ശബരിഗിരി, കക്കാട് അണക്കെട്ടുകളിൽ സിസി ‍ടിവി ക്യാമറകൾ കൺതുറന്നു

Jan 22, 2022 - 15:56
 0
ശബരിഗിരി, കക്കാട് അണക്കെട്ടുകളിൽ സിസി ‍ടിവി ക്യാമറകൾ കൺതുറന്നു
ആനത്തോട് അണക്കെട്ടിന്റെ മുന്നിലൂടെ നടന്നുപോകുന്ന പുലിയുടെ ചിത്രം കഴിഞ്ഞ ദിവസം സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞപ്പോൾ

ശബരിഗിരി, കക്കാട് ജല വൈദ്യുത പദ്ധതിയുടെ അണക്കെട്ടുകളിൽ സിസി ‍ടിവി ക്യാമറകൾ സ്ഥാപിച്ചു. പദ്ധതിയും സമീപ പ്രദേശങ്ങളും ഇനി ക്യാമറക്കണ്ണുകളിൽ സുരക്ഷിതം. ക്യാമറ സ്ഥാപിച്ച ആദ്യ ദിവസം തന്നെ ആനത്തോട് അണക്കെട്ടിന്റെ മുൻപിലൂടെ രാത്രി പുലി നടന്ന് പോകുന്ന ദൃശ്യം പതിഞ്ഞതും ശ്രദ്ധേയമായി. കക്കാട് പദ്ധതിയുടെ മൂഴിയാർ, ശബരിഗിരി പദ്ധതിയുടെ കക്കി, ആനത്തോട്, പമ്പ അണക്കെട്ടുകളിലാണു ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. കക്കിയിൽ 11നും, മറ്റ് അണക്കെട്ടുകളിൽ 12 വീതം ക്യാമറകളുമായാണ് ഉള്ളത്.

അണക്കെട്ടുകളുടെ സുരക്ഷാ ചുമതല വഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഔട്ട് പോസ്റ്റുകളിൽ സ്ഥാപിച്ചിട്ടുള്ള ടിവിയിൽ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ 24 മണിക്കൂറും നിരീക്ഷിക്കാനാകും. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. അണക്കെട്ട് സുരക്ഷാ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ പള്ളം കൺട്രോൾ ഓഫിസിലെ പ്രത്യേക വിഭാഗത്തിന്റെ അധീനതയിലാണ് സിസി ടിവികളുടെ പ്രവർത്തനം. സംസ്ഥാനത്തെ 16 അണക്കെട്ടുകളിൽ ഏകദേശം 15 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ലോക ബാങ്ക്, കേന്ദ്ര ജല വിഭവ കമ്മിഷൻ എന്നിവരുടെ ഡ്രിപ്പ് ഫണ്ടിൽ നിന്നാണ് ആവശ്യമായ തുക കണ്ടെത്തിയിരിക്കുന്നത്.

ക്യാമറകൾക്കു 5 വർഷത്തെ വാറണ്ടി ഉണ്ട്. 32 ജിബി ഡേറ്റ സൂക്ഷിക്കാനും 40 ദിവസത്തെ ഡേറ്റ ബാക്കപ്പ് ചെയ്യാനുമാകും. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് ക്യാമറകളുടെ കരാറുകാർ. മൂഴിയാറിൽ നിന്ന് 11 കെവി ടവറിലൂടെ ഏകദേശം 35 കിലോമീറ്ററോളം ബിഎസ്എൻഎൽ നെറ്റ്‌വർക്ക് കേബിൾ വലിച്ച് പമ്പയിൽ എത്തിച്ചാണ് ക്യാമറകളുമായി ബന്ധിച്ചിരിക്കുന്നത് മൂഴിയാർ–ഗവി റൂട്ടിലാണ് എല്ലാ അണക്കെട്ടുകളും സ്ഥിതി ചെയ്യുന്നത്. ഇനി മുതൽ ഗവി റൂട്ടിൽ എത്തുന്ന എല്ലാ വിനോദ സഞ്ചാരികളും ക്യാമറ നിരീക്ഷണത്തിലാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow