എല്ലാ പൗരന്മാർക്കും ഡിജിറ്റൽ ആരോഗ്യ ഐഡി; ഡാറ്റാ സുരക്ഷ സർക്കാരിന്റെ ഉത്തരവാദിത്വമെന്നും പ്രധാനമന്ത്രി https://www.reporterlive.com/newsroom/pm-modi-launches-ayushman-bharat-digital-mission-60087
ന്യൂഡൽഹി: എല്ലാ ഇന്ത്യക്കാർക്കും ഡിജിറ്റൽ ആരോഗ്യ തിരിച്ചറിയല്‍ കാർഡ് നല്‍കുന്നതിനുള്ള ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. രാജ്യത്തെ ഡിജിറ്റൽ ആരോഗ്യ സംവിധാനങ്ങളെയെല്ലാം ബന്ധിപ്പിക്കാനും ഒറ്റ ക്ലിക്കിൽ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാകുന്നതിനും പദ്ധതി സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദേശീയ ആരോഗ്യ അതോറിറ്റി ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പദ്ധതി രാജ്യവ്യാപകമായി ആരംഭിക്കുന്നത്. 2020 -ലാണ് 74ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ പ്രഖ്യാപിച്ചത്. നിലവില്‍ ആറ് കേന്ദ്രഭരണ പ്രദേശങ്ങളിലാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിവരുന്നത്.
പൗരന്മാരുടെ രേഖാമൂലമുള്ള ആരോഗ്യ രേഖകള്‍ അവരുടെ സമ്മതത്തോടെ ഡിജിറ്റലായി ശേഖരിച്ച് സൂക്ഷിക്കാനും കൈമാറ്റം ചെയ്യാനും ഇതിലൂടെ സാധിക്കും. അതേസമയം, എല്ലാ പൗരന്മാരുടെയും ആരോഗ്യം സംബന്ധിച്ച രേഖകളുടെ സുരക്ഷ, രഹസ്യാത്മകത, സ്വകാര്യത എന്നിവ സർക്കാർ ഉറപ്പുവരുത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ജന്‍ധന്‍ അക്കൗണ്ട്, ആധാര്‍, മൊബൈല്‍ നമ്പർ എന്നിങ്ങനെ മൂന്നും ബന്ധിപ്പിച്ചുകൊണ്ട് സർക്കാരിന്റെ മറ്റ് ഡിജിറ്റല്‍ പദ്ധതികളുടെയും സഹായത്തോടെ വിവരങ്ങള്‍ ശേഖരിക്കാനും വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ ലഭ്യമാക്കാനും ചികിത്സ സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാനും കഴിയുമെന്നാണ് സര്‍ക്കാർ അറിയിക്കുന്നത്. അലോപ്പതിക്ക് പുറമെ ആയുര്‍വേദ, ഹോമിയോ, സിദ്ധ വൈദ്യശാലകളും ആരോഗ്യപ്രവര്‍ത്തകരും പദ്ധതിയുടെ ഭാഗമായിരിക്കും.
130 കോടി ആധാര്‍ രേഖകൾ, 118 കോടി മൊബൈൽ ഉപയോക്താക്കള്‍, ഇന്റർനെറ്റ് ഉപഭോക്താക്കളായ 80 കോടി പേർ, 43 കോടി ജൻധൻ ബാങ്ക് അക്കൗണ്ടുകൾ– ഇത്ര വലിയ ശൃഖലയെ ബന്ധിപ്പിക്കുന്ന ഒരു സംവിധാനം ലോകത്ത് മറ്റൊരിടത്തുമുണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പദ്ധതി ഫലപ്രാപ്തിയിലെത്തുന്നതോടെ മൊബൈൽ ആപ്പുവഴി ഒറ്റ ക്ലിക്കില്‍ വ്യക്തികള്‍ക്ക് അവരുടെ ആരോഗ്യ വിവരങ്ങൾ അറിയാം. രാജ്യത്തെ മധ്യവർഗ വിഭാഗത്തിന്റെയും പാവപ്പട്ടവരുടെയും ആരോഗ്യ- ചികിത്സാ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്ന പദ്ധതി രാജ്യത്തിന്റെ ആരോഗ്യ മേഖലയിൽ വിപ്ലവാത്മകമായ മാറ്റങ്ങളുണ്ടാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
What's Your Reaction?