കുടുതൽ വരുമാനം ലഭിച്ച സർവീസ് ഫാസ്റ്റ് ആക്കി; വരുമാനത്തിൽ 6000 രൂപ കുറവ്, ഇനി നിർത്തലാക്കും
കെഎസ്ആർടിസി പത്തനംതിട്ട-കൊല്ലം ചെയിൻ അട്ടിമറിക്കുന്നു. വരുമാനം കൂടിയ ഓർഡിനറി സർവീസ് ഫാസ്റ്റ് ആക്കിയപ്പോൾ പ്രതിദിന വരുമാനത്തിൽ 6000 രൂപയുടെ കുറവ്. അതിന്റെ പേരിൽ സർവീസ് നിർത്തലാക്കാൻ നീക്കമെന്ന് ജീവനക്കാരും യാത്രക്കാരും.
കെഎസ്ആർടിസി പത്തനംതിട്ട-കൊല്ലം ചെയിൻ അട്ടിമറിക്കുന്നു. വരുമാനം കൂടിയ ഓർഡിനറി സർവീസ് ഫാസ്റ്റ് ആക്കിയപ്പോൾ പ്രതിദിന വരുമാനത്തിൽ 6000 രൂപയുടെ കുറവ്. അതിന്റെ പേരിൽ സർവീസ് നിർത്തലാക്കാൻ നീക്കമെന്ന് ജീവനക്കാരും യാത്രക്കാരും.കെഎസ്ആർടിസി പത്തനംതിട്ട ഡിപ്പോയിൽ നിന്ന് രാവിലെ 5.20ന് ഉള്ള കൊല്ലം ചെയിൻ ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പായി സർവീസ് നടത്തിയപ്പോൾ പ്രതിദിനം 22,000 രൂപയിൽ കുറയാതെ ലഭിക്കുമായിരുന്നു.
ഫാസ്റ്റ് പാസഞ്ചർ ആക്കിയപ്പോൾ പരമാവധി വരുമാനം 16,000 രൂപ മാത്രം. ജില്ലയിൽ ഓർഡിനറി സർവീസിൽ ഏറ്റവും കുടുതൽ വരുമാനം ലഭിച്ച സർവീസാണിത്. പത്തനംതിട്ട-കൊല്ലം റൂട്ടിൽ ദിവസം മൂന്ന് ട്രിപ്പ് ഉണ്ടായിരുന്നു. കൊല്ലത്തു നിന്നു പത്തനംതിട്ടയ്ക്കുള്ള അവസാന ബസും ഇതായിരുന്നു.
കൂടുതൽ വരുമാനം ലഭിച്ചതോടെ അത് അട്ടിമറിക്കാനുള്ള നീക്കവും സജീവമാക്കി. അതിന്റെ ഭാഗമായി 4 മാസം മുൻപ് ഇത് ഫാസ്റ്റ് പാസഞ്ചറാക്കി. ഓർഡിനറിയായി ഓടിയിരുന്ന അതേ റൂട്ടിൽ അതേ സമയത്ത് ഓടിത്തുടങ്ങി. ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് എടുക്കുന്ന സമയം തന്നെയാണ് ഫാസ്റ്റിനും വേണ്ടിവന്നത്. ബസ് ചാർജ് കൂടുതലും. കൊല്ലത്തെ കശുവണ്ടി തൊഴിലാളികളിൽ നല്ലൊരു ഭാഗവും ഈ ബസിലായിരുന്നു യാത്ര. ഫാസ്റ്റ് പാസഞ്ചർ ആയതോടെ ചെറിയ ദൂരത്തേക്കുള്ള യാത്രക്കാർ കയറാതെ വന്നതാണ് വരുമാനം കുറയാൻ കാരണം.
കെഎസ്ആർടിസിയെ നന്നാക്കാനല്ല തകർക്കാനാണ് ഈ പരിഷ്കാരം കൊണ്ടുവന്നതെന്നാണ് ജീവനക്കാരും യാത്രക്കാരും പറയുന്നത്. വരുമാനം കുറഞ്ഞതിന്റെ പേരിൽ ഫാസ്റ്റ് നിർത്തലാക്കാനാണ് ഇപ്പോഴത്തെ നീക്കം. ഇത് പത്തനംതിട്ട-കൊല്ലം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളെ സഹായിക്കാൻ വേണ്ടിയാണെന്നും അവർ പറയുന്നു.
What's Your Reaction?