കോർ-7-5, 6-3, 5-7, 4-6, 6-4. ആദ്യ രണ്ട് സെറ്റും നദാൽ പിടിച്ചെടുത്തപ്പോൾ 5-7ന് മൂന്നാം സെറ്റ് റഷ്യന്‍ താരം നേടി. നാലാം സെറ്റും മെദ്‌വെദേവ് നേടിയതോടെ കളിയുടെ ഗതിമാറുമെന്ന് തോന്നിപ്പിച്ചെങ്കിലും നിർണായകമായ അഞ്ചാം സെറ്റ് സ്വന്തമാക്കി 19–ാം കിരീടത്തിലേക്ക് നദാൽ കുതിക്കുകയായിരുന്നു. നാലു മണിക്കൂറും 50 മിനിറ്റും നീണ്ടു നിൽക്കുന്നതായിരുന്നു ഫൈനൽ പോരാട്ടം.

യുഎസ് ഓപ്പണിൽ നാലാം തവണയാണ് നദാൽ ചാംപ്യനാകുന്നത്.  ഈ സീസണിലെ രണ്ടാം ഗ്രാൻസ്ലാം നേട്ടവുമാണിത്. ഇതോടെ നദാലിന്റെ ഗ്രാൻസ്ലാം നേട്ടം 19 ആയി. 20 കിരീടമുളള റോജര്‍ ഫെഡറര്‍ മാത്രമാണ് നദാലിന് മുന്‍പിലുള്ളത്. സെമിയിൽ ഇറ്റലിയുടെ മാറ്റിയോ ബെറെറ്റിനിയെ പരാജയപ്പെടുത്തിയാണ് നദാൽ ഫൈനലിൽ എത്തിയത്. നൊവാക് ജോക്കോവിച്ച്, റോജർ ഫെഡറർ തുടങ്ങിയ മുൻ ജേതാക്കൾ നേരത്തെതന്നെ പുറത്തായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow