അഞ്ച് വര്‍ഷംകൊണ്ട് നിര്‍മ്മിച്ചത് രണ്ടു ലക്ഷത്തില്‍ താഴെ വീടുകള്‍; സംസ്ഥാനത്ത് ഭവന നിര്‍മ്മാണ പദ്ധതികള്‍ പൂര്‍ണമായും നിലച്ചെന്ന് പ്രതിപക്ഷ നേതാവ്
വിവിധ ഭവന നിര്‍മ്മാണ പദ്ധതികള്‍ സമന്വയിപ്പിച്ച് ലൈഫ് മിഷന് (Life mission)കീഴിലാക്കിയതോടെ സംസ്ഥാനത്ത് ഭവന നിര്‍മ്മാണ പദ്ധതികള്‍ പൂര്‍ണമായും നിലച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍( vd satheeasan).
വിവിധ ഭവന നിര്‍മ്മാണ പദ്ധതികള്‍ സമന്വയിപ്പിച്ച് ലൈഫ് മിഷന്കീ ഴിലാക്കിയതോടെ സംസ്ഥാനത്ത് ഭവന നിര്‍മ്മാണ പദ്ധതികള്‍ പൂര്‍ണമായും നിലച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
അപേക്ഷിക്കുമ്പോള്‍ തന്നെ ഗുണഭോക്താക്കളെ പുറത്താക്കുന്ന വിചിത്രമായ പദ്ധതിയായി ലൈഫ് മിഷന്‍ മാറിയിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2011 മുതല്‍ 2016 വരെ നാലു ലക്ഷത്തിമുപ്പത്തിനാലായിരം വീടുകളാണ് നിര്‍മ്മിച്ചു നല്‍കിയത്.
2016 മുതല്‍ 2021 വരെ പിണറായി സര്‍ക്കാരിന് രണ്ടു ലക്ഷത്തില്‍ താഴെ വീടുകള്‍ മാത്രമാണ് പൂര്‍ത്തിയാക്കാനായത്. ലക്ഷ്യമിട്ടതിന്റെ പകുതി വീടുകള്‍ പോലും നിര്‍മ്മിച്ചു നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. സംസ്ഥാനത്തെ ഭൂരഹിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ലൈഫ് പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ 9 ലക്ഷം അപേക്ഷകരില്‍ നിന്നും ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഒന്നര വര്‍ഷമായിട്ടും പ്രസിദ്ധീകരിക്കാത്തതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് ഭവനരഹിതര്‍ക്കുണ്ടായ ആശങ്ക ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പി.കെ ബഷീര്‍ നല്‍കിയ അടിയന്തിരപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ വാക്കൗട്ടിന് മുന്നോടിയായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഞ്ച് വര്‍ഷം കൊണ്ട് ലൈഫ് പദ്ധതിയിലൂടെ അഞ്ച് ലക്ഷത്തിലധികം വീടുകള്‍ നര്‍മ്മിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ രണ്ടു ലക്ഷത്തില്‍ താഴെ വീടുകള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 3074 വീടുകള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയതെന്ന മന്ത്രി എം.വി ഗോവിന്ദന്റെ പരാമര്‍ശം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇന്ദിരാ ആവാസ് യോജന ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പ്രകാരം 2011 മുതല്‍ 2016 വരെ യു.ഡി.എഫ് സര്‍ക്കാര്‍ നാലുലക്ഷത്തി മുപ്പത്തി നാലായിരം വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെന്ന് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മന്ത്രി കെ.ടി ജലീല്‍ നിയമസഭയില്‍ മറുപടി നല്‍കിയിട്ടുണ്ട്.
വസ്തുത ഇതായിരിക്കെ 3074 വീടുകള്‍ മാത്രമാണ് നിര്‍മ്മിച്ചതെന്ന് ഒരു മന്ത്രി നിയമസഭയില്‍ പറയുന്നത് അപഹാസ്യമാണ്. ഇതു പോലുള്ള കള്ളക്കണക്ക് തന്നതിന് ഉദ്യോഗസ്ഥരോട് മന്ത്രി വിശദീകരണം ചോദിക്കണം. ഭവനരഹിതര്‍ക്ക് വീട് വച്ചു നല്‍കിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആരോടും പറഞ്ഞു നടന്നിട്ടില്ല. എന്നാല്‍ നിങ്ങള്‍ ഇത് കൊട്ടിഘോഷിച്ച് ആഘോഷമാക്കി നവകേരള സ്വപ്നം എന്നൊക്കെ പറഞ്ഞ് വലിയ സംഭവമാക്കി മാറ്റുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്ന പദ്ധതിയായി ലൈഫ് മിഷന്‍ മാറിയിരിക്കുകയാണ്. ഇത് അധികാര വികേന്ദ്രീകരണത്തിന് എതിരാണ്. വീടുകളുടെ സര്‍വെ ഉള്‍പ്പെടെ നിങ്ങള്‍ നടത്തി ഗ്രാമസഭകളില്‍ ലിസ്റ്റ് വായിക്കുക മാത്രമാണ് ചെയ്യുന്നത്. എന്നിട്ട് ഗുണഭോക്താക്കളെ ഗ്രാമസഭകള്‍ തീരുമാനിച്ചെന്നാണ് പറയുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് പ്രഖ്യാപിച്ച ഭവന നിര്‍മ്മാണ പദ്ധതി രണ്ടു മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം.
2020 സെപ്തംബറില്‍ ഗുണഭോക്താക്കളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ 17 മാസം വൈകി 2022 ഫെബ്രുവരിയില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് ഇപ്പോള്‍ മന്ത്രി പറയുന്നത്. ഇരുപത് മാസത്തോളം സംസ്ഥാനത്ത് ഭവന നിര്‍മ്മാണ പദ്ധതികള്‍ സ്തംഭനാവസ്ഥയില്‍ തുടരുമെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
ഭവനനിര്‍മ്മാണ പദ്ധതികളില്‍ മനപൂര്‍വമായ കാലതാമസം വരുത്തി സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് സര്‍ക്കാര്‍ മറപിടിക്കുകയാണ്. ഒന്‍പതു ലക്ഷം അപേക്ഷകരില്‍ റേഷന്‍ കാര്‍ഡില്ലാത്തവരെ പുറത്താക്കിയിരിക്കുകയാണ്. സ്വന്തമായി വീടില്ലാത്തവര്‍ക്ക് എവിടെ നിന്ന് റേഷന്‍ കാര്‍ഡ് ലഭിക്കും? സങ്കീര്‍ണമായ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി ഗുണഭോക്താക്കളുടെ എണ്ണം വെട്ടിച്ചുരുക്കി നാലുലക്ഷം കുടുംബങ്ങളെ സവെയുടെ ഘട്ടത്തില്‍ തന്നെ പുറത്താക്കി. ലൈഫ് മിഷന്‍ വന്നതോടെ വീടുകളുടെ അറ്റകുറ്റ പണികള്‍ക്കുള്ള ധനസഹായം പോലും നിലച്ചു.
ലൈഫ് മിഷന് പ്രദേശിക വിഭവ സമാഹരണം നടത്തുമെന്ന് പ്രഖ്യപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. ദുബായില്‍ നിന്നും എത്തിയ 20 കോടി എങ്ങോട്ടാണ് പോയതെന്നു നാം കണ്ടതാണ്. പ്രദേശിക സര്‍ക്കാരുകള്‍ക്കു മീതെ അനാവശ്യ സാമ്പത്തിക ബാധ്യത ഉണ്ടാക്കുകയും അധികാരങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്നതു കൊണ്ടാണ് ലൈഫ് പദ്ധതി യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ നിര്‍ത്താലാക്കുമെന്നു പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി
What's Your Reaction?